മൊഴിമാറ്റത്തിനും ലോക്കലൈസേഷനും വ്യത്യാസമുണ്ട്
ഇന്ത്യന്‍ ലോക്കലൈസേഷന്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ഡോക്‌ടര്‍ പവനജയുടേത്. ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്തെ നിരവധി ആദ്യ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് ഡോക്‌ടര്‍ പവനജ. ആദ്യ കന്നഡ വെബ്സൈറ്റ്, ആദ്യ കന്നഡ ഓണ്‍ലൈന്‍ മാഗസിന്‍, ഗോള്‍ഡന്‍ വെബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യ ഭാഷാ (കന്നഡ) വെബ്സൈറ്റ്, പാം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ആദ്യ ഇന്ത്യന്‍ ഭാഷാ എഡിറ്റര്‍ തുടങ്ങി ഒരുപിടി ബഹുമതികളുമായി ഇന്ത്യന്‍ ലോക്കലൈസേഷന്‍ - ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് ഏറെ ഉയരത്തിലാണ് ഡോക്‌ടര്‍ പവനജയെന്ന പേര്.
ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനായി ജോലിനോക്കിയിരുന്ന പവനജയുടെ മനസില്‍ എന്നും ഒരു മോഹമുണ്ടായിരുന്നു - പ്രാദേശിക ഭാഷകളില്‍ സൊലൂഷനുകള്‍ വികസിപ്പിച്ചുകൊണ്ട് കമ്പ്യൂട്ടിംഗിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കണമെന്ന മോഹം. അതുകൊണ്ടുതന്നയാണ് ഭാഷാ കമ്പ്യൂട്ടിംഗ് - ലോക്കലൈസേഷന്‍ എന്ന ശാസ്ത്രശാഖയിലേക്ക് പവനജ മാറിയത്. ഭാഷാ കമ്പ്യൂട്ടിംഗ് - ലോക്കലൈസേഷന്‍ മേഖലയില്‍ ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും നടന്നിട്ടുള്ള ഒട്ടേറെ വര്‍ക്ക്‌ഷോപ്പുകളിലും സിമ്പോസിയങ്ങളിലും സെമിനാറുകളിലും പവനജ സംബന്ധിച്ചിട്ടുണ്ട്. ഇന്‍ഡിക് ഫോണ്ട് വര്‍ക്ക്‌ഷോപ്പ് (ഇന്‍ഡിക് കമ്പ്യൂട്ടിംഗ് കണോര്‍ട്ടിയം, ബാംഗ്ലൂര്‍, ഇന്ത്യ), യൂണീക്കോഡ് കോണ്‍ഫറന്‍സ് (യൂണിക്കോഡ് കണ്‍സോര്‍ട്ടിയം, അമേരിക്ക), ഓപ്പണ്‍ ടൈപ്പ് ഫോണ്ട് സെമിനാര്‍ (മൈക്രോസോഫ്റ്റ്, സിയാറ്റില്‍, അമേരിക്ക) എന്നിവ ഉദാഹരണങ്ങള്‍.
സര്‍ക്കാരിന്റെയും മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെയും വിവിധ ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പവനജ മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുവബിള്‍ പ്രൊഫഷണലായി (എംവിപി) പ്രവര്‍ത്തിക്കുന്നുമുണ്ട്. പവനജയുമായി ഭാഷാ ഇന്ത്യ നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതാ -
മൈക്രോസോഫ്റ്റ് നല്‍കുന്ന മോസ്റ്റ് വാല്യുവബിള്‍ പ്രൊഫഷണല്‍ (എംവിപി) എന്ന പദവിയെ എങ്ങിനെ കാണുന്നു?
സാധാരണക്കാര്‍ക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടിംഗിന്റെ ഗുണഫലങ്ങള്‍ എത്തിക്കാനുള്ള സൊലൂഷനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന എന്നെപ്പോലുള്ള ഒരാള്‍ക്ക് തീര്‍ച്ചയായും അഭിമാനസൂചകമായ ഒന്നാണ് മോസ്റ്റ് വാല്യുവബിള്‍ പ്രൊഫഷണല്‍ (എംവിപി) എന്ന പദവി. എന്നോട് സഹായം ചോദിച്ചുവരുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നാണ് ഈ പദവിയെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഉല്‍പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുമായി വികസനതലത്തിലും പ്രയോഗതലത്തിലും ഇടപെടുന്നവര്‍ക്ക് എന്റെ സഹായങ്ങള്‍ ഏറെ ഗുണം ചെയ്തു എന്നും ഈ പദവി എന്നോട് പറയുന്നു.
