ഭാഷാ ഡൊമെയിന്‍ പേരുകളെ പറ്റി മണിയം
നെറ്റില്‍ പ്രവേശിക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണെന്ന രീതിക്ക് ബദല്‍ സംവിധാനങ്ങള്‍ ചിന്തിച്ചുതുടങ്ങിയ കുറച്ച് പേര്‍, ഇന്റര്‍നെറ്റും അനുബന്ധ സാങ്കേതികവിദ്യകളും നിലവില്‍ വന്ന കാലഘട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു. കമ്പ്യൂട്ടറും നെറ്റ് പ്രവേശനവും ഭാഷകളിലായാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ പ്രയോജനങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. ഇവര്‍ അതിനായി സ്വപ്നം കാണാനും പദ്ധതികള്‍ ആവിഷ്കരിക്കാനും തുടങ്ങി. അവരില്‍ ഒരാളായിരുന്നു എസ് മണിയം. ഇപ്പോള്‍ പല ലോക ഭാഷകളിലും യുആര്‍എല്‍ ടൈപ്പുചെയ്യാം. അടുത്തുതന്നെ ഇന്ത്യന്‍ ഭാഷകള്‍ക്കും ഈ സംവിധാനം ഒരുങ്ങുകയാണ്. ഈ മുഹൂര്‍ത്തത്തില്‍ മണിയത്തിനും അഭിമാനിക്കാം.
ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഭൂരിപക്ഷത്തിന് കയ്യെത്താവുന്ന ദൂരത്തില്‍ കമ്പ്യൂട്ടിംഗിന്റെ നേട്ടങ്ങള്‍ എത്തിക്കണം എന്ന ശാഠ്യവും ഭാഷാ കമ്പ്യൂട്ടിംഗിനോടുള്ള പ്രതിപത്തിയും എസ് മണിയത്തെ ഉന്നതങ്ങളില്‍ എത്തിച്ചു. പ്രാദേശികവല്‍ക്കരിക്കപ്പെട്ട ഡൊമെയിന്‍ പേരുകള്‍ക്കായുള്ള (ഇന്റര്‍നാഷണലൈസ്ഡ് ഡൊമെയിന്‍ നെയിം - IDN) സ്ഥാപനമായ ഐ-ഡിഎന്‍എസുമായി (i-DNS) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് മണിയം ഇപ്പോള്‍. വിവിധ സര്‍ക്കാരുകളും സ്ഥാപനങ്ങളും നടത്തുന്ന ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങളുടെ ഭാഗം കൂടിയാണ് ഈ ഭാഷാസ്‌നേഹി. എസ് മണിയവുമായി ഭാഷാഇന്ത്യ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇതാ.
ചോദ്യം: നമുക്കിപ്പോള്‍ .com, .net, .org എന്ന് തുടങ്ങി .in വരെയുള്ള ഡൊമെയിന്‍ നെയിം വാലറ്റങ്ങള്‍ (എക്സ്റ്റന്‍ഷനുകള്‍) ലഭ്യമാണ്. ഇതൊക്കെയും ലാറ്റിന്‍ ലിപിയെ (ഇംഗ്ലീഷ് ഭാഷയെ) ആണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാലിപ്പോള്‍ ഭാഷയില്‍ ഡൊമെയിന്‍ പേരുകളും ഡൊമെയിന്‍ നെയിം വാലറ്റങ്ങളും ഉപയോഗപ്പെടുത്താവുന്ന രീതി (ഐഡിഎന്‍ സാങ്കേതികവിദ്യ) വരികയാണ്. ഐഡിഎന്‍ സാങ്കേതികവിദ്യയെ പറ്റി ചുരുക്കിയൊന്ന് വിവരിക്കാമോ?
