ടാന്‍ ടിന്‍ വീയുമായി ഒരു അഭിമുഖം

 
ഭാഷയെ സ്നേഹിക്കുന്ന ഒരാള്‍ക്കും പ്രൊഫസര്‍ ടാന്‍ ടിന്‍ വീയെ മറക്കാനാവില്ല. സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ (ബയോ‌ഇന്‍‌ഫോര്‍മാറ്റിക്സ് സെന്‍റര്‍, ബയോകെമിസ്‌ട്രി വിഭാഗം, യംഗ് ലൂ ലിന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍) ജോലി നോക്കുന്ന ഈ ഭാഷാസ്നേഹി ഭാഷകള്‍ക്ക്, പ്രത്യേകിച്ചും ഇന്ത്യന്‍ ഭാഷകള്‍ക്ക്, നല്‍‌കിയിരിക്കുന്ന സംഭാവനകള്‍ അത്രയേറെയാണ്.


ടാന്‍ ടിന്‍ വീയുടെ നേതൃത്വത്തിലാണ് സിങ്കപ്പൂര്‍, ചൈനീസ് ഭാഷയിലുള്ള ആദ്യത്തെ വെബ്‌സൈറ്റ്, 1994-ല്‍ ഹോസ്റ്റുചെയ്യുന്നത്. തുടര്‍ന്ന് തമിഴ് ഭാഷയിലുള്ള വെബ്‌സൈറ്റ് 1995-ലും ഒരു ബഹുഭാഷാ വെബ്‌സൈറ്റ് 1996-ലും ടാന്‍ ടിന്‍ വീയുടെ നേതൃത്വത്തില്‍ ഹോസ്റ്റുചെയ്യപ്പെട്ടു. എന്നാല്‍, ഭാഷകള്‍ക്ക് ടാന്‍ ടിന്‍ വീ നല്‍‌കിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭാവന ‘ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയിം’ (IDN) എന്ന ആശയമാണ്. പ്രാദേശിക ഭാഷകളിലും ഡൊമെയിന്‍ പേരുകള്‍ ടൈപ്പ് ചെയ്യാന്‍ അനുവദിക്കുന്ന സാങ്കേതികതയാണിത്. ഈയടുത്ത് കോയമ്പത്തൂരില്‍ വച്ച് നടന്ന ‘ലോക ക്ലാസിക് തമിഴ് സമ്മേളന’ത്തില്‍ വച്ച്, തമിഴ്‌നാട് സര്‍ക്കാര്‍, ടാന്‍ ടിന്‍ വീയെ ‘തമിഴ് ഇന്‍റര്‍‌നെറ്റ് ഫ്രോണ്ടിയര്‍ അവാര്‍ഡ്’ നല്‍‌കി ആദരിക്കുകയുണ്ടായി.


ടാന്‍ ടിന്‍ വീയുമായി ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയിമിന്‍റെ (ഐഡി‌എന്‍) വികാസം, ചരിത്രം, പ്രവര്‍ത്തനം, വ്യാപ്തി എന്നിവയെ പറ്റി സംസാരിക്കാന്‍ അവസരം ലഭിച്ചത് അപൂര്‍വഭാഗ്യമാണെന്ന് ഭാഷാ‌ഇന്ത്യാ ടീം കരുതുന്നു. ടാന്‍ ടിന്‍ വീയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതാ:


ചോദ്യം: പ്രൊഫസര്‍ ടാന്‍ ടിന്‍ വീ, താങ്കളുമായി ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റി സംസാരിക്കാന്‍ ഒരവസരം ലഭിച്ചത് ഒരു അപൂര്‍വഭാഗ്യമായി ഞങ്ങള്‍ കരുതുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ. ‘ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയിം’ എന്ന ആശയത്തെ പറ്റി അല്‍‌പം വിശദമായി ഞങ്ങളോട് പറയാമോ?

ഉത്തരം: ഇംഗ്ലീഷ് അല്ലാത്ത (ഹിന്ദി, മലയാളം, തമിഴ് പോലുള്ള‍) ഭാഷകളില്‍ ഡൊമെയിന്‍ നെയിം ഉപയോഗിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒന്നാണ്  ‘ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയിം’ (ഐഡി‌എന്‍) എന്നത്. അതായത്, ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇം‌ഗ്ലീഷ് (ലാറ്റിന്‍) ഡൊമെയിന്‍ പേരുകള്‍ക്ക് (ഉദാഹരണമായി bhashaindia.com) പകരമായി ASCII ആസ്കി അല്ലാത്ത പ്രതീകങ്ങള്‍ ഉപയോഗിക്കാം എന്ന് സാരം.

