സ്കൂളുകളില്‍ പാഠ്യവിഷയമായി മൊഴിമാറ്റം
|
ഇന്ത്യന്‍ ഭാഷകള്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ നമ്മുടെ ഭാഷകള്‍ പുനര്‍ജ്ജന്മത്തിന് ഒരുങ്ങുന്ന കാഴ്ചയാണെങ്ങും. പ്രാദേശിക ഭാഷകളില്‍ സമ്പന്നമായ ഉള്ളടക്കം ഉറപ്പാക്കുന്നതിന് മുന്നോടിയായി, സ്കൂളുകളില്‍ മൊഴിമാറ്റം ഒരു പാഠ്യപദ്ധതിയാക്കി അവതരിപ്പിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സിബിഎസ്‌ഇ). അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ സിബിഎസ്‌ഇ സ്കൂളുകളില്‍ പ്ലസ് വണ്‍ മുതല്‍ മൊഴിമാറ്റം ഐച്ഛികവിഷയമായി അവതരിപ്പിക്കാനാണ് പദ്ധതി.
മൊഴിമാറ്റവുമായി ബന്ധപ്പെട്ട ആശയങ്ങള്‍, പ്രശ്നങ്ങള്‍, സാധ്യതകള്‍ എന്നിവ തിരിച്ചറിയുകയും ചര്‍ച്ചചെയ്യുകയും ഇതൊരു കരിയര്‍ ലൈനായി തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയുമാണ് ഈ പാഠ്യപദ്ധതിയുടെ ലക്‌ഷ്യം. അപ്ലൈഡ് ലിംഗ്വിസ്റ്റിക്സിന്റെ (പ്രായോഗിക ഭാഷാശാസ്ത്രം) വിവിധ മേഖലകളില്‍ (സെമാന്റിക്സ്, പ്രാഗ്‌മാറ്റിക്സ്, സോഷ്യോലിംഗ്വിസ്റ്റിക്സ് തുടങ്ങിയവ) വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അടിത്തറ ഇതിലൂടെ ലഭിക്കും.
മൊഴിമാറ്റത്തിന്റെ വിവിധ രീതികളും തന്ത്രങ്ങളും സാങ്കേതികതയും ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹുഭാഷാ-ബഹുസംസ്കാര പരിസരത്തില്‍ എങ്ങനെയാണ് ട്രാന്‍സ്‌ലേറ്റര്‍/ഇന്റര്‍പ്രെട്ടറുടെ (മൊഴിമാറ്റം ചെയ്യുന്നയാള്‍/വ്യാഖ്യാതാവ്) റോളെന്താണെന്ന് ഈ പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കും. മൊഴിമാറ്റവും ഭാഷാവ്യാഖ്യാനവും കരിയറായി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാവും ഈ പാഠ്യപദ്ധതി
ഭാഷയുടെ പ്രശങ്ങള്‍ മാത്രമല്ല ഈ പാഠ്യപദ്ധതി കൈകാര്യം ചെയ്യുക. മൊഴിമാറ്റമോ ഭാഷാവ്യാഖ്യാനമോ ചെയ്യുമ്പോള്‍ അഭിമുഖീകരിക്കാവുന്ന ലിഗ്വിസ്റ്റിക് (ഭാഷാപരമായ) പ്രശ്നങ്ങളെയും സൈക്കോലിംഗ്വിസ്റ്റിക് മെക്കാനിസങ്ങളെയും (മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് ഭാഷാശാസ്ത്ര ഘടന) ഇവിടെ പഠനവിധേയമാക്കും. അപ്ലൈഡ് ലിംഗ്വിസ്റ്റിക്കിലെ ഏതാണ്ടെല്ലാ മേഖലകളുമായും ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിയറിയും പ്രാക്റ്റിക്കലും ഉള്‍പ്പെടുന്ന രീതിയിലാണ് പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
മൊഴിമാറ്റ-ഇന്റര്‍പ്രെട്ടിംഗ് മേഖലയുമായി ബന്ധപ്പെട്ട് നിലവില്‍ ലഭ്യമായ പാഠപുസ്തകങ്ങളുടെ പഠനമാണ് തിയറി ക്ലാസ്സുകളില്‍ നടക്കുക. പ്രാക്റ്റിക്കല്‍ ക്ലാസ്സുകളിലാവട്ടെ, മൊഴിമാറ്റവും ഇന്റര്‍പ്രെട്ടിംഗും കരിയറായി സ്വീകരിച്ചിട്ടുള്ള പ്രൊഫഷണലുകള്‍ ചെയ്യുന്ന ജോലികളുടെ അനുകരണം തന്നെയാണ് നടക്കുക.
ഈ പാഠ്യപദ്ധതിയിലൂടെ കടന്നുപോവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മൊഴിമാറ്റം, നിയമപരമായ മൊഴിമാറ്റം, കോടതി ഇന്റര്‍പ്രെട്ടിംഗ്, ഹെല്‍ത്ത്‌കെയര്‍ ഇന്റര്‍പ്രെട്ടിംഗ്, കോണ്‍ഫറന്‍സ് ഇന്റര്‍പ്രെട്ടിംഗ്, സാഹിത്യ മൊഴിമാറ്റം, പരസ്യങ്ങളുടെ മൊഴിമാറ്റം എന്നീ മേഖലകളില്‍ വൈദഗ്ധ്യം ലഭിക്കും. ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി ത്വരിതഗതിയിലാക്കാന്‍ സിബിഎസ്‌ഇയുടെ ഈ പുതിയ പാഠ്യപദ്ധതി വഴിവെക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ ഓരോ ഭാഷയേയും സ്വയ സമ്പൂര്‍ണ്ണമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും നിലവിലുള്ള വിജ്ഞാനവിവരങ്ങളൊക്കെയും ഇന്ത്യന്‍ ഭാഷകളില്‍ കൊണ്ടുവരാനുള്ള ബൃഹത്തായ പദ്ധതിക്കാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ എന്ന സ്ഥാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മൈക്രോസോഫ്റ്റ് പോലുള്ള വമ്പന്‍ കമ്പനികള്‍ ഇന്ത്യന്‍ ഭാഷകളുടെ പുരോഗതിക്കായി സഹായഹസ്തം നീട്ടിയിട്ടുമുണ്ട്. |