ഉത്തരം: ഡൊമെയിന്‍ പേരുകള്‍ റോമന്‍ അല്ലാത്ത ഭാഷകളില്‍ റെന്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന ഒരു സാങ്കേതികത ഇല്ലാതിരുന്നതാണ് നമുക്ക് .com, .net, .org എന്ന് തുടങ്ങി .in വരെയുള്ള ഡൊമെയിന്‍ നെയിം വാലറ്റങ്ങളിലും ഇംഗ്ലീഷിലുള്ള ഡൊമെയിന്‍ പേരുകളിലും കടിച്ചുതൂങ്ങി കിടക്കേണ്ടി വന്നതിന് കാരണം. ഇംഗ്ലീഷ് അക്ഷരമാലയെ അടിസ്ഥാനപ്പെടുത്തിയുള്ള ആസ്കിയെ (ASCII) ആയിരുന്നു ‘ഡൊമെയിന്‍ നെയിം സംവിധാനം’ ആശ്രയിച്ചിരുന്നത്.
നിങ്ങള്‍ സൂചിപ്പിച്ചത് പോലെ നമുക്കിപ്പോള്‍ ഒരുപാട് ‘ജെനെറിക് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍’ (gTLDs) ഉണ്ട്. യുആര്‍എല്‍ വരിയില്‍ കുത്തിന് ശേഷം വരുന്ന .com, .biz അല്ലെങ്കില്‍ .org എന്നിങ്ങനെയുള്ള വാലറ്റങ്ങളെയാണ് ജിടിഎല്‍ഡികള്‍ എന്ന് പറയുന്നത്. കുറച്ചുകാലം മുമ്പാണ് ‘കണ്‍ട്രി ടോപ്പ് ലെവല്‍ ഡൊമെയിന്‍’ ആയ .in വരുന്നത്. ഏകദേശം 4 ലക്ഷം കണ്‍ട്രി ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജെനെറിക് അല്ലെങ്കില്‍ കണ്‍ട്രി ടോപ്പ് ലെവല്‍ ഡൊമെയിനുകളൊന്നും സാധാരണക്കാരെ കമ്പ്യൂട്ടിംഗിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അനുവദിക്കില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് ഭാഷകളിലുള്ള ഡൊമെയിന്‍ പേരുകളുടെ പ്രാധാന്യം.
മറ്റേതൊരു ഡൊമെയിന്‍ പേരും പോലെത്തന്നെയാണ് പ്രാദേശികവല്‍ക്കരിച്ച ഡൊമെയിന്‍ പേരും പ്രവര്‍ത്തിക്കുക. ബ്രൌസറിന്‍റെ യൂആര്‍എല്‍ ബാറില്‍ നിങ്ങള്‍ ഒരു ഡൊമെയിന്‍ നെയിം ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുമ്പോള്‍ നിര്‍ദേശം നിങ്ങളുടെ ഐഎസ്‍പിയില്‍ എത്തുന്നു. നിങ്ങള്‍ ടൈപ്പുചെയ്തത് എന്താണെന്ന് മനസിലാക്കി അതിനനുസരിച്ച് ഫലം നല്‍കാന്‍ ഐഎസ്‍പി ശ്രമിക്കുന്നു. ഇതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ നിര്‍ദേശം ഗേറ്റ്‌വേയിലൂടെ റൂട്ട് സെര്‍വറില്‍ എത്തും.
റൂട്ട് സെര്‍വറുകള്‍ കൈകാര്യം ചെയ്യുന്നത് ഐകാനിന് (ICANN – ഡൊമെയിന്‍ പേരുകള്‍ നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്‍റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നംബേഴ്സ് ആന്‍ഡ് നെയിംസ് എന്ന സ്ഥാപനം) കീഴിലുള്ള ഇന്‍റര്‍നെറ്റ് അസൈന്‍ഡ് നംബേഴ്സ് അതോറിറ്റി (IANA) ആണ്.
രണ്ട് തരത്തിലുള്ള ഭാഷാ ഡൊമെയിന്‍ പേരുകള്‍ ഉണ്ട്. ആദ്യത്തേത് ജെനെറിക് പേരുകളായ .com, .biz, .org എന്നിവയാണ്. രണ്ടാമത്തേത് .in, .cn, .jp തുടങ്ങിയ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകളാണ്. ഭാഷകളില്‍ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ വേണമെങ്കില്‍ സര്‍ക്കാരാണ് ഇതിനായി അപേക്ഷിക്കേണ്ടത്.
