വികസനം ഭാഷാ കമ്പ്യൂട്ടിംഗിലൂടെ

A Pioneer in Tamil Computing and Vernacular Online Domains

Mr. AntoPeter കമ്പ്യൂട്ടര്‍ പഠനസഹായികള്‍, സാങ്കേതികപദ നിഘണ്ടു, അനിമേഷനെയും മള്‍ട്ടീമീഡിയയെയും പറ്റിയുള്ള കൈപ്പുസ്തകങ്ങള്‍ തുടങ്ങി മുപ്പതോളം കൃതികള്‍. ഇന്റര്‍നെറ്റ് ഇന്ത്യയില്‍ കാലൂന്നി അല്‍‌പ്പം കഴിയും മുമ്പുതന്നെ, തമിഴ് സിനിമാരംഗത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി തമിഴ്‌സിനിമ ഡോട്ട് കോം എന്ന സൈറ്റ്. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് താങ്ങും തണലും നല്‍‌കുന്ന സോഫ്റ്റ്‌വ്യൂ എന്ന കമ്പനി. ഭാഷാ കമ്പ്യൂട്ടിംഗ് സമൂഹങ്ങളിലും ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളിലും ക്രിയാത്മ പങ്കാളിത്തം.... ഇതൊക്കെയാണ് ആന്റോ പീറ്ററെന്ന തൂത്തുക്കുടിക്കാരനെ വ്യത്യസ്തനാക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സിലും കണക്കിലും ഉപരിപഠനം നടത്തിയതിന് ശേഷം ഭാഷാ കമ്പ്യൂട്ടിംഗിന്റെ മഹാസമുദ്രത്തില്‍ ഊളയിട്ടിറങ്ങിയ ആന്റോ പീറ്ററുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..
ഭാഷാ കമ്പ്യൂട്ടിംഗിന്റെ സാധ്യതകളിലൂടെ സോഫ്റ്റ്‌വെയര്‍ ലോക്കലൈസേഷന്‍ (പ്രാദേശികവല്‍‌ക്കരണം) യാഥാര്‍ത്ഥ്യമായി കഴിഞ്ഞിട്ടുണ്ട്. താങ്കള്‍ നടത്തിവരുന്ന കമ്പ്യൂട്ടര്‍ പഠന പരിശീലനക്കളരികളില്‍ ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട മോഡ്യൂളുകള്‍ ഉള്‍‌പ്പെടുത്തിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞു. ഭാഷാ കമ്പ്യൂട്ടിംഗോ പ്രാദേശികവല്‍‌ക്കരണമോ കരിയര്‍ ലൈനായി സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കാറുണ്ടോ? ഭാഷാ കമ്പ്യൂട്ടിംഗ്/പ്രാദേശികവല്‍‌ക്കരണ ജോലി സാധ്യതകളെ പറ്റി എന്താണ് പറയാനുള്ളത്?
ഇക്കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ഞാന്‍ കമ്പ്യൂട്ടര്‍ പരിശീലനക്കളരികള്‍ നടത്തിവരുന്നു. നമ്മുടെ നാടിന്റെ ശരിയായ വികസനത്തിന് ഇന്ത്യന്‍ ഭാഷകളുടെ വികസനം കൂടിയേ കഴിയൂ എന്ന തിരിച്ചറിവില്‍ നിന്നാണ് പരിശീലനക്കളരിയില്‍ ഭാഷാ കമ്പ്യൂട്ടിംഗ് ഒരു മോഡ്യൂളായി ഉള്‍‌പ്പെടുത്തിയത്. സാങ്കേതികവിദ്യയുടെയും ഭാഷയുടെയും ‘റെയര്‍ കെമിസ്ട്രി’ ഉള്ളവരോട് ഞാന്‍ ഭാഷാ കമ്പ്യൂട്ടിംഗ് കരിയര്‍ ലൈനായി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

ഗ്ലോബലൈസേഷന്‍, ഇന്റര്‍നാഷണലൈസേഷന്‍, ലോക്കലൈസേഷന്‍ എന്നീ വാക്കുകള്‍ ഈയടുത്ത കാലത്താണ് ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍ സാധാരണവാക്കുകളായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്. വളരെ ലളിതമാണ് ഇതിനര്‍ത്ഥം - ഒരു മള്‍‌ട്ടിനാഷണല്‍ കമ്പനിക്കും ഇനി ജനങ്ങളുടെ ഭാഷകളിലേക്ക് ഇറങ്ങി വരാതെ ഉല്‍‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയില്ല. ഭാഷകളില്‍ സാങ്കേതികവിദ്യ ലഭ്യമാക്കാത്തിടത്തോളം രാഷ്ട്രം വികസിക്കുകയില്ല എന്നൊരര്‍ത്ഥം കൂടി ഈ വാക്കുകളുടെ പ്രചുരപ്രചാരത്തിന് പിന്നിലുണ്ട്.

