വിസ്താ - ഒരു തിരനോട്ടം

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജ്ജിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മൈക്രോസോഫ്റ്റിന്റെ വിന്‍‌ഡോസ്. ഇതുവരെ വിന്‍‌ഡോസ് എക്സ്പിയാണ് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്. എക്സ്പി ഇറക്കി, നീണ്ട ഇടവേളയ്ക്ക് ശേഷം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍‌ഡോസ് വിസ്ത.

അഞ്ച് വര്‍ഷത്തെ പരിശ്രമം, ആറ്‌ ബില്യണ്‍ ഡോളര്‍ ചെലവ്, അയ്യായിരത്തോളം ഡവലപ്പര്‍‌മാര്‍ (ഇവരില്‍ 300 പേരെങ്കിലും ഇന്ത്യയില്‍ നിന്നാണ്) എന്നിങ്ങനെയാണ് വിന്‍‌ഡോസ് വിസ്തയുടെ പിന്നണി. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗ സുഗമതയും പുതിയ ഇന്റര്‍ഫേസും (യു‌ഐ) മെച്ചപ്പെട്ട തിരയലും കമ്പ്യൂട്ടറിന്റെ സുരക്ഷയുമാണ് വിസ്തയുടെ സവിശേഷതകള്‍.

വിസ്തയ്ക്ക് വേണ്ടത്
വിസ്ത സംസ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടറിന് 800 മെഗാഹെര്‍‌ട്ട്സ് ചിപ്പ് വേഗത, 20 ജിബി സ്വതന്ത്ര ഇടം, 512 എംബി റാം, 128 എംബി വീഡിയോ കാര്‍ഡും ആവശ്യമാണ്.

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉദ്വേഗപൂര്‍വം കാത്തിരുന്ന വിന്‍ഡോസ് വിസ്തയിതാ ഇപ്പോള്‍ ഇന്ത്യയിലും എത്തിയിരിക്കുന്നു.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കെന്ത്?
ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലുള്ള പതിപ്പുമായാണ് ഇത്തവണ വിന്‍‌ഡോസ് എത്തുന്നത്. ഇന്ത്യയില്‍ എത്തിയിരിക്കുന്ന വിന്‍‌ഡോസ് വിസ്ത പതിപ്പില്‍ രാഷ്‌ട്രഭാഷയായ ഹിന്ദി ഉള്‍‌പ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടറിനോട് സംവദിക്കാന്‍ ഹിന്ദി മതി എന്ന് സാരം. മലയാളം അടക്കമുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള പിന്തുണയും വിന്‍‌ഡോസ് വിസ്തയിലുണ്ട്.

വിന്‍‌ഡോസ് വിസ്തയുടെ, മലയാളം അടക്കമുള്ള ഇന്‍ഡിക് ഭാഷാ പതിപ്പുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹിന്ദിയടക്കം 14 ഇന്ത്യന്‍ ഭാഷകളില്‍ 2008 ആദ്യത്തോടെ വിന്‍‌ഡോസ് വിസ്ത പുറത്തുവരുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.

ഏത് വിസ്തയാണ് വേണ്ടത്?
കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ആവശ്യകതകള്‍ നിരവധിയാണ്. കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പഠിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് നാലുതരത്തിലുള്ള വിസ്ത വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്ന വിന്‍‌ഡോസ് വിസ്ത, നാലുതരം ഉപയോക്താക്കളെയാണ് ലക്‌ഷ്യമിടുന്നത്

വിന്‍ഡോസ് വിസ്ത ഹോം ബേസിക് - ഇ-മെയില്‍, ഇന്റര്‍‌നെറ്റ്, അടിസ്ഥാന ഓഫീസ് ജോലികള്‍ എന്നിവയ്ക്കുള്ളതാണ് ഇത്. എയ്‌റോ ഗ്രാഫിക്കുകളോ മള്‍‌ട്ടീമീഡിയാ സവിശേഷതകളോ ഇതില്‍ ഉണ്ടാവില്ല. എന്നാലിത് എക്സ്പിയേക്കാള്‍ മെച്ചപ്പെട്ട ഡിസൈനും പാരെന്റല്‍ നിയന്ത്രണങ്ങളും നല്‍കുന്നു.

വിന്‍ഡോസ് വിസ്ത ഹോം പ്രീമിയം - ഹോം ബേസിക്കിനേക്കാള്‍ മെച്ചപ്പെട്ട പതിപ്പാണിത്. എയ്‌റോ ഗ്രാഫിക്സ് എഞ്ചിനും മള്‍ട്ടീമീഡിയാ ഉപകരണങ്ങള്‍ ഇതിലുണ്ട്. എന്നാല്‍ ബിസിനസ് അല്ലെങ്കില്‍ഗെയിമിംഗ് സവിശേഷതകള്‍ ഉണ്ടായിരിക്കില്ല.

വിന്‍ഡോസ് വിസ്ത സ്റ്റാര്‍ട്ടര്‍ - അടിസ്ഥാനപരമായി ബിസിനസ് ഉദ്ദേശ്യത്തോടുകൂടിയുള്ള പതിപ്പാണിത്. മള്‍‌ട്ടീമീഡിയ സവിശേഷതകള്‍ ഇതില്‍ ഉണ്ടാവില്ല. ഫാക്സിംഗ്, സ്കാനിംഗ്, ബാക്കപ്പ്, എന്‍‌ക്രിപ്ഷന്‍ തുടങ്ങിയ ബിസിനസ് പരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഇത് അത്യുത്തമം.

വിന്‍ഡോസ് വിസ്ത അള്‍‌ട്ടിമേറ്റ് - എല്ലാ സവിശേഷതകളും ഉള്ള പതിപ്പാണിത്. മുമ്പ് സൂചിപ്പിച്ച എല്ല പതിപ്പുകളിലെയും സവിശേഷതകള്‍ ഇതില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ഗെയിമുകളുടെയും പ്രത്യേക പ്രോഗ്രാമുകളുടെയും വമ്പന്‍ സമാഹാരം ഇതില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നു.