ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ന്റെ പ്രത്യേകതകള്‍
ഒരുപാട് കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മൈക്രോസോഫ്റ്റില്‍ നിന്നുള്ള ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഏറ്റവും പുതിയ പതിപ്പായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8 വരുന്നത്. ‘ലളിതമായും വേഗത്തിലും സുരക്ഷിതമായും’ എന്നാണ് ഈ മൈക്രോസോഫ്റ്റ് ഈ പതിപ്പിനെ പരിചയപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ലെ, ലളിതമായും വേഗതയോടെയും സുരക്ഷിതമായും പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കുന്ന, സവിശേഷതകളെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിന്റെ ലക്‌ഷ്യം.
ആക്സിലറേറ്ററുകള്‍ - സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റുകളിലേക്കെല്ലാം പോകാതെ തന്നെ നിങ്ങളുടെ ദൈനംദിന ബ്രൌസിംഗ് ജോലികള്‍ എളുപ്പത്തില്‍ നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ലെ പുതിയ ആക്സിലറേറ്ററുകള്‍. നിങ്ങളൊരു വെബ് പേജ് സന്ദര്‍ശിക്കുകയാണെന്നും നിങ്ങള്‍ക്ക് താല്‍പര്യം തോന്നുന്ന ഒരു പാഠഭാഗം നിങ്ങള്‍ ആ പേജില്‍ കാണുന്നുവെന്നും കരുതുക. നിങ്ങള്‍ക്ക് താല്‍പര്യം തോന്നിയ പാഠഭാഗം തെരഞ്ഞെടുക്കുക, നീല നിറത്തില്‍ ദൃശ്യമാവുന്ന ആക്സിലറേറ്ററില്‍ ക്ലിക്കുചെയ്യുക. മറ്റ് സൈറ്റുകളിലേക്ക് പോയാല്‍ മാത്രം നിങ്ങള്‍ക്ക് ചെയ്യാനാകുന്ന പലതും (മൊഴിമാറ്റുക, ഇമെയിലായി തെരഞ്ഞെടുത്ത പാഠഭാഗം അയയ്ക്കുക തുടങ്ങിയവ) നിങ്ങള്‍ക്ക് ഈ ആക്സിലറേറ്ററിലൂടെ ചെയ്യാനാകും. പല തരത്തിലുള്ള ജോലികള്‍ നിര്‍വഹിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ആക്സിലറേറ്ററുകള്‍ ലഭ്യമാണ്. നിങ്ങളവ തെരഞ്ഞ് കണ്ടുപിടിച്ച് ചേര്‍ക്കുകയേ വേണ്ടൂ.
തിരയല്‍ - തിരയല്‍ പെട്ടിയില്‍ (സെര്‍ച്ച് ബോക്സില്‍) തിരയേണ്ട വാക്കുകള്‍ ടൈപ്പുചെയ്യുമ്പോഴേ എന്താണ് തിരയേണ്ടതെന്ന് കാണിച്ചുതരുന്ന സൌകര്യം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ല്‍ ഉണ്ട്. നിങ്ങള്‍ മുഴുവന്‍ വാക്ക് ടൈപ്പുചെയ്യേണ്ട കാര്യമില്ല, ഒന്നോ രണ്ടോ അക്ഷരങ്ങള്‍ അടിച്ചാല്‍ മതിയാകും ബാക്കിയൊക്കെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8 പൂരിപ്പിച്ചോളും. ബിംഗ്, വിക്കിപ്പീഡിയ, യാഹൂ, ആമസോണ്‍ എന്നിവയുമൊക്കെയായി മൈക്രോസോഫ്റ്റിന് തിരയല്‍ പാര്‍ട്ട്‌ണര്‍ഷിപ്പുണ്ട്.
ഫൈന്‍ഡ് ഓണ്‍ പേജ് - ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ന്റെ മറ്റൊരു പ്രത്യേകതയാണ് ഫൈന്‍ഡ് ഓണ്‍ പേജ് (താളില്‍ തന്നെ കണ്ടെത്തുക) ഉപകരണബാര്‍ (ടൂള്‍ബാര്‍). കണ്‍ട്രോള്‍ + എഫ് അമര്‍ത്തുകയേ വേണ്ടൂ, പേജില്‍ നിങ്ങള്‍ക്ക് തിരയേണ്ടതെല്ലാം നിങ്ങളുടെ സ്ക്രീനില്‍ തെളിയുന്ന പെട്ടിയില്‍ നല്‍കാം.