‘ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയിം’ എന്ന ആശയത്തെ പറ്റി പറയുന്നതിന് മുമ്പായി, ‘ഡൊമെയിന്‍ നെയിം’ എന്ന ആശയത്തെ പറ്റി സസംസാരിച്ചുകൊണ്ട് നമുക്ക് തുടങ്ങാം. നെറ്റിലെ ഒരു വെബ്‌സൈറ്റ് പോലുള്ള ഒരു ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) റിസോഴ്സ് സവിശേഷമായി തിരിച്ചറിയാനുള്ളതാണ് ‘ഡൊമെയിന്‍ നെയിം’. ഡൊമെയിന്‍ നെയിം സിസ്റ്റത്തില്‍ (DNS) അധിഷ്ഠിതമാണ് ഡൊമെയിനുകള്‍. കണക്കുകള്‍ പ്രകാരം, 2010 മാര്‍ച്ച് 15-ന് 84 മില്യണ്‍ ഡൊമെയിന്‍ നെയിമുകള്‍ നിലവിലുണ്ട്. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ഈ സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ലാറ്റിന്‍ ക്യാരക്‌ടറുകള്‍ ഉപയോഗിച്ചേ തീരൂ!


ചോദ്യം: ഡൊമെയിന്‍ നെയിമുകളുടെ കാര്യത്തില്‍ ഇംഗ്ലീഷേതര ഭാഷകള്‍ പിന്തള്ളപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദീകരിക്കാമോ?

ഉത്തരം: കോളണിവല്‍‌ക്കരണത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു. ലോകഭാഷയായ ഇംഗ്ലീഷില്‍ തന്നെ പ്രോഗ്രാമിംഗ് ഭാഷകള്‍ ഉണ്ടായി വന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. ഇംഗ്ലീഷിന്‍റെ (അമേരിക്കയുടെയും ബ്രിട്ടന്‍റെയും) ചരിത്രപരമായ പ്രാധാന്യത്തില്‍, വിവരസാങ്കേതികവിദ്യാ രംഗത്ത്, ഇംഗ്ലീഷേതര ഭാഷകള്‍ പിന്തള്ളപ്പെടുകയായിരുന്നു. സത്യം പറഞ്ഞാല്‍, ലോകത്ത് നെറ്റ് ഉപയോഗിക്കുന്നവരില്‍ ഏറെയും ഇംഗ്ലീഷ് അല്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഇല്ലാത്ത അവസ്ഥയായിരുന്നു.


ചോദ്യം: പ്രാദേശിക ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ വേണമെന്ന മുറവിളി എപ്പോഴാണ് തുടങ്ങിയത്?

ഉത്തരം: വെബ് പേജ് എന്ന ആശയം യാഥാര്‍ത്ഥ്യമാവുകയും പയ്യെപ്പയ്യെ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കം നല്‍‌കിയിട്ടുള്ള വെബ് പേജുകള്‍ നിലവില്‍ വരികയും ചെയ്തതോടെ പ്രാദേശിക ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ വേണമെന്ന മുറവിളി ആരംഭിച്ചുകഴിഞ്ഞു. ഭാഷാ സ്നേഹികള്‍ ഒന്നടങ്കം ഇതിന് വേണ്ടി വാദിക്കാന്‍ തുടങ്ങി.

ലോകത്തിലെ ജനസംഖ്യയില്‍ 83 ശതമാനം പേരും ഇംഗ്ലീഷ് അല്ലാത്ത ഭാഷകള്‍ ഉപയോഗിക്കുന്നവരാണ് എന്നിരിക്കേ, ഡൊമെയിന്‍ പേരുകള്‍ മാത്രമെന്തേ ഇംഗ്ലീഷില്‍ എന്നായിരുന്നു കമ്പ്യൂട്ടിംഗ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തപ്പെട്ട ചോദ്യം. താന്താങ്ങളുടെ ഭാഷയില്‍ ഡൊമെയിന്‍ പേരുകള്‍ ഇല്ലാത്തതിനാല്‍ നെറ്റിന്‍റെ പ്രയോജനങ്ങള്‍ നിഷേധിക്കപ്പെട്ട കോടിക്കണക്കിന് ആളുകള്‍ക്ക് ഐ‌ഡി‌എന്‍ കൂടിയേ കഴിയൂ എന്ന് കമ്പ്യൂട്ടര്‍ ലോകത്തിന് തിരിച്ചറിയാതെ വയ്യല്ലോ!

