വൃത്തം പരിശോധിക്കാന്‍ സോഫ്റ്റ്‌വെയര്‍
കവിതയ്ക്ക് വൃത്തം ആവശ്യമുണ്ടോ എന്ന ചര്‍ച്ച സാഹിത്യലോകത്തില്‍ ആരംഭിച്ച് കാലം ഒരുപാടായി. കവിതയ്ക്ക് സൌന്ദര്യം നല്‍കുന്നത് ഈണമാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. ഈണമല്ല, കവിതയിലെ ആശയമാണ് പ്രധാനമെന്ന് മറ്റൊരു കൂട്ടര്‍. എന്തായാലും പഴയ കാവ്യങ്ങളിലും മലയാള പാഠപുസ്തകങ്ങളും മാത്രം ഒതുങ്ങിക്കഴിയേണ്ട ഗതികേടിലാണ് വൃത്തമിപ്പോള്‍.
വൃത്തവും വൃത്തപഠനവും മലയാളി വിദ്യാര്‍ത്ഥികള്‍ക്കൊരു കീറാമുട്ടിയാണ്. ദ്രാവിഡവൃത്തങ്ങളും സംസ്കൃതവൃത്തങ്ങളും മനപ്പാഠമാക്കി പരീക്ഷ ജയിക്കുകയെന്നത് പ്രയാസമുള്ള കടമ്പയാണ് മിക്കവര്‍ക്കും. നമ്മുടെ ദിനചര്യകളില്‍ ഏറെ പ്രാധാന്യം ഉണ്ടായിരുന്ന ഈണം നമുക്കിന്ന് അന്യമായിരിക്കുന്നു എന്നതാവാം ഇതിന് കാരണം.
വൃത്തവുമായി പുതിയ തലമുറയെ വീണ്ടും ബന്ധിപ്പിക്കാനാവും എന്ന ശുഭാപ്തി വിശ്വാസവുമായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ് രണ്ട് ഭാഷാസ്നേഹികള്‍ - സുഷേണനും സഞ്ജീവും. വൃത്തപഠനം എളുപ്പമാക്കുന്ന വൃത്തസഹായി എന്ന സോഫ്റ്റ്‌വെയറാണ് ഈ ഭാഷാസ്നേഹികള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
“വൃത്തങ്ങളെപ്പറ്റി പഠിക്കുവാനും, വൃത്തങ്ങളെക്കുറിച്ച് അറിയാത്ത ഒരാള്‍ക്ക് വൃത്തത്തില്‍ കവിത എഴുതുവാനും, വൃത്തത്തിലെഴുതിയിട്ടുള്ള ഒരു കവിതയുടെ വൃത്തമേതെന്ന് കണ്ടുപിടിക്കുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആണു് വൃത്തസഹായി” എന്നാണ് വൃത്തസഹായിയെ പറ്റി സുഷേണനും സഞ്ജീവും പറയുന്നത്.
മലയാളി സമൂഹത്തിന്, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന സോഫ്റ്റ്‌വെയറാണിത്. ചരിത്രാതീതകാലം തൊട്ട് ഇന്നുവരെയുള്ള സമൂഹത്തിന്റെ താളവും ഈണവും വൃത്തങ്ങളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ ഈണവും താളവും പുതുതലമുറയ്ക്ക് അന്യമാവാതിരിക്കാന്‍ സുഷേണനും സഞ്ജീവും ചെയ്യുന്ന പ്രയത്നങ്ങള്‍ ശ്ലാഘനീയങ്ങളാണ്.
എ. ആര്‍. രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയുടെ അടിസ്ഥാനത്തിലാണ് ഇതില്‍ വൃത്തലക്ഷണങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. മാത്രാവൃത്തങ്ങള്‍, ഭാഷാവൃത്തങ്ങള്‍ എന്നിവയില്‍ കൂടുതല്‍ പഠനം നടത്തി, ലഭ്യമായ എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് വൃത്തസഹായിയെ ഒരു സമ്പൂര്‍ണ്ണ വൃത്ത സോഫ്റ്റ്‌വെയറാക്കി മാറ്റുകയാണ് സുഷേണന്റെയും സഞ്ജീവിന്റെയും അടുത്ത ലക്‌ഷ്യം.
വിന്‍ഡോസ് എക്സ്പിയും എസ്പി 2 പാക്കുമാണ് ഈ വൃത്തസഹായി ഉപയോഗിക്കാന്‍ കമ്പ്യൂട്ടറില്‍ വേണ്ട സോഫ്റ്റ്‌വെയര്‍. വൃത്തസഹായിയുടെ ബീറ്റ റിലീസ് സോഴ്സ്‌ഫോര്‍ജില്‍ (http://sourceforge.net/projects/vruthasahayi) ലഭ്യമാണ്.
വിന്‍ഡോസില്‍ തനിയെ എക്സിക്യൂട്ട് ചെയ്യുന്ന രീതിയിലാണ് വൃത്തസഹായി തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. അണ്‍സിപ്പ് ചെയ്താല്‍ കിട്ടുന്ന വൃത്തസഹായി എന്ന ഫയല്‍ റണ്‍ ചെയ്താല്‍.
ഉപയോഗിക്കേണ്ട വിധം വൃത്തസഹായിയുടെ മുകളിലുള്ള പെട്ടിയില്‍ വൃത്തം കണ്ടുപിടിക്കേണ്ട വരികള്‍ ഒട്ടിക്കുക. മൈക്രോസോഫ്റ്റിന്റെ ഇന്‍ഡിക് ഐഎംഇ ഉപയോഗിച്ച് ഇവിടെ നേരിട്ട് ടൈപ്പുചെയ്യുകയുമാവാം. തുടര്‍ന്ന് “വൃത്തം കണ്ടുപിടിക്കൂ” എന്നത് തിരഞ്ഞെടുത്ത്, “കണ്ടുപിടിക്കൂ” എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക. വൃത്തസഹായിയുടെ താഴെയുള്ള രണ്ടാമത്തെ പെട്ടിയില്‍ ഫലം ലഭിക്കും.
വരികളുടെ വൃത്തം പരിശോധിക്കാനും വൃത്തസഹായിയില്‍ സംവിധാനമുണ്ട്. വൃത്തസഹായിയുടെ മുകളിലുള്ള പെട്ടിയില്‍ വൃത്തം പരിശോധിക്കേണ്ട വരികള്‍ ഒട്ടിക്കുക. തുടര്‍ന്ന് “വൃത്തം പരിശോധിക്കൂ” എന്നത് തിരഞ്ഞെടുത്ത്, “പരിശോധിക്കൂ” എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക. വൃത്തസഹായിയുടെ താഴെയുള്ള രണ്ടാമത്തെ പെട്ടിയില്‍ വരികളുടെ വൃത്തവിശകലനം ലഭിക്കും. |