ഭാഷാ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ അനുവദിക്കപ്പെട്ടാല്‍ ഐകാന്‍ സാങ്കേതിക കമ്മറ്റി അത് ഉപയോഗത്തില്‍ വരുത്തുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതുവരെ ലോകമെമ്പാടും നിന്നായി 12 ഭാഷകളിലാണ് ഭാഷാ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. അടുത്തുതന്നെ ഇന്ത്യന്‍ സര്‍ക്കാരും ഭാഷാ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ക്കായി അപേക്ഷ നല്‍കുമെന്ന് അറിയുന്നു. എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ 2011-ല്‍ ഇന്ത്യന്‍ ഭാഷകളിലുള്ള ഡൊമെയിന്‍ പേരുകള്‍ ഉപയോഗിക്കാനാകും.
ചോദ്യം: ഭാഷാ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ അനുവദിക്കപ്പെട്ടാല്‍ എല്ലാ ഭാഷകളും അതില്‍ ഉള്‍പ്പെടുമോ?എങ്ങിനെയായിരിക്കും .in എന്നത് ഇന്ത്യന്‍ ഭാഷകളില്‍ എഴുതുക?
ഉത്തരം: ഇന്ത്യയെപ്പോലെ ബഹുഭാഷാകേന്ദ്രീകൃതമായ ഒരു രാജ്യം ലോകത്തില്‍ മറ്റ് എവിടെയും ഇല്ല. യുണൈറ്റഡ് നേഷന്‍സിന്‍റെ പട്ടികയില്‍ ഇന്ത്യയില്‍ 18 പ്രധാന ഭാഷകള്‍ ഉണ്ടെന്ന് കാണുന്നു. നമ്മുടെ എല്ലാ ഭാഷകള്‍ക്കും ഭാഷാ കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് രണ്ടോ മൂന്നോ കിട്ടിയേക്കും. അതിലും കൂടുതല്‍ കിട്ടുമോ എന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ല.
കണ്‍ട്രി കോഡ് ടോപ്പ് ലെവല്‍ ഡൊമെയിനായ .in എന്നതിനായി ഹിന്ദിയില്‍ ‘ഭാരത്’ എന്നായിരിക്കും എഴുതുക. തമിഴില്‍ അത് ‘ഭാരതം’ എന്നായിരിക്കും എന്ന് തോന്നുന്നു.
ജെനെറിക് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ ഇപ്പോള്‍ തന്നെ ഭാഷകളില്‍ നിലവിലുണ്ട്. ജെനെറിക് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ക്കായി ഐ-ഡിഎന്‍എസിന് ഒരുപാട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. .com എന്ന ഡൊമെയിന്‍ നെയിം വാലറ്റം തമിഴില്‍ .വണി എന്നാണ് എഴുതുന്നത്. .net എന്നതിന് .ഇണൈ എന്നെഴുതും. .org എന്നത് തമിഴില്‍ .ഇണൈ എന്നാകും. മറ്റ് ഭാഷകളിലും ജെനെറിക് ടോപ്പ് ലെവല്‍ ഡൊമെയിനുകള്‍ക്ക് മൊഴിമാറ്റിയ രൂപങ്ങളുണ്ട്.

ചോദ്യം: ഇന്‍റര്‍നെറ്റ് ഡൊമെയിന്‍ പേരുകള്‍ ഭാഷകളില്‍ കൊണ്ടുവന്നാല്‍ എന്തൊക്കെ തരത്തിലുള്ള നേട്ടങ്ങളാണ് ഭാഷാ കമ്പ്യൂട്ടിംഗ് ഉണ്ടാവുക?