ആദ്യമായി ഒരു ഐ‌ഡി‌എന്‍ പ്രപ്പോസല്‍ ഉണ്ടാക്കിയത് മാര്‍ട്ടിന്‍ ഡുര്‍സ്റ്റ് ആണ്. 1996-ലാണത് നടന്നത്. പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നതും ഐഡി‌എന്‍ നടപ്പിലാക്കിയതും എന്‍റെ നേതൃത്വത്തില്‍ ആയിരിന്നു എന്ന് പറയാന്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. അവസാനം, ‘ഇന്‍റര്‍നാഷണലൈസിംഗ് ഡൊമെയിന്‍ നെയിംസ് ഇന്‍ ആപ്ലിക്കേഷന്‍സ്’ (IDNA) എന്ന സിസ്റ്റം ഒരു മാനദണ്ഡമായി അംഗീകരിക്കപ്പെടുകയും പല ടോപ്പ്‌ലെവല്‍ ഡൊമെയിനുകളിലും നടപ്പാക്കപ്പെടുകയും ചെയ്തു.


ചോദ്യം: പ്രാദേശിക ഭാഷകളിലുള്ള ഡൊമെയിന്‍ പേരുകള്‍ ഇപ്പോഴൊരു ഉപയോക്താവിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടോ?

ഉത്തരം: ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ, നെറ്റിന്‍റെ തുടക്കം തൊട്ടേ പ്രാദേശിക ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ വേണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. 1998 തൊട്ട് ഇതിനായുള്ള പരിശ്രമങ്ങളില്‍ കമ്പ്യൂട്ടര്‍ ലോകം മുഴുകി. തുടര്‍ന്ന് ഐ‌ഡി‌എന്‍ സിസ്റ്റം ഏകീകരിക്കുന്നതിന് ‘ഇന്‍റര്‍നെറ്റ് കണ്‍‌സോര്‍ഷ്യം ഫോര്‍ അസൈന്‍‌ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സ്’ (ICANN) എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു.

എന്നാല്‍ ലക്‌ഷ്യം കൈവരിക്കുന്നതിന് ഏകദേശം 10 വര്‍ഷം എടുത്തു. 2009 ഒക്‌ടോബറില്‍, പ്രാദേശിക ഭാഷാ ലിപികള്‍ക്കായുള്ള IDNA മാനദണ്ഡം ഉപയോഗിക്കുന്ന, പ്രാദേശികവല്‍‌ക്കരിക്കപ്പെട്ട കണ്‍‌ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ സൃഷ്ടിക്കപ്പെട്ടതായി ICANN അറിയിച്ചു. 2010 മെയ് മാസത്തില്‍ DNS റൂട്ട് സോണില്‍ ആദ്യത്തെ IDN കണ്‍‌ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ സംസ്ഥാപിക്കപ്പെട്ടു.

ഇപ്പോള്‍ ഐ‌-ഡി‌എന്‍‌എസ് ഡോട്ട് നെറ്റ് (i-DNS.net) പോലുള്ള കമ്പനികള്‍ അറുപതിലധികം പ്രാദേശിക ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. സമീപ ഭാവിയില്‍ ഭാഷകളുടെ എണ്ണം കൂടും.


ചോദ്യം: അപ്പോള്‍ അടുത്തുതന്നെ, മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ഡൊമെയിന്‍ പേരുകള്‍ ഇന്ത്യയിലെ നെറ്റ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും എന്ന് സാരം! എന്നാല്‍, ഡൊമെയിന്‍ പേരുകള്‍ക്ക് ഇംഗ്ലീഷ് അല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ കഴിയുന്ന നില വരുന്നത് എങ്ങിനെയാണ് ഭാഷാ കമ്പ്യൂട്ടിംഗിനെ സഹായിക്കുക?