വെബ് സ്‌ലൈസുകള്‍ - ഫേവറൈറ്റ്സ് ബാറില്‍ നിന്നുതന്നെ പ്രിയപ്പെട്ട സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപകരിക്കുന്ന സംവിധാനമാണ് വെബ് സ്‌ലൈസുകള്‍. പേജില്‍ ഒരു വെബ് സ്‌ലൈസ് ഉണ്ടെങ്കില്‍ കമാന്‍ഡ് ബാറില്‍ തന്നെ അതിന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ ഐക്കണില്‍ ക്ലിക്കുചെയ്താല്‍ നിങ്ങള്‍ക്ക് വെബ് സ്‌ലൈസ് ഫേവറൈറ്റ്സ് ബാറിലേക്ക് മാറ്റാവുന്നതാണ്. ഇങ്ങിനെ വെബ് സ്‌ലൈസുകളില്‍ എന്തൊക്കെത്തരം മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്ന് നിങ്ങള്‍ക്ക് നിരീക്ഷിക്കാവുന്നതാണ്. ഫേവറൈറ്റ്സ് ബാറില്‍ ക്ലിക്കുചെയ്യുക വഴി നിങ്ങള്‍ക്ക് വെബ് സ്‌ലൈസുകളിലെ മാറ്റങ്ങള്‍ കാണാവുന്നതാണ്.
കൊമ്പാഷ്യബിലിറ്റി വ്യൂ - പുതിയ ബ്രൌസറിന് അനുയോജ്യമായ തരത്തില്‍ പുതുക്കിയിട്ടില്ലാത്ത സൈറ്റുകള്‍ പുതിയ ബ്രൌസറിന് അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് കൊമ്പാഷ്യബിലിറ്റി വ്യൂ. പഴയ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സൈറ്റുകള്‍ പുതിയ ബ്രൌസറിന് അനുയോജ്യമല്ലെന്ന് ഇരിക്കട്ടെ, ഈ സംവിധാനം പഴയ സൈറ്റുകളെ പുതിയ ബ്രൌസറില്‍ ശരിയായ രീതിയില്‍ കാണിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നതിനെയാണ് കൊമ്പാഷ്യബിലിറ്റി വ്യൂ എന്ന് പറയുന്നത്. പഴയ സൈറ്റ് നിങ്ങളുടെ ബ്രൌസറില്‍ വേണ്ട രീതിയില്‍ കാണുന്നില്ലെങ്കില്‍ കൊമ്പാഷ്യബിലിറ്റി വ്യൂ ഒന്ന് ക്ലിക്കുചെയ്യുകയേ വേണ്ടൂ എന്നര്‍ത്ഥം, സൈറ്റ് പുതിയ ബ്രൌസറിന് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി ദൃശ്യമാക്കപ്പെടും.
മെച്ചപ്പെടുത്തിയ ടാബ്ഡ് ബ്രൌസിംഗ് - ടാബുകളിലൂടെയുള്ള ബ്രൌസിംഗ് ക്ലൂടുതല്‍ ലളിതമാക്കാനായി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ല്‍ ടാബ് ഗ്രൂപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു ടാബില്‍ നിന്ന് മറ്റൊരു ടാബ് തുറക്കുമ്പോള്‍ ആദ്യത്തെ ടാബിന്റെ വശത്ത് സദൃശ്യമായ നിറഭേദത്തോടെ പുതിയ ടാബ് ദൃശ്യമാകും. ടാബുകള്‍ക്ക് തമ്മിലുള്ള ബന്ധം ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പം മനസിലാകുകയും ചെയ്യും.
കുക്കികളും ബ്രൌസിംഗ് ചരിത്രവും - ഉപയോക്താവിന്റെ പ്രിയങ്കര ലിസ്റ്റിലുള്ള ഏതെങ്കിലും സൈറ്റ് സന്ദര്‍ശിക്കുമ്പോഴത്തെ കുക്കികള്‍ സംരക്ഷിക്കണോ വേണ്ടയോ എന്ന് യൂസറിന് തീരുമാനിക്കാവുന്നതാണ്. ഇഷ്‌ടപ്പെട്ട സൈറ്റുകളുടെ കുക്കികളും ചരിത്രവും സംരക്ഷിക്കുന്നത് ആ സൈറ്റുകള്‍ വേഗത്തില്‍ ലോഡുചെയ്യുന്നതിന് ഉപകരിക്കും.
ടാബ് ഐസോലേഷന്‍ - നിങ്ങള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8-ല്‍ നിരവധി ടാബുകള്‍ തുറന്നിരിക്കുന്ന അവസ്ഥയില്‍ ഏതെങ്കിലുമൊരു ടാബ് ക്രാഷാവുകയാണെങ്കില്‍ മറ്റ് ടാബുകളെ അത് ബാധിക്കില്ല.
ക്രാഷ് റിക്കവറി - ഉപയോക്താവിന്റെ ടാബുകളിലേതെങ്കിലും അവിചാരിതമായി ക്രാഷ് ആവുകയാണെങ്കില്‍ ടാബ് വീണ്ടും സ്വപ്രേരിതമായി തുറക്കപ്പെടും. ഉപയോക്താവ് ക്രാഷിന് മുമ്പ് കണ്ടുകൊണ്ടിരുന്ന വെബ് പേജ് ലോഡാവുകയും ചെയ്യും.