എജി രാമകൃഷ്ണനുമായി ഒരു അഭിമുഖം
ഐഐടി മദ്രാസില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്‌ഡി നേടി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ മെഡിക്കല്‍ ഇന്റലിജന്‍സ് ആന്‍ഡ് ലാംഗ്വേജ് എഞ്ചിനീയറിംഗ് (എംഐഎല്‍ഇ) ലബോറട്ടറിയില്‍ പ്രൊഫസറായി സേവനമനുഷ്‌ഠിക്കുന്ന എജി രാമകൃഷ്ണന്റെ പേര് ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. താന്‍ പഠിച്ച ബയോമെഡിസിനെ പോലെ തന്നെ രാമകൃഷ്ണന് ഇഷ്‌ടപ്പെട്ട വിഷയമാണ് ഭാഷാ സാങ്കേതികവിദ്യ. തങ്കം വാസുദേവന്‍ പുരസ്‌കാരം (ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബയോമെഡിക്കല്‍ സയന്റിസ്റ്റ്‌സ്), സര്‍ ആന്‍ഡ്രൂ വാട്ട് കെയ് യംഗ് റിസര്‍ച്ചേഴ്‌സ് പുരസ്‌കാരം (റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ്, ഗ്ലാസ്‌കോ) എന്നിവ നേടിയിട്ടുള്ള രാമകൃഷ്ണനിപ്പോള്‍ തമിഴ് വിവരസാങ്കേതികവിദ്യക്കായുള്ള അന്തര്‍ദ്ദേശീയ ഫോറത്തിലെ അംഗമാണ്. ഇന്ത്യന്‍ ഭാഷകളിലെ കയ്യെഴുത്ത് തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിക്കാനുള്ള ഒരു ദേശീയ തലത്തിലുള്ള ഒരു പ്രൊജക്റ്റിന് നേതൃത്വം കൊടുക്കുന്നുണ്ട് രാമകൃഷ്ണന്‍. ഇന്ത്യന്‍ ഭാഷകളില്‍ അച്ചടിച്ചിട്ടുള്ള പുസ്തകങ്ങള്‍ കാഴ്ചശക്തി ഇല്ലാത്തവര്‍ക്കായി വായിച്ചുകൊടുക്കുന്ന ഒരു റീഡര്‍ രാമകൃഷ്ണന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റി ഭാഷാഇന്ത്യയോട് രാമകൃഷ്ണന്‍ സംസാരിച്ചപ്പോള്‍ -.
എന്തൊക്കെ സാഹചര്യങ്ങളാണ് താങ്കളെ ഭാഷാ സാങ്കേതികതയിലേക്ക് അടുപ്പിച്ചത്? എപ്പോഴാണ് താങ്കള്‍ ഭാഷാ സാങ്കേതികതയെ സംബന്ധിച്ച ഗവേഷണ-പരീക്ഷണങ്ങള്‍ ആരംഭിച്ചത്?
നമ്മുടെ ബാങ്കുകളില്‍ രണ്ടായിരത്തില്‍ നമ്മുടെ ബാങ്കുകളില്‍ വളരെ മോശമായ ഉച്ചാരണത്തോട് കൂടിയ ടോക്കണ്‍ അനൌണ്‍സ്മെന്റ് സിസ്റ്റം ഉണ്ടായിരുന്നു. പൂജ്യം തൊട്ട് ഒമ്പത് വരെയുള്ള പത്ത് അക്കങ്ങളാണ് പറഞ്ഞിരുന്നത് എങ്കിലും വളരെ വികൃതമായ ഉച്ചാരണം! അപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിക്കുന്നത്. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത് ഒന്നിനാണ് - ഇംഗ്ലീഷ് ഭാഷാ കമ്പ്യൂട്ടിംഗിനായി മാത്രം. ‘സ്പീച്ച് റെക്കൊഗ്നിഷന്‍’ പോലുള്ള സാങ്കേതികവിദ്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ജപ്പാന്‍കാരും ചൈനാക്കാരും ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളെ സഹായിക്കാന്‍ അധികമാരും ഇല്ലതാനും. അങ്ങിനെയാണ് ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനായി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചത്.
