റോബോട്ടിക്സിനെ മൈക്രോസോഫ്റ്റ് സഹായിക്കുമ്പോള്‍!


 

റോബോട്ടുകളെ പറ്റി കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിവരിക യന്തിരന്‍ എന്ന സിനിമയില്‍ രജനീകാന്ത് അവതരിപ്പിച്ച ചിട്ടിയെയും ടെര്‍മിനേറ്റര്‍ സീരീസുകളില്‍ അര്‍ണോള്‍ഡ് ഷ്വാസനെഗര്‍ അവതരിപ്പിച്ച കഥാപാത്രത്തെയുമാണ്. സിനിമകളില്‍ റോബോട്ടുകളെ അവതരിപ്പിക്കുന്നത് അതിശയോക്തി കലര്‍ന്നാണെന്ന് നമുക്കറിയാം.


ഐറോബോട്ട് എന്ന കമ്പനി വില്‍ക്കുന്ന, റൂംബ എന്ന പേരിലുള്ള റോബോട്ടിക്ക് വാക്വം ക്ലീനറുകളെ പറ്റിയും ബോംബ് ഡിസ്പോസലിന് ഉപയോഗിക്കുന്ന റോബോട്ട് വാഹനങ്ങളെ പറ്റിയും വായനക്കാരില്‍ ചിലരെങ്കിലും അറിഞ്ഞുകാണും. എന്നാല്‍ റോബോട്ടിക്സ് എന്ന ശാസ്ത്രശാഖ ഇതിനും അപ്പുറത്തേക്ക് വളര്‍ന്നിട്ടുണ്ട് എന്നതാണ് സത്യം.


മൈക്രോസോഫ്റ്റ് റിസെര്‍ച്ചും മസാച്ചുസെറ്റസ് സര്‍വകലാശാലയിലെ റോബോട്ടിക്സ് ലാബും കൈകോര്‍ത്ത് നടത്തിയ പരീക്ഷണ-നിരീക്ഷണ ഫലങ്ങള്‍ റോബോട്ടിക്സിന്‍റെ പുതിയ വഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മനുഷ്യര്‍ക്കും റോബോട്ടിനും തമ്മില്‍ സം‍വേദനം സാധ്യമാക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫസര്‍മാരായ ഹോളി യാങ്കോയും മാര്‍ക്ക് മിസൈറുമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.


ഒരു ഗെയിം കണ്‍സോള്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ആപ്ലിക്കേഷന് ഡ്രീം കണ്‍ട്രോളര്‍ എന്നാണ് പറയുന്നത്. ഇടതും വലതുമുള്ള ജോയ് സ്റ്റിക്കുകളാണ് ഈ ആപ്ലിക്കേഷനില്‍ ഉള്ളത്. ഇടത് ജോയ് സ്റ്റിക്ക് പ്രവര്‍ത്തിപ്പിച്ചാല്‍ റോബോട്ട് എങ്ങോട്ടാണ് നോക്കുന്നതെന്ന് നിയന്ത്രിക്കാന്‍ കഴിയും. വലത് ജോയ് സ്റ്റിക്ക് ഉപയോഗിച്ചുകൊണ്ട് റോബോട്ട് എങ്ങോട്ട് നീങ്ങണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അതായത്, എക്സ് ബോക്സ് ഗെയിം കളിക്കുന്നത്ര ഈസിയായി റോബോട്ടിനെ നിയന്ത്രിക്കാം എന്ന് സാരം.


മൈക്രോസോഫ്റ്റ് റോബോട്ടിക്സ് ഡവലപ്പേഴ്സ് സ്റ്റുഡിയോ എന്ന സ്യൂട്ടും മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്ന സാങ്കേതിക വിദ്യയായ സര്‍ഫേസും ഉപയോഗപ്പെടുത്തിയാണ്‌ ഹോളി യാങ്കോയും മാര്‍ക്ക് മിസൈറും ഈ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.


കെട്ടിടം ഇടിഞ്ഞുവീഴുകയോ ഭൂകമ്പം ഉണ്ടാവുകയോ പോലുള്ള എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരന്തസ്ഥലത്ത് അകപ്പെട്ട ജീവനുകളെ രക്ഷിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അപകട സ്ഥലത്തിന് അടുത്തുനിന്ന് ആര്‍ക്ക് വേണമെങ്കിലും വിന്യസിക്കപ്പെടുന്ന റോബോട്ടുകളെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. റോബോട്ടുകളില്‍ ഘടിപ്പിച്ചിട്ടുള്‍ല ക്യാമറകളില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് അകപ്പെട്ട മനുഷ്യരെ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യാം.


നാച്ചുറല്‍ യൂസര്‍ ഇന്‍റര്‍ഫേസായ ഡ്രീം കണ്‍ട്രോളറും മൈക്രോസോഫ്റ്റില്‍ നിന്നുള്ളസ്പര്‍ശം തിരിച്ചറിയുന്ന (മോഷന്‍ സെന്‍സിംഗ്) ഇന്‍പുട്ട് ഡിവൈസായ കിനെക്‌ടും ഒന്നിപ്പിച്ചാല്‍ റോബോട്ടിക്സ് വീണ്ടും ഉന്നതങ്ങളില്‍ എത്തും എന്നാണ് വിവരസാങ്കേതികവിദ്യാ വിദഗ്ധര്‍ പറയുന്നത്.

Read More on....