മൈക്രോസോഫ്റ്റിന്‍റെ ഭാഷാഇന്ത്യക്ക് മന്ഥന്‍ അവാര്‍ഡ്

 

ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്തെ സംഭാവനകള്‍ക്കായി നല്‍‌കപ്പെടുന്ന ‘ഇ-ലോക്കലൈസേഷന്‍’ അവാര്‍ഡുകളില്‍ ഒന്നാം സ്ഥാനമാണ് മൈക്രോസോഫ്റ്റിന്‍റെ പ്രൊജക്റ്റ് ഭാഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാഷാ‌ഇന്ത്യാ സൈറ്റ് അടക്കം, മൈക്രോസോഫ്റ്റിന്‍റെ ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങള്‍ ഉള്‍‌ക്കൊള്ളുന്നതാണ് പ്രൊജക്റ്റ് ഭാഷ. രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കിയത് ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള സംരംഭങ്ങള്‍ക്കാണ്.

 

ഡിജിറ്റല്‍ എം‌പവര്‍‌മെന്‍റ് ഫൌണ്ടേഷനും ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഡിപ്പാര്‍‌ട്ട്‌മെന്‍റ് ഒഫ് ഇന്‍‌ഫര്‍മേഷന്‍ ടെക്‌നോളജിയും സഹകരിച്ചാണ് ഈ അവാര്‍ഡുകള്‍ നല്‍‌കിവരുന്നത്. ഇന്‍‌ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങളെ കണ്ടെത്തുകയും അംഗീകരിക്കുകയുമാണ് മന്ഥന്‍ പുരസ്കാരത്തിന്‍റെ ലക്‌ഷ്യം. 2003-ല്‍ ആരംഭിച്ച മന്ഥന്‍ പുരസ്കാര വിതരണം ഇപ്പോള്‍ ഏഴാം വര്‍ഷത്തില്‍ എത്തിനില്‍‌ക്കുകയാണ്. സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവര്‍ക്ക് ഇന്‍റര്‍‌നെറ്റ് - മൊബൈല്‍ സാങ്കേതികവിദ്യകളുടെ പ്രയോജനം എത്തിക്കുകയാണ് മന്ഥന്‍ പുരസ്കാരത്തിന്‍റെ മറ്റൊരു ലക്‌ഷ്യം.

 

ഓണ്‍‌ലൈന്‍ ഉള്ളടക്കം എന്നതിലുപരി, ഭാഷാ കമ്പ്യൂട്ടിംഗ് സമൂഹത്തെ സഹായിക്കുന്ന ഒരു ബഹുഭാഷാ പോര്‍ട്ടലായിട്ടാണ് ഭാഷാ‌ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മനസിലാക്കാനും ഭാഷാ‌ഇന്ത്യ ഇംഗ്ലീഷ് അടക്കമുള്ള 13 ഇന്ത്യന്‍ ഭാഷകളില്‍ സൌകര്യം ഒരുക്കുന്നു. ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് വര്‍ഷങ്ങളായി നല്‍‌കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ‘ഇ-ലോക്കലൈസേഷന്‍’ മേഖലയിലെ മന്ഥന്‍ അവാര്‍ഡ് മൈക്രോസോഫ്റ്റിന്‍റെ ഭാഷാ‌ഇന്ത്യക്ക് നല്‍‌കപ്പെട്ടത്.

 

ഭാഷാ‌ഇന്ത്യയുടെ ഭാഷാ കമ്പ്യൂട്ടിംഗ് സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ്, ഇംഗ്ലീഷ് ക്വര്‍ട്ടി (QWERTY) കീബോര്‍ഡ് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പുചെയ്യാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഐ‌എം‌ഇ (IME ) എന്ന പ്രോഗ്രാം. ഇതുമല്ലാതെ, ഭാഷാ‌ഇന്ത്യ വര്‍ക്ക്ഷോപ്പുകളും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോഗ്രാമുകളും ക്വിസ് മത്സരങ്ങളും നടത്തിവരുന്നുണ്ട്.

 

ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളില്‍ നിന്നായി 450 നോമിനേഷനുകളാണ് ഇത്തവണ മന്ഥന്‍ അവാര്‍ഡിനായി വന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍ തുടങ്ങി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. പ്രാഥമിക പരിശോധനയില്‍ 16 അപേക്ഷകള്‍ നിരസിക്കപ്പെട്ടു. അവസാനം 16 വിഭാഗങ്ങളില്‍ നിന്നായി 71 സംരംഭങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. ഡല്‍‌ഹിയില്‍ വച്ച് ഡിസംബര്‍ 18-നാണ് അവാര്‍ഡ് വിതരണം നടന്നത്.  

 

പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ഏറ്റവും മികച്ച സ്ഥാനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ ഇവയാണ്: കര്‍ണാടക സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍റെ അവതാര്‍ (ഇ-ട്രാവല്‍ ആന്‍ഡ് ടൂറിസം),  ത്രിപുര ആരോഗ്യ വകുപ്പിന്‍റെ ത്രിപുര വിഷന്‍ സെന്‍റര്‍ (ഇ-ഹെല്‍‌ത്ത്), ചിത്രബാനി സൊസൈറ്റിയുടെ റേഡിയോയിലൂടെ അഡള്‍‌ട്ട് എജ്യൂക്കേഷന്‍ (കമ്യൂണിറ്റി ബ്രോഡ്‌കാസ്റ്റിംഗ്), ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ ഗവണ്‍‌മെന്‍റ് എസ്‌എം‌എസ് പോര്‍ട്ടല്‍ (ഇ-ഗവേണന്‍‌സ്),  പാകിസ്ഥാനില്‍ നിന്നുള്ള ന്യൂറോണ്‍ മാനേജ്‌മെന്‍റ് സര്‍‌വീസസ് (ഇ-ന്യൂസ് ആന്‍ഡ് മീഡിയ).

Read More on....