വിവരസാങ്കേതികവിദ്യയുമായി കൂട്ടിയിണക്കാത്തതിനാല്‍ ഇന്ത്യന്‍ ഭാഷകള്‍ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് എനിക്ക് തോന്നി. സിനിമ തുടങ്ങിയ വിനോദാപാധികളും മാധ്യമങ്ങളും കൂടിയാണ് ഇന്ത്യന്‍ ഭാഷകളെ സംരക്ഷിച്ചുകൊണ്ടിരുന്നത്. ശാസ്ത്ര സാങ്കേതിക മണ്ഡലത്തില്‍ ലോകത്ത് പലയിടങ്ങളിലും നടക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ ഭാഷകളുടെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞും സാധിക്കുന്നില്ല! ഇന്ത്യന്‍ ഭാഷകളിലൂടെ വിജ്ഞാനസമ്പാദനം നടത്തണം എന്ന് കരുതുന്നവര്‍ക്ക് ആവശ്യമായ പുസ്തകങ്ങളും ഇല്ല. ഇതിന് കാരണം ഇംഗ്ലീഷിലുള്ള സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ പദങ്ങള്‍, ദേശീയ ഭാഷയായ ഹിന്ദിയില്‍ പോലും ഇല്ലായിരുന്നു എന്നതുതന്നെ. ഇത് ഭയപ്പെടുത്തുന്നതായിരുന്നു. ഇങ്ങിനെ പോയാല്‍ നമ്മുടെ സംസ്‌കാരവും സാഹിത്യവുമൊക്കെ വരുന്ന തലമുറകള്‍ക്ക് ലഭിക്കാതെ നഷ്‌ടപ്പെട്ടുപോകും. ജപ്പാനിലും ജര്‍മ്മനിയിലും ഫ്രാന്‍സിലുമൊക്കെ പിഎച്ച്‌ഡി പോലും അവരവരുടെ ഭാഷകളില്‍ എഴുതാനുള്ള സാഹചര്യമുണ്ട്. അതുപോലുള്ള എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു.
ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട മേഖലയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് അഭിമുഖീകരിച്ച വെല്ലുവിളികളും കൈവരിച്ച നേട്ടങ്ങളും എന്തൊക്കെ?
മെഡിക്കല്‍ ഇന്റലിജന്‍സ് ആന്‍ഡ് ലാംഗ്വേജ് എഞ്ചിനീയറിംഗ് (എംഐഎല്‍ഇ) ലബോറട്ടറിയില്‍ തമിഴ്, കന്നഡ ഭാഷകള്‍ക്കായി ഞങ്ങള്‍ ഒരു ഓസിആര്‍ (ഒപ്റ്റിക്കല്‍ കാരക്റ്റര്‍ റെക്കൊഗ്നിഷന്‍) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനവും ഞങ്ങള്‍ ഈ ഭാഷകള്‍ക്കായി ഉണ്ടാക്കിയിട്ടുണ്ട്. ഇത് http://mile.ee.iisc.ernet.in/tts എന്ന വിലാസത്തില്‍ നിന്ന് ലഭിക്കും. വിദ്യാര്‍ത്ഥികളെ തമിഴ് വാക്കുകളുടെ ഉച്ചാരണം പഠിപ്പിക്കാനായി, സിംഗപ്പൂരില്‍ നിന്നുള്ള ഒരു അധ്യാപകന്‍ ടിടിഎസ് ഉപയോഗിക്കുന്നുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. നൂറോളം ആളുകളില്‍ നിന്ന് ടിടിഎസിനെ പറ്റി ഞങ്ങള്‍ അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. ഞങ്ങളുടെ വെബ് സൈറ്റില്‍ നിന്ന് ആയിരത്തോളം ആളുകള്‍ ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനം ഉപയോഗിച്ചിട്ടുണ്ട്.