സാങ്കേതികവിദ്യയെ ശരിയായി ഉപയോഗപ്പെടുത്തുന്ന മറ്റ് ഭാഷകള്‍ക്കൊപ്പം (ഉദാഹരണത്തിന് ഫ്രെഞ്ച്, ജപ്പാനീസ്, ചൈനീസ്) ഇന്ത്യന്‍ ഭാഷകളെ എത്തിക്കാന്‍ കഠിനപ്രയത്നം ആവശ്യമാണ്. ‘ഡിജിറ്റലി സമ്പന്നമായ’ ഇന്ത്യന്‍ ഭാഷകളിലൂടെയേ ഇന്ത്യക്ക് അടുത്ത വികസനക്കുതിപ്പ് നടത്താനാവൂ. അതുകൊണ്ടാണ് അടുത്ത അഞ്ചുവര്‍ഷ കാലയളവില്‍ അഞ്ച് ലക്ഷത്തോളം ലോക്കലൈസര്‍മാരെ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാന്‍ സാം പിട്രോഡ പറഞ്ഞത്. സത്യത്തില്‍ ഇതിന്റെ മൂന്നിരട്ടിയോളം ജോലിക്കാര്‍ വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്.
എന്തുതരത്തിലുള്ള പഠനരീതിയാണ് ഭാഷാ കമ്പ്യൂട്ടിംഗ്/പ്രാദേശികവല്‍‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കേണ്ടത്? ഭാഷാ കമ്പ്യൂട്ടിംഗ്/പ്രാദേശികവല്‍‌ക്കരണ ജോലി സാധ്യതള്‍ക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വേണ്ട മിനിമം യോഗ്യതയെന്ത്? എന്തുതരത്തിലുള്ള ജോലി സാധ്യതകളാണ് ഭാഷാ കമ്പ്യൂട്ടിംഗ്/പ്രാദേശികവല്‍‌ക്കരണ മേഖലയില്‍ ഇപ്പോഴുള്ളത്?
ആറ് ലക്ഷത്തോളം ഐടി എഞ്ചിനീയര്‍മാരാണ് തമിഴ്‌നാട്ടില്‍ മാത്രം ഒരുവര്‍ഷം പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഇവരില്‍ ശരിക്കും പ്രതിഭയുള്ളവര്‍ അനേകം പേരുണ്ട്. എന്നിട്ടും ഇന്ത്യക്ക് ഏറ്റവും ആവശ്യമുള്ള ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്തിന് വേണ്ടത്ര ഐടി വിദഗ്ധരെ കിട്ടുന്നുമില്ല. കാരണം, പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും ഒരേ ലക്‌ഷ്യം മാത്രം - വിദേശജോലി അല്ലെങ്കില്‍ ഏതെങ്കിലും എം.എന്‍.സി. ഇവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഇവരുടെ പാഠ്യവിഷയങ്ങളില്‍ ഭാഷാ കമ്പ്യൂട്ടിംഗ് എന്നൊരു മേഖലയേ ഇല്ലല്ലോ!

പ്രാദേശികവല്‍‌ക്കരണ വിപ്ലവത്തിന് യുവതലമുറയെ ഒരുക്കാന്‍ സ്കൂള്‍ തലത്തില്‍ തന്നെ ഭാഷാ കമ്പ്യൂട്ടിംഗ് ഒരു പാഠ്യവിഷയമായി ഉള്‍‌പ്പെടുത്തണം. ജേര്‍ണലിസം, മാനേജ്‌മെന്റ് പഠനരംഗം, വിഷ്വല്‍ കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ക്കായി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുമ്പോള്‍ ഭാഷാ കമ്പ്യൂട്ടിംഗും അവശ്യം പഠിപ്പിക്കേണ്ടതാണ്. സാങ്കേതികവിദ്യയിലും ഭാഷയിലും ഒരുപോലെ പ്രാവീണ്യമുള്ളവരെ തിരഞ്ഞുകണ്ടെത്തി പ്രത്യേക പരിശീലനം നല്‍കി പ്രാദേശികവല്‍‌ക്കരണ മേഖലയ്ക്കായി തയ്യാറെടുപ്പിക്കാം. സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ഭാഷാ കമ്പ്യൂട്ടിഗിംന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ വര്‍ക്ക്‌ഷോപ്പുകളും ആവശ്യം തന്നെ.

