വാര്‍ത്തകള്‍
ഭാഷാ സോഫ്റ്റ്‌വെയര്‍ എക്സിബിഷന്‍
അച്ചടി, ലിത്തോഗ്രഫി വ്യവസായ മേഖലകളില്‍ ഇന്ത്യന്‍ ഭാഷാ സോഫ്റ്റ്‌വെയറിന്റെ ഉപയോഗ സാധ്യതയുമായി ബന്ധപ്പെട്ട എക്സിബിഷന്‍ ചെന്നൈയില്‍ നടന്നു. തമിഴ് കമ്പ്യൂട്ടിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കനിത്തമിഴ് സംഘവും മദ്രാസ് പ്രിന്റേഴ്സ് ആന്‍ഡ് ലിത്തോഗ്രഫേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് എക്സിബിഷന്‍ സംഘടിപ്പിച്ചത്.

ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കൊഗ്നിഷന്‍ (OCR) സോഫ്റ്റ്‌വെയര്‍ തൊട്ട് വിവിധത്രം ഫോണ്ടുകള്‍ വരെ ഈ എക്സിബിഷനില്‍ പ്രദര്‍ശനത്തിനെത്തി. ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി മൈക്രോസോഫ്റ്റിന്റെയും ഭാഷാ‌ഇന്ത്യയുടെയും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരുന്നു. ‘പൊന്‍‌പേന’ എന്ന് പേരിട്ടിരിക്കുന്ന ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കൊഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത് ലേണ്‍‌ഫണ്‍ സിസ്റ്റംസാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന കമ്പ്യൂട്ടര്‍‌വല്‍ക്കരണ പദ്ധതികളില്‍ ഭാഷാ സോഫ്റ്റ്‌വെയര്‍ നിര്‍ബന്ധമായും ഉള്‍‌പ്പെടുത്തണമെന്ന് എക്സിബിഷന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അണ്ണാ സര്‍വകലാശാല മുന്‍ വൈസ് ചാന്‍‌സലര്‍ എം. അനന്തകൃഷ്ണന്‍ പറഞ്ഞു. സ്കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ പാഠ്യപദ്ധതികളിലും ഭാഷാ സോഫ്‌റ്റ്വെയര്‍ പരിചയം ഉള്‍‌പ്പെടുത്തണം. ബി.ഇ/എം.സി.എ പഠിതാക്കള്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പ്രൊജക്ടുകളാണ് ചെയ്യുന്നത്. ഇവയില്‍ ഭാഷാ സോഫ്‌റ്റ്വെയര്‍ ഉള്‍‌പ്പെടുത്തണം. ഭാഷാ കമ്പ്യൂട്ടിംഗില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ സര്‍ക്കാര്‍ ആദരിക്കണമെന്നും അനന്തകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

തമിഴ്നാട് ഇന്‍‌ഫര്‍മേഷന്‍ മന്ത്രി പരിതി ഇളം‌വഴുതി, ഭാഷാ സോഫ്റ്റ്‌വെയര്‍ ഉള്‍‌ക്കൊള്ളുന്ന സിഡികള്‍ പ്രകാശനം ചെയ്തു. പ്ലസ്-ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗത്തിനായുള്ള ഭാഷാ സോഫ്റ്റ്‌വെയര്‍ സിഡികളും ഇതില്‍ ഉള്‍‌പ്പെടും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു എക്സിബിഷന്‍ സംഘടിപ്പിക്കപ്പെടുന്നതെന്ന് കനിത്തമിഴ് സംഘം പ്രസിഡന്റ്, ആന്റോ പീറ്റര്‍ പറഞ്ഞു. എക്സിബിഷന് അച്ചടി-പ്രസിദ്ധീകരണ മേഖലയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ആവേശപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. പ്രിന്റര്‍മാര്‍ക്കും പബ്ലിഷര്‍മാര്‍ക്കും ഉപയോഗിക്കുന്നതിനായി ഭാഷാ സാങ്കേതികവിദ്യ സുഗമമാക്കുകയാണ് ഈ എക്സിബിഷന്റെ ലക്‌ഷ്യമെന്ന് ആന്റോ പീറ്റര്‍ ചൂണ്ടിക്കാട്ടി.

ഭാഷാ സോഫ്റ്റ്‌വെയറിന്റെ വളര്‍ച്ചക്കായി സംഘടിപ്പിച്ച ഈ എക്സിബിഷനില്‍ ഇന്റലിന്റെയും മൈക്രോസോഫ്റ്റിന്റെയും ഉള്‍‌പ്പെടെ 53 കമ്പനികളുടെ സ്റ്റാളുകള്‍ ഉണ്ടായിരുന്നു. ‘തമിഴ്-കമ്പ്യൂട്ടര്‍-അച്ചടി’ എന്ന വിഷയത്തെ അധികരിച്ച് ഏകദിന സമ്മേളനവും എക്സിബിഷനോടൊപ്പം നടന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭാഷാ സാങ്കേതിക വിദഗ്‌ധര്‍ പങ്കെടുത്തു.