തമിഴിലും കന്നഡയിലുമുള്ള കയ്യെഴുത്ത് വായിച്ചെടുക്കാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുന്ന ടീമിന് ഞാന്‍ നേതൃത്വം നല്‍കുന്നുണ്ട്. ചെന്നൈയിലുള്ള രണ്ട് സ്വകാര്യ കമ്പനികളും സിഡാക്ക് പൂനെയും ആയി സഹകരിച്ച് ഫോം പൂരിപ്പിക്കാനുള്ള മൂന്ന് ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവിടെ ആളുകള്‍ കൈ കൊണ്ട് എഴുതിയിരിക്കുന്നത് വായിച്ചുകൊണ്ടാണ് ആപ്ലിക്കേഷനുകള്‍ ഫോണ്‍ പൂരിപ്പിക്കുക. ഇത്തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ മുഴുവന്‍ ഫലം ലഭിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണം. ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ഓസിആര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം വാക്കുകളേ തിരിച്ചറിയാന്‍ ഇപ്പോള്‍ കഴിയൂ.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ അസോസിയേറ്റ് ഡയറക്‌ടറായ പ്രൊഫസര്‍ എന്‍ ബാലകൃഷ്ണന്‍ ഹിന്ദിയുടെയും മറ്റ് ഇന്ത്യന്‍ ഭാഷകളുടെയും യാന്ത്രിക മൊഴിമാറ്റത്തിന് (മെഷീന്‍ ട്രാന്‍സ്‌ലേഷന്‍) നേതൃത്വം കൊടുക്കുന്നുണ്ട്.
ഇന്ത്യന്‍ ഭാഷകളിലുള്ള കയ്യെഴുത്ത് തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സഹായിക്കുന്ന സാങ്കേതികതയ്ക്കാണല്ലോ താങ്കള്‍ നേതൃത്വം കൊടുക്കുന്നത്. ഇതില്‍ താല്പര്യം തോന്നാനുള്ള കാരണം ഒന്ന് വ്യക്തമാക്കാമോ?
അച്ചടിച്ചിട്ടുള്ള ടെക്സ്റ്റ് തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ രൂപത്തിലാക്കാനുള്ള സാങ്കേതികതയിലാണ് ഞാനാദ്യം ശ്രദ്ധയൂന്നിയത്. തുടര്‍ന്ന് കയ്യെഴുത്തിനും ഈ സാങ്കേതികത പ്രയോജനപ്പെടുത്തിയാല്‍ വളരെ നന്നാവും എന്ന് തോന്നി. കീബോര്‍ഡിലൂടെ മാത്രം കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുന്ന രീതിക്ക് ബദലായി തികച്ചും സ്വാഭാവികമായ ഒരു രീതി എന്ന നിലയിലാണ് ഹാന്‍ഡ്‌റൈറ്റിംഗ് റെക്കൊഗ്നിഷനെ ഞാന്‍ കാണുന്നത്. അത് മാത്രവുമല്ല, ഇന്ത്യയില്‍ ഇംഗ്ലീഷ് അറിയാവുന്നവരുടെ എണ്ണം വളരെ കുറവാണ്. അവര്‍ക്ക് കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തി വേണ്ടത് ചെയ്യാന്‍ സഹായിക്കുന്ന ഒരു രീതി കൂടിയാണിത്.
ഇന്ത്യന്‍ ഭാഷകളില്‍ ഹാന്‍ഡ്‌റൈറ്റിംഗ് റെക്കൊഗ്നിഷന്‍ സാങ്കേതികത വേണ്ടത്ര വിജയിക്കുമോ? പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമായി?