ഉത്തരം: ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ലോക ജനസംഖ്യയില്‍ 60 ശതമാനം ആളുകള്‍ക്കും ഇംഗ്ലീഷ് അറിയില്ല. ഇംഗ്ലീഷില്‍ ചെറിയൊരു പരിജ്ഞാനമെങ്കിലും ഇല്ലെങ്കില്‍ ആര്‍ക്കും നെറ്റ് ഉപയോഗിക്കാനാവില്ലെന്ന് അറിയാമല്ലോ? ഈയൊരു കടമ്പയാണ് ഭാഷകളിലുള്ള ഡൊമെയിന്‍ പേരുകള്‍ മാറ്റിയെടുക്കാന്‍ പോകുന്നത്.
എപ്പോള്‍ എല്ലായിടത്തും കേള്‍ക്കുന്നത് പ്രാദേശികവല്‍ക്കരണം (ലോക്കലൈസേഷന്‍) എന്ന മന്ത്രമാണ്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഓഫീസ് സ്യൂട്ടുകളും ആപ്ലിക്കേഷനുകളുടെ യൂസര്‍ ഇന്‍റര്‍ഫേസും ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്നു അല്ലെങ്കില്‍ പ്രാദേശികവല്‍ക്കരിക്കപ്പെടുന്നു. നല്ലതുതന്നെ! എന്നാല്‍ ഡൊമെയിന്‍ പേരുകളും ഇ-മെയില്‍ ഐഡികളും ഇംഗ്ലീഷില്‍ തന്നെ! ഇതിലൊരു വിരോധാഭാസം തോന്നുന്നില്ലേ? ഡൊമെയിന്‍ പേരുകളും ഇ-മെയില്‍ ഐഡികളും പ്രാദേശിക ഭാഷകളില്‍ വാരാത്തിടത്തോളം കമ്പ്യൂട്ടിംഗിന്‍റെ മുഴുവന്‍ പ്രയോജനങ്ങളും ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.
ഇംഗ്ലീഷ് അറിയാത്ത ഒരാള്‍ കമ്പ്യൂട്ടറിലേക്ക് ലോഗിന്‍ ചെയ്യുകയാണ് എന്നിരിക്കട്ടെ. തുടക്കം തൊട്ട് അവസാനം വരെയുള്ള പ്രവര്‍ത്തികളും അയാളുടെ ഭാഷയില്‍ തന്നെ ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. അങ്ങിനെയൊരു സംവിധാനം ഒരുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഭാഷയെ സംരക്ഷിക്കുകയും വളര്‍ത്തുകയുമാണ്. വിക്കിപ്പീഡിയ പോലുള്ള സംരംഭങ്ങളില്‍ ഇംഗ്ലീഷ് അറിയുന്നവര്‍ മാത്രമാണ് ഇപ്പോള്‍ പങ്കുചേരുന്നത്. കമ്പ്യൂട്ടറും നെറ്റ് പ്രവേശനവും പ്രാദേശികഭാഷകളില്‍ ആയാല്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇത്തരം സംരംഭങ്ങളില്‍ അണിചേര്‍ന്ന് ഭാഷയെ, ഉള്ളടക്കത്തെ പരിപോഷിപ്പിക്കാം. പ്രാദേശികവല്‍ക്കരിക്കപ്പെട്ട ഡൊമെയിന്‍ പേരുകളും ഇ-മെയില്‍ ഐഡികളും ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും നെറ്റ് സംസ്കാരത്തെ മാറ്റിമറിക്കുമെന്ന് നിസ്സംശയംപറയാം.
ചോദ്യം: ഇന്ത്യന്‍ ഭാഷകള്‍ അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ഇന്‍റര്‍നെറ്റ് ഡൊമെയിനുകള്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഐ-ഡിഎന്‍എസ് എന്ന സ്ഥാപനത്തിലാണല്ലോ താങ്കള്‍ ജോലിനോക്കുന്നത്. ഐ-ഡിഎന്‍എസിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റിചുരുക്കി വിവരിക്കാമോ?
