ദക്ഷിണേന്ത്യയിലെ ഭാഷാ സ്ഥാപനങ്ങള്‍
ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിച്ച് വരുന്നതോടെ വലിയൊരു തൊഴില്‍ മേഖലയാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടാന്‍ പോവുന്നത്. ഭാഷാ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം, ഭാഷാ സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ്, ഇതര ഭാഷകളില്‍ നിന്നുള്ള സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്‍ (പ്രാദേശികവല്‍ക്കരണം), ഫോണ്ട് നിര്‍മ്മാണം, ലാംഗ്വേജ് ടെക്ക് റൈറ്റിംഗ് (ഭാഷാ സാങ്കേതിക രചന) തുടങ്ങി ഒട്ടേറെ അവസരങ്ങളാണ് ഭാഷാ കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം നേടിയവരെ കാത്തിരിക്കുന്നത്.
ജോലി സാധ്യതകള്‍ അനേകമുണ്ടെങ്കിലും അവയ്ക്ക് വേണ്ട പ്രാവീണ്യം എവിടെ നിന്ന് നേടിയെടുക്കുമെന്നത് വിദ്യാര്‍ത്ഥികളെ കുഴയ്ക്കുന്നൊരു ചോദ്യമാണ്. മിക്ക സര്‍വകലാശാലകളിലും ഭാഷാപഠന വകുപ്പുകള്‍ ഉണ്ടെങ്കിലും മികച്ച ഉപരിപഠനത്തിനുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് ആരായുക സ്വാഭാവികം. ദക്ഷിണേന്ത്യയില്‍ ഭാഷാ കമ്പ്യൂട്ടിംഗിന് താങ്ങും തണലുമായി വര്‍ത്തിക്കുന്ന രണ്ട് ഗവേഷണ സ്ഥാപനങ്ങളെ പരിചയപ്പെടാം.
ആന്ധ്രാപ്രദേശിലെ ദ്രാവിഡ സര്‍വകലാശാല ലോകഭാഷാ സമൂഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദ്രാവിഡ ഭാഷാ കുടുംബം. ഈ കുടുംബത്തില്‍ ഇരുപത്തേഴോളം അറിയപ്പെടുന്ന ഭാഷകളുണ്ട്. ദ്രാവിഡ ഭാഷാ കുടുംബം കാലാന്തരത്തില്‍ പല തായ്‌വഴികളായി പിരിയുകയും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകള്‍ മറ്റുള്ളവയേക്കാള്‍ പുരോഗതി പ്രാപിക്കുകയും ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദ്രാവിഡിയന്‍ സമൂഹത്തിലെ ഒന്നായിനിന്നിരുന്ന ജനങ്ങള്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഗണങ്ങളായി പിരിഞ്ഞു. ഈ അവസ്ഥയില്‍, ഇവയുടെ പൊതു സ്വഭാവങ്ങള്‍ കണ്ടെത്തുന്നതിനും, സവിശേഷതകളും, ലക്‌ഷ്യങ്ങളും നേടിയെടുക്കുന്നതിനും ദ്രാവിഡ സംസ്കാര സമന്വയം ആവശ്യമായി തീര്‍ന്നു. ഈ ലക്‌ഷ്യം മുന്നില്‍ കണ്ടാണ് ദ്രവീഡിയന്‍ യൂണിവേഴ്സിറ്റി (ദ്രാവിഡ സര്‍വകലാശാല) സ്ഥാപിതമായത്.
ആന്ധ്രാപ്രദേശിലെ ‘കുപ്പം’ എന്ന് വിളിക്കുന്ന സ്ഥലത്താണ് ദ്രവീഡിയന്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. 1997 ല്‍ ആണിത് സ്ഥാപിതമായത്. ആന്ധ്രാപ്രദേശ് ഗവര്‍മെന്റിന്റെ കീഴിലാണ് ഈ സര്‍വകലാശാല നിലവില്‍ വന്നതെങ്കിലും കേരളം, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ സഹായസഹകരണങ്ങള്‍ ഇതിനുണ്ടായിരുന്നു.
പതിറ്റാണ്ടുകാലമായി ദ്രാവിഡ സര്‍വകലാശാല ശ്രമിച്ചുകൊണ്ടിരിക്കുന്നത് ദ്രാവിഡ ഭാഷകളിലെ പൊതുവായ സ്വഭാവ സവിശേഷതകള്‍, സാഹിത്യം, ചരിത്രസംബന്ധിയായ കാര്യങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ്. സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയാണ് ദ്രാവിഡ ഭാഷാ കുടുംബത്തിലെ മിക്ക ഭാഷകളും മങ്ങിപ്പോവാന്‍ ഇടയാക്കിയത്. തുളു അത്തരത്തിലുള്ള ഒരു ഭാഷയാണ്. ഇവയ്ക്ക് അച്ചടി സംസ്കാരമില്ല. വായ്മൊഴിയായി പറഞ്ഞു വന്നതാണ്. ആദ്യമായി ദ്രാവിഡ സര്‍വകലാശാലയിലാണ് തുളു ഭാഷാ പഠനം നിലവില്‍ വന്നത്. ഇങ്ങനെ ക്ഷയിച്ചുപോവുന്ന ദ്രാവിഡ ഭാഷാ സംസ്കാരത്തെ തിരിച്ചുപിടിക്കലും നിലനില്‍ക്കുന്നവയെ ശക്തിപ്പെടുത്തലുമാണ് ഈ സര്‍വകലാശാലയുടെ പ്രഖ്യാപിത ലക്‌ഷ്യങ്ങള്‍.