മലയാളമടക്കം മിക്ക ഇന്ത്യന്‍ ഭാഷകളിലും ഫോണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ട്. ഫോണ്ടിന്റെ കാര്യത്തില്‍ ഡിസൈനിംഗും കോണ്‍‌സപ്റ്റ് മേക്കിംഗുമാണ് പ്രധാനം. ഇതില്‍ പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 25 ശതമാനം മാത്രമേയുള്ളൂ. ലാംഗ്വേഗ് സിന്തസൈസിംഗ് ഐഡിയകള്‍, കാരക്ടര്‍ റെക്കൊഗ്നിഷന്‍ എന്നിവയ്ക്കുള്ള കഴിവാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തില്‍, സാങ്കേതികവിദ്യയേക്കാള്‍ ഭാഷാ പ്രാവീണ്യം തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് വേണ്ടത്.

ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, ഡെസ്ക്‌ടോപ്പ് ആപ്ലിക്കേഷനുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെയുള്ളവയുടെ പ്രാദേശികവല്‍ക്കരണമാണ് ഇപ്പോള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം തന്നെ തനത് ഭാഷാ സോഫ്റ്റ്‌വെയര്‍, ഫോണ്ട് ഡിസൈന്‍ എന്നീ പ്രവര്‍ത്തനമേഖലകളും പ്രവര്‍ത്തനനിരതമാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ച രീതിയില്‍ ‘ഡിജിറ്റലി സമ്പന്നമായ’ ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടിയുള്ള പ്രയത്നങ്ങളും ഭാഷാ കമ്പ്യൂട്ടിംഗിന്റെ പരിധിയില്‍ വരും.
പ്രാദേശികവല്‍ക്കരണ മേഖലയില്‍ ചില മാറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇംഗ്ലീഷിനെ ആശ്രയിച്ചാണ് അവയൊക്കെയും നടക്കുന്നത്. സോഫ്റ്റ്‌വെയറുകള്‍ പ്രാദേശികവല്‍ക്കരിക്കുമ്പോള്‍ പലപ്പോഴും പ്രാദേശിക ഭാഷയുടെ തനത് വാക്യഘടന ഉപയോഗിക്കാന്‍ കഴിയാറില്ല. പകരം, ഇംഗ്ലീഷ് വാക്യഘടനയെ അനുകരിക്കുകയാണ് ചെയ്യുന്നത്. അതുപോലെ, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പുചെയ്യാന്‍ ഉപയോഗിക്കുന്ന ട്രാന്‍‌സ്‌ലിറ്ററേഷന്‍ സ്കീം (ലിപ്യന്തരണ രീതി), ഇംഗ്ലീഷ് അക്ഷരങ്ങള്‍ (റോമന്‍ ലിപി) അടിസ്ഥാനമാക്കിയുള്ള രീതി. ഇതൊക്കെ ആശ്വാസ്യകരമായ പ്രവണതകളാണോ?
സര്‍വത്ര സ്വതന്ത്രമായി നമ്മുടെ ഭാഷ ഉപയോഗിക്കാന്‍ കഴിയണം എന്നത് നമ്മുടെയൊക്കെ സ്വപ്നമാണ്. തീര്‍ച്ചയായും ആ ദിശയിലേക്ക് തന്നെയാണ് ഭാഷാ കമ്പ്യൂട്ടിംഗ് വളരുന്നത്. ഇപ്പോഴത്തെ പ്രാദേശികവല്‍‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ബൈ‌ലിം‌ഗ്വല്‍ കോണ്‍‌സെപ്റ്റ് (ദ്വിഭാഷാ രീതി)  അനുസരിച്ചാണ്. ഇംഗ്ലീഷിനെ അടിസ്ഥാനപ്പെടുത്തിയാണ് സാങ്കേതികവിദ്യ വികസിച്ചുവന്നത്. സാര്‍വത്രികമായി ജനങ്ങള്‍ക്ക് മനസ്സിലാവുന്നൊരു ഭാഷയും കൂടിയാണത്. ഇംഗ്ലീഷിനെ അനുസരിച്ചും അനുകരിച്ചും താരതമ്യപ്പെടുത്തിയും മാത്രമേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് പോവാനാവൂ. ഭാഷാ കമ്പ്യൂട്ടിംഗിന്റെ ഈ പരിണാമ ഘട്ടത്തില്‍ നമുക്ക് വേറെ വഴിയില്ല തന്നെ.