ഇതുവരെ നാലുതവണ ഈ ബഹുമതി എന്നെ തേടിയെത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഉല്‍പന്നങ്ങള്‍ മറ്റാരേക്കാളും മുമ്പുതന്നെ എംവിപികളുടെ കയ്യില്‍ എത്താറുണ്ട്. എംവിപി എന്ന ബഹുമതി കൊണ്ട് ലഭിക്കുന്ന സവിശേഷ സൌകര്യമാണിത്. ഇത് കൂടാതെ മൈക്രോസോഫ്റ്റിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍, സോഫ്റ്റ്വെയര്‍ പ്രി-റിലീസുകള്‍, മൈക്രോസോഫ്റ്റിന്റെ നോളിജ് ബേസ് (വിവര ബാങ്ക്) ഉപയോഗിക്കാനുള്ള സൌകര്യം, മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആളുകളുമായി സംവദിക്കാനുള്ള സാഹചര്യം എന്നിവയും ഈ പദവി നല്‍കുന്നുണ്ട്.
എന്തൊക്കെ ആവേശകരമായ അനുഭവങ്ങളാണ് എംവിപി എന്ന പദവി നിങ്ങള്‍ക്ക് സമ്മാനിച്ചത്?
പുതിയതും വിപണിയില്‍ എത്താന്‍ പോകുന്നതുമായ സോഫ്റ്റ്വെയറിനെ കുറിച്ചുള്ള വിവരം മാത്രമല്ല എംവിപികള്‍ക്ക് ലഭിക്കുക. മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് സോഫ്റ്റ്വെയറും സൊലൂഷനുകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടീമുകളുമായി നേരിട്ട് ഇടപഴകാനുള്ള അവസരവും ഈ പദവി നല്‍കുന്നുണ്ട്. പുതിയ വിവരങ്ങള്‍, മൈക്രോസോഫ്റ്റ് ടീമുകളുമായുള്ള സംവാദം മറ്റ് പല ആനുകൂല്യങ്ങള്‍ എന്നിവ എംവിപികള്‍ക്ക് ലഭിക്കുന്നു. ഇതുമാത്രമല്ല, എംവിപികള്‍ക്ക് എവിടെയും അംഗീകാരം ലഭിക്കുന്നു.
എത്തരത്തിലുള്ള ആളുകള്‍ക്കാണ് എംവിപിയാകാന്‍ കഴിയുക?
ഏതെങ്കിലും സാങ്കേതികവിദ്യയിലുള്ള മികവ് ആരെയും എംവിപി എന്ന ബഹുമതിയില്‍ എത്തിക്കുകയില്ല. എംവിപി ആകുക എന്നുവച്ചാല്‍ നിങ്ങളുടെ പക്കലുള്ള അറിവ് മറ്റുള്ളവര്‍ക്ക് പങ്കുവച്ച് നല്‍കാന്‍ നിങ്ങള്‍ തീരുമാനമെടുത്തു എന്നര്‍ത്ഥം. എംവിപി ആകുവാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് സാങ്കേതികവിദ്യയോട് ആവേശമുണ്ടായിരിക്കണം, എന്നാല്‍ ഈ ആവേശം ധനത്തിന് വേണ്ടിയുള്ളതായിരിക്കരുത്. സമൂഹത്തിനായി തന്റെ അറിവ് സംഭാവന നല്‍കുകയാണ് എംവിപി ചെയ്യുന്നത്. ആളുകള്‍ അഭിമുഖീകരിക്കുന്ന ഐടി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എംവിപികള്‍ ശ്രമിക്കണം. ഇന്ത്യക്ക് ഏറെ ആവശ്യമുള്ള മേഖലയായ ലോക്കലൈസേഷനിലും ഭാഷാ കമ്പ്യൂട്ടിംഗിലും അനേകം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും തങ്ങളുടെ കയ്യിലുള്ള അറിവ് പങ്കുവയ്ക്കാന്‍ തയ്യാറല്ല എന്നത് ഖേദകരമായ കാര്യമാണ്.