ഐഐടി മദ്രാസ്, ഐഐടി ഹൈദരാബാദ്, സിഡാക്ക് പൂനെ, ഐഎസ്ഐ കൊല്‍ക്കൊത്ത എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് തെലുങ്ക്, മലയാളം, ഹിന്ദി, ബംഗ്ലാ തുടങ്ങിയ ഭാഷകളിലെ കമ്പ്യൂട്ടിംഗിനായി പ്രവര്‍ത്തിക്കുന്ന ദേശീയ തലത്തിലുള്ള ഒരു കണ്‍സോര്‍ഷ്യത്തിന് ഞാന്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയാണ്. ടിഡിഐഎലും എംസിഐടിയുമാണ് ഇതിന് ധനസഹായം ചെയ്യുന്നത്. തമിഴ് കന്നഡ ഭാഷകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടിംഗിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് ശ്രദ്ധ കൊടുക്കുന്നുണ്ട്. ഞങ്ങള്‍ വികസിപ്പിച്ചെടുത്ത റെക്കൊഗ്നിഷന്‍ എഞ്ചിന്‍ ഉപയോഗിച്ച് ചെന്നൈയില്‍ നിന്നുള്ള ലേണ്‍ഫണ്‍ സിസ്റ്റംസും സികെ ടെക്ക്‌നോളജീസും സിഡാക്ക് പൂനെയും ഒത്തുചേര്‍ന്ന് ആക്സിഡന്റ് റിപ്പോര്‍ട്ടിംഗ് ഫോം, കുടികിടപ്പാവകാശ അപേക്ഷ, സെന്‍സസ് വിവരം ശേഖരിക്കുന്നതിനുള്ള ഫോം എന്നിവ പൂരിപ്പിക്കുന്നതിനുള്ള സാങ്കേതികത ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ടിഡിഐഎല്ലില്‍ നിന്ന് ധനസഹായം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഗൌരവതരമായ ഗവേഷണങ്ങള്‍ ആരംഭിക്കുന്നത്. കൈയക്ഷരം നല്ലതാണെങ്കില്‍ 80 ശതമാനത്തോളം അക്ഷരങ്ങളും ഞങ്ങളുടെ റെക്കൊഗ്നിഷന്‍ എഞ്ചിന്‍ തിരിച്ചറിയുന്നുണ്ട്. അനോട്ടേറ്റ് ചെയ്‌തിട്ടുള്ള ഡാറ്റാബേസുകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഏതൊരു ഭാഷയിലും കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ മുന്നേറൂ. നിലവിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നടക്കുന്നത് അനോട്ടേറ്റ് ചെയ്‌ത ഡാറ്റാബേസിന്റെ കുറവിനാലാണ്. മുകളില്‍ പറഞ്ഞ ഭാഷകളില്‍ നല്ല കൈയക്ഷരത്തിലുള്ള ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കാനും ഞങ്ങള്‍ കുറേ ബുദ്ധിമുട്ടി. ജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കൈയക്ഷരം തിരിച്ചറിയുന്ന ആപ്ലിക്കേഷന്‍ പുറത്തുവരാന്‍ ഇനിയും 3 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്, ആസാമീസ്, പഞ്ചാബി (ഗുര്‍മുഖി) ഭാഷകള്‍ക്കായി.
കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കായി, പുതുമയുള്ളതും ആളുകളെ ആകര്‍ഷിക്കുന്നതുമായ ആപ്ലിക്കേഷനുകള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു മത്സരം ദേശീയതലത്തില്‍ നടത്താന്‍ ഞാന്‍ പദ്ധതിയിടുന്നുണ്ട്. മൊബൈല്‍ ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടിംഗ് ഉപകരണങ്ങളില്‍ ഇന്ത്യന്‍ ഭാഷകള്‍ കൂടുതലായി ഉപയോഗിക്കപ്പെടാന്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ സഹായിക്കും. ഇവ ഉപയോഗിക്കുന്നതോടെ ഭാഷയ്ക്കും ഉന്നമനമുണ്ടാകും.
മറ്റ് എന്തൊക്കെ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ നടക്കുന്നത്?