ഉത്തരം: ജനങ്ങള്‍ക്ക് വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എത്തിക്കുക എന്നതാണ് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ അടിസ്ഥാന തത്വം. സ്വന്തം ഭാഷയില്‍ നെറ്റ് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ‘ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല’ എന്നാണ് സാധാരണയായി നാം കേട്ടുവരുന്ന ഒരു വാചകം. കമ്പ്യൂട്ടര്‍ പ്രാദേശിക ഭാഷയില്‍ ആയാലും, നെറ്റ് ഉപയോഗിക്കണമെങ്കില്‍ വീണ്ടും ഇംഗ്ലീഷിനെ തന്നെ ആശ്രയിക്കേണ്ടി വരും. ഡൊമെയിന്‍ പേരുകള്‍ ഭാഷകളില്‍ ആകുന്നതോടെ ഈ പരിമിതിയാണ് ഭേദിക്കപ്പെടുന്നത്. ഇത്, നെറ്റിന്‍റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കും എന്ന് തീര്‍ച്ച.


ചോദ്യം: ആസ്കി (ASCII) അല്ലെങ്കില്‍ ലാറ്റിന്‍ അധിഷ്ഠിത ഡൊമെയിന്‍ പേരിനെ പോലെ, ഇ-മെയില്‍ ഐഡിയും വലിയൊരു പരിമിതിയല്ലേ? എപ്പോഴാണ് പ്രാദേശിക ഭാഷകളില്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കാനാകുക?

ഉത്തരം: ടോപ്പ് ലെവലില്‍ ഐ‌ഡി‌എന്നുകള്‍ ഉപയോഗിക്കുന്നത് ICANN ഈയടുത്തിടെ അംഗീകരിച്ചിട്ടുണ്ട്. ഇ-മെയില്‍ വിലാസങ്ങളില്‍ ഇംഗ്ലീഷ് മാത്രം എന്ന പരിമിതി അതോടെ ഇല്ലാതായി. തത്വത്തില്‍, ഉപയോക്താക്കള്‍ക്ക് അവരവരുടെ ഭാഷകളില്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നതിനുള്ള സൌകര്യം നിലവില്‍ വന്നുകഴിഞ്ഞു. ഇന്ത്യന്‍ ഭാഷകളിലൊക്കെ ഈ സ്ഥിതി വരുന്നതിന് കുറച്ചുകാലം എടുത്തേക്കാം എന്നും പറയട്ടെ.


ചോദ്യം:  ഇംഗ്ലീഷിലും പ്രധാന ഇന്ത്യന്‍ ഭാഷകളിലും ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലാ‍ണ് ഭാഷാ‌ഇന്ത്യ എന്ന് താങ്കള്‍ക്ക് അറിയാമായിരിക്കും. ഒരു ഭാഷാ കമ്പ്യൂട്ടിംഗ് സ്നേഹിയും വിദഗ്ധനും എന്ന നിലയില്‍, ഭാഷാ‌ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങിനെ കാണുന്നു? എന്തെങ്കിലും നിര്‍‌ദേശങ്ങള്‍ ഉണ്ടോ?

ഉത്തരം:  ഞാന്‍ ഭാഷാ‌ഇന്ത്യ കാണാറുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടി ഞാന്‍ ഭാഷാ‌ഇന്ത്യ റെഫര്‍ ചെയ്യാറുമുണ്ട്. ‘ഇന്‍റര്‍നാഷണലൈസ്‌ഡ് ഡൊമൈന്‍ നെയി’മുകളെ പറ്റി മണിയവുമായി (i-DNS.net ഇന്‍റര്‍നാഷണല്‍ ഇന്‍‌ക്) ഭാഷാ‌ഇന്ത്യ നടത്തിയ അഭിമുഖം ഈയടുത്ത് ഞാന്‍ വായിക്കുകയുണ്ടായി.

കുറച്ചുകൂടി ആകര്‍ഷകമായ വിഭവ സ്രോതസായി ഭാഷാ‌ഇന്ത്യയെ മാറ്റാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. സാധാരണക്കാരും ഭാഷാ‌ഇന്ത്യയില്‍ വരട്ടെ, കമ്പ്യൂട്ടര്‍ എന്തൊക്കെ ഗുണഫലങ്ങളാണ് നല്‍‌കുന്നതെന്ന് അവര്‍ മനസിലാക്കട്ടെ. വിവരസാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കാനുള്ള ഉദ്യമങ്ങള്‍ ഉണ്ടാകട്ടെ. പ്രാദേശിക ഭാഷകള്‍ തലയുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു എന്നും ഇംഗ്ലീഷിനെ ഭയക്കേണ്ടെന്നും അവരെ ഉദ്ബോധിപ്പിക്കുക.