എംവിപി എന്ന ബഹുമതി എന്തെങ്കിലും ഉത്തരവാദിത്തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എംവിപി തന്റെ പക്കലുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം. ഉദാഹരണത്തിന് എന്റെ കാര്യം തന്നെ എടുക്കുക. സാങ്കേതികവിദ്യയെ പറ്റി പ്രസംഗിച്ചും ചര്‍ച്ചചെയ്തും വിശദീകരിച്ചും ഞാനൊരുപാട് സമയം ചെലവഴിക്കുന്നുണ്ട്. ഒപ്പം തന്നെ ന്യൂസ്ഗ്രൂപ്പുകളിലും ഭാഷാഇന്ത്യ പോലുള്ള ഫോറങ്ങളിലും ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിവരുന്നുണ്ട്. എന്റെ പക്കലുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളാണ് ഞാന്‍. ഒപ്പംതന്നെ, പ്രശ്നങ്ങള്‍ പരിഹാരം ഉണ്ടാക്കാന്‍ ആരെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പരം വേറെയെന്ത് ആനന്ദമുണ്ട്!
ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പ്‌മെന്റ് രംഗത്തെ പറ്റി, പ്രത്യേകിച്ചും പ്രാദേശിക ഭാഷാ സംരംഭങ്ങളെ പറ്റി, ഒന്ന് വിശദീകരിക്കാമോ?
ഇന്ത്യക്കാരുടെ സാങ്കേതിക വൈദഗ്ധ്യം ലോകം മുഴുവന്‍ അംഗീകരിച്ച് കഴിഞ്ഞിട്ടുള്ള ഒന്നാണ്. യുവതലമുറയില്‍ ഇത്രയേറെ വിദഗ്ധര്‍ ഉണ്ടായിട്ടും വിപണിയില്‍ വിജയിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയര്‍ ഉല്‍പന്നം പോലും ഉണ്ടാക്കാന്‍ നമ്മളെക്കൊണ്ട് സാധിച്ചിട്ടില്ല. ചില അപവാദങ്ങള്‍ ഉണ്ടാകാം. എങ്കിലും സാമാന്യമായി പറയുമ്പോള്‍ നല്ലൊരു സോഫ്റ്റ്വെയര്‍ ഉല്‍പന്നം ഉണ്ടാക്കിയെടുക്കാന്‍ നമുക്കായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. ഇപ്പോള്‍ യുവാക്കള്‍ ഡെവലപ്പ്‌മെന്റില്‍ ശ്രദ്ധ പുലര്‍ത്തുന്നതായി കണ്ടുവരുന്നുണ്ട്. കമ്പ്യൂട്ടിംഗ് അത്ര വലിയ ചെലവൊന്നുമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാദേശിക ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കി സോഫ്റ്റ്വെയര്‍ ഉല്‍പന്നങ്ങള്‍ ഉണ്ടായിവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രാദേശിക ഭാഷകളില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് താങ്കള്‍ നല്‍കുന്ന ഉപദേശമെന്ത്?
എനിക്ക് നല്‍കാനുള്ള ഏക ഉപദേശം ഇതാണ് - ദയവായി മൊഴിമാറ്റവും പ്രാദേശികവല്‍ക്കരണവും (ലോക്കലൈസേഷന്‍) തമ്മിലുള്ള വ്യത്യാസം മനസിലാക്കുക. ലോക്കലൈസേഷനെന്നാല്‍ വെറും മൊഴിമാറ്റമല്ല. സോഫ്റ്റ്വെയറില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഭാഷാ സ്ട്രിംഗും സന്ദര്‍ഭമനുസരിച്ച് ഉള്ളതാണെന്ന് ഉറപ്പാക്കുക. ഇംഗ്ലീഷിനെ അനുകരിക്കാതിരിക്കുക. പിന്നെ, ഭാഷാ വിഷയത്തില്‍ അതീവ താല്‍പര്യം പുലര്‍ത്തുന്നവരാണ് നിങ്ങളെന്ന് ഉറപ്പാക്കുക.
ഭാഷാഇന്ത്യ പോലുള്ള ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങളെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?
പ്രാദേശിക ഭാഷാ കമ്പ്യൂട്ടിംഗില്‍ ആളുകള്‍ക്ക് താല്‍പര്യം ജനിപ്പിക്കാനും ഭാഷാ കമ്പ്യൂട്ടിംഗില്‍ ഇടപെടുന്നവര്‍ക്ക് സംശയനിവാരണം നടത്താനും ഭാഷാഇന്ത്യയെ പോലുള്ള സംരംഭങ്ങള്‍ ഉപകരിക്കുന്നുണ്ട്. ഭാഷാഇന്ത്യയിലെ ഫോറങ്ങള്‍ ഏറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ സാധാരണക്കാര്‍ക്കും ഉപയോക്താവിനും ഭാഷാ കമ്പ്യൂട്ടിംഗ് തല്‍പരര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ഭാഷാഇന്ത്യ ഗുണം ചെയ്യുന്നുണ്ട്.