ഉത്തരം: ഐ-ഡിഎന്‍എസ് ഉത്ഭവിക്കുന്നത് 1998-ലാണ്. ആദ്യകാലത്ത് ഞങ്ങള്‍ ഇന്‍റര്‍നെറ്റ് ഗവേഷണത്തിലാണ് ശ്രദ്ധയൂന്നിയിരുന്നത്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍റര്‍നെറ്റ് റിസേര്‍ച്ച് ഡവലപ്പ്‌മെന്‍റ് യൂണിറ്റിന് വേണ്ടിയാണ് ഐ-ഡിഎന്‍എസ് ആദ്യത്തെ പ്രോജക്റ്റ് ചെയ്യുന്നത്.
ഗവേഷണ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോളാണ് പ്രാദേശിക ഭാഷകളില്‍ ഡൊമെയിന്‍ പേരുകള്‍ വേണമെന്ന ആവശ്യം ആദ്യമായി ഞങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. അതുവരെയുള്ള ചിന്ത റോമന്‍ ലിപിയില്‍ എഴുതുന്ന ഡൊമെയിന്‍ പേരുകളും ഇ-മെയില്‍ ഐഡികളും മാത്രം ലോകത്തിന് മതിയെന്നായിരുന്നു. എന്നാല്‍ ലോകജനസംഖ്യയിലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്ത 60 ശതമാനം പേര്‍ എന്ത് ചെയ്യുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത.
സിംഗപ്പൂര്‍ ആസ്ഥാനമാക്കിയാണ് ഐ-ഡിഎന്‍എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് എന്നതിനാല്‍ സിംഗപ്പൂരിലെ പ്രധാന ഭാഷകള്‍ക്കായി പ്രാദേശികവല്‍ക്കരിച്ച ഡൊമെയിന്‍ പേരുകള്‍ക്കായി ശ്രമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങിനെ സുപ്രധാനമായ സിജെകെ (ചൈനീസ്, ജപ്പാനീസ്, കൊറിയന്‍) പ്രൊപ്പോസല്‍ ഞങ്ങള്‍ തയ്യാറാക്കി. തുടര്‍ന്ന് ഏഷ്യാ പസഫിക് നെറ്റ്‌വര്‍ക്കിംഗ് ഗ്രൂപ്പ് (APNG) രൂപീകരിച്ചു. ഭാഷകള്‍ക്കായി പ്രാരംഭ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഫെബ്രുവരി, 1999-ല്‍, 8 രാജ്യങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഏഷ്യാ പസഫിക് ഐ-ഡിഎന്‍എസ് ടെസ്റ്റ് ബെഡ് സമാരംഭിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ക്കായുള്ള സേവനങ്ങള്‍ 2000-ല്‍ ആരംഭിക്കുകയും ചെയ്തു.
ഇന്‍റര്‍നെറ്റില്‍ ഭാഷാ വരമ്പുകള്‍ ഭേദിക്കാനുള്ള സൊലൂഷനുകള്‍ വികസിപ്പിച്ച് എടുക്കുകയാണ് ഐ-ഡിഎന്‍എസിന്‍റെ ലക്‌ഷ്യം.
കമ്യൂണിക്കേഷനും ഇ-കൊമേഴ്സിനുമായുള്ള ആഗോള മാധ്യമമായി ഇന്‍റര്‍നെറ്റ് വളരണമെങ്കില്‍ റോമന്‍ ലിപിയിലല്ലാത്ത ലിപികള്‍ക്കും ഇന്‍റര്‍നെറ്റില്‍ സമ്പൂര്‍ണ പിന്തുണ ഉണ്ടാകണമെന്ന് ഐ-ഡിഎന്‍എസ് തിരിച്ചറിയുന്നു. ബഹുഭാഷാ ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും പ്രാദേശിക ഭാഷാ ലിപിക്ക് ഇന്‍റര്‍നെറ്റില്‍ സമ്പൂര്‍ണ പിന്തുണ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവരും ഉള്ളവരും തമ്മിലുള്ള ‘ഡിജിറ്റല്‍ വിടവ്’ നികത്താനുള്ള ശ്രമത്തിലാണ് ഈ സ്ഥാപനം.