ഐടി മേഖലകളില്‍ ജോലി ചെയ്യുന്ന യുവതലമുറ ഓണ്‍‌ലൈനില്‍ ആയിരിക്കേണ്ടതുണ്ട്. ജോലിയുടെ ബോറടി മാറ്റാന്‍ ചാറ്റിംഗും ബ്ലോഗിംഗും ചെയ്യുന്ന ഈ യുവതലമുറയാണ് ട്രാന്‍‌സ്‌ലിറ്ററേഷന്‍ സ്കീമിന്റെ ഉപജ്ഞാതാക്കളും ഉപയോക്താക്കളും. പബ്ലിഷിംഗ്, അഡ്‌മിനിസ്ട്രേറ്റീവ് തുടങ്ങിയ പ്രധാനപ്പെട്ട മേഖലകള്‍ ഈ രീതിയിനിയും തിരഞ്ഞെടുത്തിട്ടില്ല. അവിടെയിപ്പോഴും ടൈപ്പുചെയ്യാന്‍ പഴയ ടൈപ്പ്‌റൈറ്റിംഗ്, ഇന്‍‌സ്ക്രിപ്റ്റ് രീതികള്‍ തന്നെ.

ഭാഷ മരിക്കുന്നു എന്ന മുറവിളിക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിവരസാങ്കേതികവിദ്യ ഭാഷയുടെ രക്ഷയ്ക്ക് എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിയാ മുറവിളിക്ക് അര്‍ത്ഥമില്ല. ഭാഷയ്ക്ക് വിവരസാങ്കേതികവിദ്യ നല്‍കിയിരിക്കുന്ന വരദാനം കൂടിയാണ് ട്രാന്‍‌സ്‌ലിറ്ററേഷന്‍ സ്കീം. ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പുചെയ്യുന്നതിന് ഇങ്ങിനെയൊരു യൂസര്‍ ഫ്രണ്ട്‌ലി മാര്‍ഗം ഇല്ലാതിരുന്നുവെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന നമ്മുടെ യുവതലമുറ ഭാഷയുടെ മാധുര്യം മറന്ന് ഇംഗ്ലീഷിലേക്ക് മാറുമായിരുന്നു. ടൈപ്പുചെയ്യാന്‍ ഉപയോഗിക്കുന്നത് റോമന്‍ ലിപിയാണെങ്കിലും സ്വന്തം ഭാഷയില്‍ ചിന്തിക്കാനും ആശയവിനിമയം ചെയ്യാനും ഈ സ്കീം അവരെ അനുവദിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സിലും കണക്കിലും ബിരുദമെടുത്ത താങ്കള്‍ എങ്ങനെയാണ് ഭാഷാ കമ്പ്യൂട്ടിംഗിലേക്ക് എത്തിച്ചേര്‍ന്നത്? ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലെ താങ്കളുടെ പതിനഞ്ച് പ്രവര്‍ത്തനങ്ങളെ, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എങ്ങനെ കാണുന്നു?
ഞാന്‍ ജനിച്ചതും പഠിച്ചതുമെല്ലാം തൂത്തുക്കുടിയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. അതായത് ചെറിയ വയസ്സിലേ എന്റെ ഭാഷ എന്നെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ഭാഷയെ കൂടുതല്‍ മനസ്സിലാക്കാനായിരുന്നു തുടര്‍ന്നുള്ള വിദ്യാഭ്യാസം ഞാന്‍ നടത്തിയത്.

ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ പിന്തിരിഞ്ഞ് നോക്കുന്നത് രസകരമായ കാര്യമാണ്. സോഫ്റ്റ്‌വ്യൂ എന്ന കമ്പനി തുടങ്ങിയതുതന്നെ ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകള്‍ക്ക് വേണ്ടിയും ഞങ്ങള്‍ ഫോണ്ടുകള്‍ രൂപകല്‍‌പന ചെയ്ത് നിര്‍മ്മിച്ചിട്ടുണ്ട്. തമിഴിന് വേണ്ടി മാത്രം അഞ്ഞൂറോളം ഫോണ്ടുകള്‍ ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതുമല്ലാതെ ഏതാണ്ടെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഞങ്ങള്‍ കീബോര്‍ഡ് ഡ്രൈവറുകളും ഉണ്ടാക്കിയിട്ടുണ്ട്.