ഈ യൂണിവേഴ്സിറ്റി ദ്രാവിഡ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും ഈ സര്‍വകലാശാല ഫെല്ലോഷിപ്പുകളും, സ്കോളര്‍ഷിപ്പുകളും നല്‍കി വരുന്നുണ്ട്. ദ്രാവിഡ സംസ്കാരത്തിനെ കുറിച്ചറിയാന്‍ ശ്രമിക്കുന്ന വിദേശീയരും ഫെല്ലോഷിപ്പുകള്‍ക്ക് അര്‍ഹരാണ്. ദ്രാവിഡ ഭാഷകള്‍ക്കും ദ്രാവിഡ സംസ്കാരത്തിനും മാത്രമായി നിലകൊള്ളുന്ന ഈ സര്‍വകലാശാലയില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സിനായി പ്രത്യേക വകുപ്പുണ്ട്. ഇവിടെ ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്.
ഈ സര്‍വകലാശാലയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദ്രവീഡിയന്‍യൂണിവേഴ്സിറ്റി ഡോട്ട് എസി ഡോട്ട് ഐഎന്‍ (www.dravidianuniversity.ac.in) സൈറ്റ് സന്ദര്‍ശിക്കുക.
മൈസൂരിലെ സിഐഐഎല്‍ ഇന്ത്യന്‍ ഭാഷകളുടെ വികസനത്തിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ്. ഇന്ത്യന്‍ ഭാഷകളില്‍ നടത്തുന്ന ശാസ്ത്രീയ പഠനങ്ങളിലൂടെ രാഷ്ട്രസമഗ്രത, ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ ഭാഷകള്‍ക്ക് പ്രചോദനം, ഭാഷകളുടെ പരസ്പരൈക്യത്തിനായുള്ള സംഭാവന, ഭാഷാ പഠനങ്ങളിലൂടെ ഇന്ത്യന്‍ ജനതയുടെ വൈകാരികൈക്യം എന്നീ ലക്‌ഷ്യങ്ങള്‍ക്കായാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.
ഇവയല്ലാതെ, മറ്റ് ചില പ്രധാനപ്പെട്ട ചുമതലകള്‍ കൂടി ഈ സ്ഥാപനത്തിനുണ്ട്. ഭാഷാപരമായ കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഉപദേശിക്കുകയും സഹായിക്കുകയുമാണ് ഈ ചുമതലകളില്‍ ആദ്യത്തേത്. ഉള്ളടക്കവും കോര്‍പ്പസും വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഭാഷകളുടെ വികസനത്തിന് വഴിയൊരുക്കല്‍ മറ്റൊരു ചുമതലയാണ്. ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ഭാഷകള്‍ സംരക്ഷിക്കുകയും രേഖപ്പെടുത്തി വയ്ക്കുക, 15 ഇന്ത്യന്‍ ഭാഷകളും ഈ ഭാഷകള്‍ അറിയാത്തവരെ പഠിപ്പിക്കുക വഴി ഭാഷാപരമായ ഐക്യത്തിനായി ശ്രമിക്കുക എന്നിവയും ഈ സ്ഥാപനത്തിന്റെ ചുമതലകള്‍ തന്നെ.
പല സെന്ററുകളായാണ് ഇവിടെ ഭാഷാ പഠനം നടക്കുന്നത്. ഭാഷാ കമ്പ്യൂട്ടിംഗിനായുള്ള സെന്റര്‍, ഭാഷാ ആസൂത്രണത്തിനും വികസനത്തിനുമായുള്ള സെന്റര്‍, ക്രിയാത്മക രചനയ്ക്കും ലെക്സിക്കോഗ്രാഫിക്കുമായുള്ള സെന്റര്‍, ടെസ്റ്റിംഗിനും മൂല്യനിര്‍ണയത്തിനുമായുള്ള സെന്റര്‍, മൊഴിമാറ്റത്തിനും പുസ്തക പ്രൊമോഷനുമായുള്ള സെന്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട ചില സെന്ററുകള്‍. ദ്വിഭാഷാ നിഘണ്ടു, ഫൊണെറ്റിക് നിഘണ്ടു, സമാനാര്‍ത്ഥകോശം, ബഹുഭാഷാ നിഘണ്ടു, സാങ്കേതിക പദാവലി, വേഡ് ഫൈന്‍ഡര്‍ എന്ന് തുടങ്ങി ഭാഷാ കമ്പ്യൂട്ടിംഗിന് ആവശ്യമുള്ള എല്ലാം ഈ സ്ഥാപനം വികസിപ്പിച്ചെടുക്കുന്നുണ്ട്. കേന്ദ്ര മാനുഷിക വിഭവവകുപ്പിന്റെ കീഴിലാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സിഐഐഎല്‍ ഡോട്ട് ഓര്‍ഗ് (www.ciil.org) എന്ന സൈറ്റ് സന്ദര്‍ശിക്കുക. |