ചോദ്യം: മറ്റുള്ള പല രാജ്യങ്ങളിലെയും ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ള ഒരാളെന്ന നിലയ്ക്ക് താങ്കള്‍ എങ്ങിനെയാണ് ഇന്ത്യയില്‍ നടക്കുന്ന ഭാഷാ കമ്പ്യൂട്ടിംഗ് സമ്രംഭങ്ങളെ കാണുന്നത്? ഭാഷാ കമ്പ്യൂട്ടിംഗിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടത്?
ഉത്തരം: ഇന്ന്, ചൈനയടക്കമുള്ള പല രാജ്യങ്ങളും കമ്പ്യൂട്ടിംഗ് കാര്യങ്ങള്‍ക്കായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നില്ല. ഇംഗ്ലീഷ് പരിജ്ഞാനം ഒട്ടും ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ രാജ്യങ്ങള്‍ കമ്പ്യൂട്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പൌരന്മാര്‍ വീട്ടമ്മമാരോ കര്‍ഷകരോ വിദ്യാര്‍ത്ഥികളോ ആകട്ടെ, ചൈനീസ് ഭാഷയിലാണ് കമ്പ്യൂട്ടര്‍ എന്നതിനാല്‍ അവര്‍ക്ക് ചൈനയില്‍ കമ്പ്യൂട്ടിംഗ് ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നു. ചൈനയില്‍ സാധാരണക്കാര്‍ക്ക് പോലും കമ്പ്യൂട്ടിംഗിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നത് ഭാഷാ കമ്പ്യൂട്ടിംഗില്‍ അവര്‍ ശ്രദ്ധ കൊടുത്തതിനാലാണ്. ഒരൊറ്റ ദിവസത്തെ പ്രയത്ന ഫലമല്ല ഇതെന്നും ഓര്‍ക്കണം..
നമ്മുടെ തലസ്ഥാനമായ ദല്‍ഹിയില്‍ ഐകാന്‍ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി വെറും 228 പേര്‍ മാത്രമാണ് ഈ മീറ്റിംഗില്‍ പങ്കെടുത്തത്. എന്നാല്‍ ഇതേപോലുള്ള മീറ്റിംഗ് ചൈനയില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് ഭാഷാസ്‌നേഹികളാണ് പങ്കെടുക്കാന്‍ വന്നത്. ഇന്ത്യയില്‍ നമ്മള്‍ ഇപ്പോഴും ഭാഷാ കമ്പ്യൂട്ടിംഗിനെ പറ്റി ഗൌരവതരമായി കാണുന്നില്ല.
ലോക്കലൈസേഷന്‍റെ ആദ്യ മന്ത്രം പ്രൊസസ്സുകളുടെ ഏകീകരണം (സ്റ്റാന്‍ഡേഡൈസേഷന്‍) ആയിരിക്കണം. ഇന്ത്യന്‍ ഭാഷകളുടെ അവസ്ഥ നോക്കൂ. നൂറുകണക്കിന് ആസ്കി ഫോണ്ടുകളും നൂറുകണക്കിന് ടൈപ്പിംഗ് രീതിയും (കീബോര്‍ഡ് ലേഔട്ട്)! ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്‌ധരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെര്‍ന്ന് ഇതൊക്കെ ഏകീകരിക്കേണ്ടതുണ്ട്. ചില ഭാഷകളില്‍ ഏകീകരണം വന്നുകഴിഞ്ഞു. എന്നാല്‍ ചില ഭാഷകളില്‍ അതിനിയും നടക്കാനുണ്ട്.
