Go Search

 

മൈക്രോസോഫ്റ്റ് വിന്‍ഡോസ്  8 – സവിശേഷതകളെന്ത്?

 

              മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 പുറത്ത് വന്നതോടെ മാധ്യമങ്ങളിലെല്ലാം ഇതിനെ പറ്റിയുള്ള വാര്‍ത്തകള്‍ നിറയുകയാണ്. സ്പെയിനിന്‍റെ തലസ്ഥാനമായ ബാര്‍സലോണയില്‍ വച്ചാണ് വിന്‍ഡോസ് 8 അവതരിപ്പിക്കപ്പെട്ടത്. മികച്ച അഭിപ്രായം സാങ്കേതികവിദ്യാ വിദഗ്ധരില്‍ നിന്ന് നേടിയെടുക്കാന്‍ വിന്‍ഡോസ് 8-ന് ആയിട്ടുണ്ട്

 

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ അവതരണത്തോടൊപ്പം മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറും ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഈ സ്റ്റോറില്‍ നിന്ന് ലഭിക്കും. നിലവില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ പ്രശസ്തി നേടിയ ആപ്പിളിനും ഗൂഗിള്‍ ആന്‍ഡ്രോയിഡിനും മൈക്രോസോഫ്റ്റിന്‍റെ ആപ്ലിക്കേഷന്‍ സ്റ്റോര്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്. അതെന്തായാലും, എന്തൊക്കെയാണ് വിന്‍ഡോസ് 8-ന്‍റെ പ്രധാന സവിശേഷതകള്‍ എന്ന് നമുക്കൊന്ന് കണ്ണോടിക്കാം.

 

ഭാഷകള്‍ക്ക് നല്‍കിയിരിക്കുന്ന പ്രാധാന്യം തന്നെയാണ്‌ വിന്‍ഡോസ് 8-ന്‍റെ പ്രധാന സവിശേഷത. കമ്പ്യൂട്ടര്‍ എവിടെനിന്ന് വാങ്ങിയാലും അത് എന്ത് മോഡല്‍ ആയാലും ഉപയോക്താവിന്‌ ഇഷ്ടമുള്ള ഭാഷ ഉപയോഗിക്കാന്‍ വിന്‍ഡോസ് 8 അനുവദിക്കുന്നു. ഒന്നിലധികം ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും വിന്‍ഡോസ് 8 അനുവദിക്കും.

 

എഅര്‍എം പ്രോസസറില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന വിന്‍ഡോസ് 8-ന്‍റെ ഡിസൈന്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു തന്നെ ഡെസ്ക് ടോപ്പിലും ലാപ്ടോപ്പിലും ടാബ്‌ലറ്റ് പിസിയിലും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും എന്നത് മറ്റൊരു പ്രധാന സവിശേഷതയാണ്‌.

 

സിസ്റ്റത്തിന്‍റെ സുരക്ഷ ഉറപ്പാക്കുവാന്‍ ചിത്രം ഉപയോഗിച്ചുള്ള ‘പിക്ച്ചര്‍ പാസ്‌വേഡ്’ കൊണ്ടുള്ള സുരക്ഷയുമുണ്ട്. ടച്ച് കൊണ്ടാണ്‌ ഈ പാസ്‌വേഡ് പ്രവര്‍ത്തിക്കുക. സാധാരണയായി ഉപയോഗപ്പെടുത്തുന്ന രഹസ്യവാക്ക് പരിരക്ഷയും സിസ്റ്റത്തിന് ഉണ്ടാവും എന്നതിനാല്‍ ഇരട്ട പരിരക്ഷയാണ്‌ വിന്‍ഡോസ് 8 നല്‍കുന്നത്.

 

ഓപ്പറേറ്റിംഗ് സിസ്റ്റം മൊത്തത്തില്‍ ഫ്ലാഷ് ഡ്രൈവിലോ പെന്‍ ഡ്രൈവിലോ സൂക്ഷിക്കാം എന്നൊരു പ്രത്യേകതയും ഉണ്ട്. ഇതിനാല്‍ തന്നെ എതുതരത്തിലുള്ള സിസ്റ്റത്തിലും വിന്‍‌ഡോസ് 8 പ്രവര്‍ത്തിപ്പിക്കാം

വളരെക്കാലത്തെ ഉപയോഗത്തെ തുടര്‍ന്ന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ കാര്യക്ഷമത കുറയുന്നത് സാധരണമാണ്. ഇതിന് പരിഹാരമെന്നോണം, ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍‌ണ്ണമായും റീ ഇന്‍സ്റ്റാള്‍ ചെയ്യുകയും നിലവിലുള്ള വിവരങ്ങള്‍ കോപ്പി ചെയ്യുകയാണ് നമ്മള്‍ ചെയ്യാറ്‌. എന്നാല്‍ വിന്‍ഡോസ് 8-ലുള്ള റീഫ്രഷ്, റീസെറ്റ് ഓപ്ഷനുകള്‍ റീഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വിന്‍ഡോസ് 8-ന്‍റെ കാര്യക്ഷമത ഉറപ്പാക്കുന്നു.

 

മറ്റൊരു സംഗതി അപ്‌ഡേഷനാണ്‌. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ അപ്ഡേഷനുകള്‍ സ്വപ്രേരിതമായി നടത്തുവാനുള്ള ശേഷി മുന്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയറുകളെക്കാള്‍ കൂടുതലാണ്

ബൂട്ടുചെയ്യുന്ന സമയത്തുതന്നെ വൈറസുകളെ കണ്ടെത്തുവാന്‍ സഹായിക്കുന്ന സുരക്ഷിത ബൂട്ടിംഗ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിനെ വൈറസ് ഭീഷണികളില്‍ നിന്നും സംരക്ഷിക്കുന്ന സ്മാര്‍ട്ട് സ്ക്രീന്‍ എന്നിവ വിന്‍ഡോസ് 8-ന്‍റെ മറ്റ് പ്രത്യേകതകളാണ്‌.

 

പുതിയ തരത്തിലുള്ള ഫയല്‍ മാനേജ്‌മെന്‍റ് സം‍വിധാനമാണ് അടുത്തതായി പറയേണ്ട സവിശേഷത. വിന്‍ഡോസിന്‍റെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കാള്‍ മികച്ച ഫയല്‍ മാനേജ്മെന്‍റാണ് വിന്‍ഡോസ് 8-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

വിന്‍ഡോസ് 8-ന്‍റെ കൂടെ ലഭിക്കുന്ന വിന്‍ഡോസ് ലൈവ് ഐ.ഡി സം‍വിധാനം ഉപയോഗിച്ച് മൈക്രോസോഫ്റ്റില്‍ നിന്നുള്ള സേവനങ്ങളായ ഹോട്ട് മെയില്‍, ഓഫീസ് വെബ്, സ്കൈ ഡ്രൈവ് എന്നിവ ഉപയോഗിക്കുവാനും സാധിക്കും.

മൊബൈല്‍ ഉപകരണങ്ങളെ കൂടി മനസില്‍ കണ്ടുകൊണ്ടാണ് മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, വിന്‍ഡോസ് 8 പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന് വൈദ്യുതിയുടെ ഉപയോഗം കുറച്ച് മതിയാകും.

Read More on....

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint Server.
©2013 Microsoft Corporation. All rights reserved.