കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും
കേരളാ സര്‍വകലാശാല ബയോഇന്‍ഫര്‍മാറ്റിക്‌സ് സെന്‍ററിന്‍റെ ഹോണററി ഡയറക്‌ടറും കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഡവലപ്പ്‌മെന്‍റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയുടെ (സിഡിറ്റ്) മുന്‍ ഡയറക്‌ടറുമായ ഡോക്‌ടര്‍ അച്യുത് ശങ്കര്‍ എസ്. നായരെഴുതിയ കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും എന്ന പുസ്തകം കമ്പ്യൂട്ടര്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു അക്ഷയഖനിയാണ്.
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും എന്ന പുസ്തകത്തില്‍, കമ്പ്യൂട്ടറിന്‍റെ ഇന്നിതുവരെയുള്ള നാള്‍വഴിയും സാങ്കേതികവശവും ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായി വിവരിച്ചിരിക്കുന്നു. വിവരണത്തിന്‍റെ ലാളിത്യമാണ് ഈ പുസ്തകത്തെ മറ്റ് കൈപ്പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിന് ആവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുമാണ് ഈ പുസ്‌തകത്തില്‍. രസകരമായി കമ്പ്യൂട്ടറിന്‍റെ ചരിത്രം വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തുടര്‍ന്ന് കമ്പ്യൂട്ടറിന്‍റെ വിവിധ ഭാഗങ്ങള്‍ അതീവ ലാളിത്യത്തോടെ വിവരിക്കുന്നു.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാവുന്ന പ്രവര്‍ത്തികളെ പരിചയപ്പെടുത്തുകയാണ് അടുത്ത ഘട്ടത്തില്‍. എങ്ങനെ ഒരു പേഴ്സണല്‍ കമ്പ്യൂട്ടര്‍ പലതരം ജോലികള്‍ക്ക് ഉപയോഗിക്കാമെന്ന് അനുഭവ പരിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ രചയിതാവ് മനസിലാക്കിത്തരുന്നു. ഒരു മുറി മുഴുവന്‍ ആവശ്യമായിരുന്ന ആദ്യകാല കമ്പ്യൂട്ടറുകള്‍ തൊട്ട്, ഒരേ സമയം ഒട്ടേറെ ജോലികള്‍ ചെയ്യാവുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെ ഈ പുസ്തകത്തിലൂടെ അറിയാം. കമ്പ്യൂട്ടറിന്‍റെ സഹായത്താല്‍, നമുക്ക് ചുറ്റും നടക്കന്‍ പോവുന്ന വിപ്ലവകരമായ മാറ്റങ്ങളെ പറ്റിയുള്ള സൂചനകളും അച്യുത് ശങ്കര്‍ എസ്. നായര്‍ നല്‍കുന്നുണ്ട്.
കമ്പ്യൂട്ടറിനെ പറ്റി അടുത്തറിയാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് നല്ലൊരു കൈപ്പുസ്തകമാണിത്. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയും കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 184 താളുകളുള്ള ഈ പുസ്തകത്തിന്‍റെ വില 80 രൂപയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തക വില്‍പനശാലകളിലും ഈ പുസ്തകം ലഭിക്കും.
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും എന്ന പുസ്തകത്തിന് പുറമെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബേസിക് പഠിച്ചു തുടങ്ങാം, സി പ്രോഗ്രാമിങ് പഠിച്ചുതുടങ്ങാം, ഇന്‍റര്‍നെറ്റ് എന്നീ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ പഠിതാക്കള്‍ക്കായി അച്യുത് ശങ്കര്‍ എസ്. നായര്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമെ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും അച്യുത് ശങ്കര്‍ എസ്. നായരുടേതായി പുറത്ത് വന്നിട്ടുണ്ട്. |