ഇതിനേക്കാളൊക്കെ ഉപരിയായി, അഭിമാനിക്കാനുള്ള വകയായി ഞാന്‍ കരുതുന്നത് തമിഴില്‍ ഞാന്‍ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതിക പദാവലിയാണ്. കമ്പ്യൂട്ടര്‍ മേഖലയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുസ്തകങ്ങളും സിഡികളും സോഫ്റ്റ്‌വ്യൂ പുറത്തിറക്കിയിട്ടുണ്ട്. തമിഴ് പുരാണങ്ങളായ ‘തിരുക്കുറള്‍’, ‘ആദി ചുടി’ എന്നിവയും ഞങ്ങള്‍ സിഡിയില്‍ ആക്കിയിട്ടുണ്ട്.
ചോദ്യം: തമിഴ് വെര്‍ച്ച്വല്‍ യൂണിവേഴ്സിറ്റി, കനിത്തമിഴ് സംഘം തുടങ്ങി, സര്‍ക്കാര്‍-സര്‍ക്കാരേതര സ്ഥാപനങ്ങളിലും കമ്മറ്റികളിലും താങ്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ? ഇവയെപ്പറ്റി ചുരുക്കത്തില്‍ വിവരിക്കാമോ? ഇത്തരം സ്ഥാപനങ്ങള്‍ക്കും കമ്മറ്റികള്‍ക്കും എന്ത് തരത്തിലുള്ള സഹായമാണ് ഭാഷയ്ക്കായി ചെയ്യാനാവുക?
ഇനിയും ഇന്ത്യന്‍ സമൂഹം വേണ്ടത്ര വിധം പരീക്ഷിക്കാത്ത ഒന്നാണ് ഓണ്‍‌ലൈന്‍ ലേണിംഗ്. ഒന്നും കയ്യില്‍ കൊണ്ടുനടക്കാതെ, എന്നാല്‍ എവിടെനിന്നും ആക്സസ് ചെയ്യാവുന്ന വിവരശേഖരമാണ് ഓണ്‍‌ലൈന്‍ ലേണിംഗിന്റെ പ്രത്യേകത. ഓണ്‍‌ലൈന്‍ പഠനത്തിന്റെ അനന്തമായ സാധ്യതകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്ന ഒരു സ്ഥാപനമാണ് തമിഴ് വെര്‍ച്ച്വല്‍ യൂണിവേഴ്സിറ്റി. ഗവേഷകര്‍, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ്മയാണ് കനിത്തമിഴ് സംഘം. ഭാഷാ കമ്പ്യൂട്ടിംഗിന് വേണ്ട സഹായവും സാഹചര്യവും ഒരുക്കുകയാണ് ഈ സംഘടനയുടെ ലക്‌ഷ്യം. സംഘത്തിന്റെ പ്രസിഡന്റായി ഞാന്‍ പ്രവര്‍ത്തിച്ച് വരുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്രമേ, ഇന്ത്യന്‍ ഭാഷകള്‍ക്ക് നിലനില്‍പ്പുള്ളൂ. ഭാഷകളിലൂടെയേ ഇന്ത്യക്ക് മുന്നേറാന്‍ കഴിയൂ. ഇതിനായി എല്ലാ ഭാഷകളും ദൌത്യസംഘങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. മറ്റ് ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് തമിഴ് കമ്പ്യൂട്ടിംഗ് മികച്ചതാവാന്‍ കാരണം ഇത്തരം സ്ഥാപനങ്ങളും കമ്മറ്റികളും തന്നയാണെന്ന് നിസ്സംശയം പറയാം. ഭാഷാ കമ്പ്യൂട്ടിംഗിലും സാങ്കേതികവിദ്യയിലും സാഹിത്യത്തിലും മറ്റും പ്രാവീണ്യമുള്ളവരെ അംഗങ്ങളാക്കി ഉണ്ടാക്കുന്ന കമ്മറ്റികള്‍ ഇന്ത്യയില്‍ നടക്കാന്‍ പോവുന്ന സാങ്കേതികവിദ്യാ-ഭാഷാ സംയോഗത്തിന് തണലാവുമെന്നും അതിലൂടെ വികസനരംഗത്ത് ഇന്ത്യ വമ്പന്‍ കുതിച്ചുചാട്ടം നടത്തുമെന്നും തീര്‍ച്ചയാണ്.