രണ്ടാമത്തെ കാര്യം എല്ലാവരും യൂണീക്കോഡ് ഉപയോഗിക്കാന്‍ തുടങ്ങണം എന്നതാണ്. ചിലര്‍ ഇപ്പോഴും ആസ്കി ഫോണ്ടുകളില്‍ തൂങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. ഇത് തടഞ്ഞ് എല്ലാവരെയും യൂണീക്കോഡിലേക്ക് മാറ്റേണ്ടതുണ്ട്. ചില പബ്ലിഷിംഗ് സോഫ്റ്റ്‌വെയര്‍ യൂണീക്കോഡ് പിന്തുണയ്ക്കാത്തതിനാല്‍ ആണ് ആസ്കിയില്‍ തുടരുന്നതെന്ന് ചിലര്‍ എന്നോട് പറയുകയുണ്ടായി. ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കണം. സര്‍ക്കാരിന് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന കമ്പനികളോട് ഇതിനായി ആവശ്യപ്പെടാവുന്നതാണ്. ചൈനയൊക്കെ അങ്ങിയെനാണ് ചെയ്യുന്നത്.
അടുത്ത പടിയായി ഞാന്‍ കാണുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ഇടപെടലാണ്. ഭാഷാ കമ്പ്യൂട്ടിംഗ് വരും തലമുറകളിലേക്ക് എത്തിക്കണമെങ്കില്‍ സിലബസില്‍ അത് ഉള്‍പ്പെടുത്തിയേ മതിയാകൂ. തമിഴ്നാട്ടിലെ സ്കൂളുകളിലെല്ലാം തമിഴ് നിര്‍ബന്ധമായി പഠിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശ്രദ്ധയില്‍ പെട്ടു. നല്ല കാര്യം! ഒപ്പം തന്നെ തമിഴ് യൂണീക്കോഡ് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ പഠിപ്പിക്കണം. ഇത് നിര്‍ബന്ധമായും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
നമുക്കുള്ളത് ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരാണ്. ചോദിച്ചാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും കമ്പ്യൂട്ടിംഗ് അറിയാം. എന്നാല്‍ അവര്‍ അവരുടെ സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടിംഗ് നടത്തുമോ? നമ്മള്‍ നമ്മുടെ ഭാഷയില്‍ കമ്പ്യൂട്ടിംഗ് നടത്താത്തിടത്തോളം വിദേശഭാഷയായ ഇംഗ്ലീഷിനെ ആശ്രയിച്ചേ മതിയാകൂ. ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ഇടപെടല്‍ സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
ചോദ്യം: ഭാഷാഇന്ത്യയെ പറ്റിയും ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗില്‍ ഭാഷാഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ പറ്റിയും താങ്കളുടെ അഭിപ്രായമെന്ത്? എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടോ?
ഉത്തരം: ഭാഷാഇന്ത്യ പോലുള്ള സംരംഭങ്ങളില്‍ ഞാന്‍ അതീവ തല്‍പരനാണ്. ഇന്ത്യയില്‍, ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയില്‍, ഭാഷാഇന്ത്യ പോലുള്ള മറ്റൊരു പോര്‍ട്ടല്‍ ഉള്ളതായി എനിക്കറിയില്ല. ഭാഷാ കമ്പ്യൂട്ടിംഗിനെ സഹായിക്കുന്ന തരത്തിലുള്ള ടൂളുകളും ഫ്രീവെയറുകളും ഭാഷാഇന്ത്യ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു.
ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് നടക്കുന്ന ചലനങ്ങളെ പറ്റി അപ്പപ്പോള്‍ അറിയിക്കാനുള്ള സംവിധാനം ഭാഷാഇന്ത്യ ഒരുക്കണം. ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നിരവധി സെമിനാറുകളും വര്‍ഷോപ്പുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളുമെല്ലാം നറ്റക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇവയ്ക്കൊന്നും പ്രാധ്യാന്യം നല്‍കിക്കാണാറില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കും താല്‍പര്യമില്ല. ഭാഷാഇന്ത്യക്ക് അത്തരം പരിപാടികള്‍ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കാനാകും. ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് നടക്കുന്ന മിടിപ്പുകളെ പറ്റി ഭാഷാസ്‌നേഹികള്‍ അറിയട്ടെ.