ദ്വിഭാഷാ (ഇന്ത്യന്‍ ഭാഷയും ഇംഗ്ലീഷും) ടെക്സ്റ്റ് ടു സ്പീച്ച് സിന്തസിസും തമിഴ് - കന്നഡ ഭാഷകളിലുള്ള അച്ചടിച്ച ടെക്സ്റ്റ് തിരിച്ചറിഞ്ഞ് (ഓ സി ആര്‍) ഡിജിറ്റല്‍ രൂപത്തിലാക്കലും ആണ് ഇപ്പോള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പദ്ധതികള്‍. ഉടനെ ആരംഭിക്കുന്നതിനായി രണ്ട് പദ്ധതികള്‍ ഞങ്ങളുടെ മുന്നിലുണ്ട്. ഒന്ന് തമിഴ്- കന്നഡ ഭാഷകള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊഴിമാറ്റ ആപ്ലിക്കേഷനാണ്. രണ്ടാമത്തേത്, ബഹുഭാഷാ കേന്ദ്രീകൃതമായ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ രീതിയിലുള്ള ഒരു സ്പീച്ച് റെക്കൊഗ്നിഷന്‍ (സംസാരം തിരിച്ചറിയുന്നതിനുള്ള) ആപ്ലിക്കേഷനാണ്.
ഇന്ത്യന്‍ ഭാഷാ സാങ്കേതികതയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് താങ്കള്‍ പദ്ധതിയിടുന്നത്?
ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് ഉപയോഗിക്കാനുള്ള ഒന്നായി വിവര സാങ്കേതികവിദ്യ ചുരുങ്ങരുത്. അത്ഭുതകരവും പ്രയോജനകരവുമായ പല കാര്യങ്ങളും വിവര സാങ്കേതികവിദ്യ എളുപ്പത്തില്‍ സാധിച്ചുതരും. ദിവസം ചെല്ലുംതോറും വിവരസാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിലെ ഒഴിക്കാന്‍ പറ്റാത്ത ഘടകമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു ഭാഷ അറിയില്ലെന്ന് വച്ച്, വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല എന്നാണ് എന്റെ നിരീക്ഷണം. ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നവരും ശാരീരികവൈകല്യമുള്ളവരും വിവരസാങ്കേതികവിദ്യയുടെ ഫലങ്ങള്‍ ഭാഷാ കമ്പ്യൂട്ടിഗിനെ സഹായത്താല്‍ ഉപയോഗപ്പെടുത്തുന്ന ദിവസമാണ് എന്റെ സ്വപ്നം. എന്റെ പദ്ധതികളെല്ലാം ആ ലക്‌ഷ്യത്തിലേക്ക് ഉള്ളതുതന്നെ.
ഭാഷാ കമ്പ്യൂട്ടിംഗിനായി ഇന്ത്യന്‍ പൌരന്മാര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
ഇംഗ്ലീഷ് ഭാഷയ്ക്കായി രൂപപ്പെടുത്തിയിട്ടുള്ള QWERTY കീബോര്‍ഡിനേക്കാള്‍ നല്ല രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ ഭാഷാ കീബോര്‍ഡുകള്‍ നമ്മള്‍ ഉപയോഗിച്ചുതുടങ്ങണം. സാങ്കേതിക ബിരുദങ്ങള്‍ക്കായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിക്കിപ്പീഡിയ പോലുള്ള സാമൂഹിക പ്രോജക്റ്റുകള്‍ക്ക് സംഭാവന നല്‍കണം. നമ്മുടെ ഭാഷകളില്‍ സാങ്കേതിക ഉള്ളടക്കത്തിന്റെ കുറവുള്ളത് പരിഹരിക്കാന്‍ ഇവരുടെ സംഭാവനകള്‍ സഹായിക്കും. യാന്ത്രിക മൊഴിമാറ്റത്തിനായുള്ള (മെഷീന്‍ ട്രാന്‍സ്‌ലേഷനായുള്ള) പാരലല്‍ കോര്‍പറ, വ്യാകരണ നിയമങ്ങള്‍ തുടങ്ങിയ കായങ്ങളില്‍ ശ്രദ്ധ ചെലുത്തുന്ന വിദഗ്ധര്‍ നമുക്കുണ്ടാകണം. ഇന്ത്യന്‍ ഭാഷകളില്‍ വോയ്സ് പോര്‍ട്ടലുകള്‍ ഉണ്ടാകണം, മള്‍ട്ടീമീഡിയ ഉപയോഗിച്ച് ആകര്‍ഷകമാക്കിയ വിദ്യാഭ്യാസ സിഡികളും ഡിവിഡികളും ഇന്ത്യന്‍ ഭാഷകളില്‍ ഇറങ്ങണം