മൈക്രോസോഫ്റ്റ് ടച്ച് മൌസിന്‍റെ പ്രത്യേകതകള്‍
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന എല്ലാവരും മൌസ് ഉപയോഗിച്ചിട്ടുണ്ടാകും. മൌസിന്റെ ചരിത്രം അന്വേഷിക്കാനായി നമ്മള്‍ ചരിത്രത്തിന് പിന്നിലേക്ക്, അതായത് 1952-ലേക്ക് പോകണം. കാനഡയുടെ പട്ടാളത്തില്‍ ജോലി നോക്കിയിരുന്ന ടോം ക്രാന്‍സ്റ്റണ്‍, ലോംഗ്സ്റ്റാഫ്, കിന്യോണ്‍ ടൈലര്‍ എന്നിവര്‍ ചേര്‍ന്നാണ് മൌസിന്റെ ആദ്യരൂപം ഉണ്ടാക്കിയത്. പട്ടാളത്തിനുള്ളിലെ ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയതിനാല്‍ ഇതിന് പേറ്റന്റ് എടുക്കുകയുണ്ടായില്ല. എന്നാല്‍, 1963-ല്‍ സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡഗ്ലസ് എയ്ഞ്ചല്‍ബാര്‍ട്ടും സഹപ്രവര്‍ത്തകനായ ബില്‍ ഇംഗ്ലീഷും ചേര്‍ന്ന് ഇന്ന് കാണുന്ന തരത്തിലുള്ള മൌസിന്റെ ആദ്യ രൂപം ഉണ്ടാക്കി. ഈ ഉപകരണത്തിന് ഒരു വാല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് ഇതിനെ ‘മൌസ്’ എന്ന് പേരിടുകയും ചെയ്തു.
പാലം ഒരുപാട് കഴിഞ്ഞു. മൌസില്‍ പല തരത്തിലുള്ള മാറ്റങ്ങളും വന്നു. മെക്കാനിക്കല്‍ മൌസില്‍ നിന്ന് ഒപ്റ്റിക്കല്‍ മൌസിലേക്കും ലേസര്‍ മൌസിലേക്കും 3ഡി മൌസിലേക്കും രൂപമാറ്റം വന്നു. ഇപ്പോള്‍ വിപണിയില്‍ നിരവധി മൌസുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍, ഇവയില്‍ എടുത്തുപറയാവുന്ന ഒന്നാണ് മൈക്രോസോഫ്റ്റ് ടച്ച് മൌസ്. അഞ്ച് പതിറ്റാണ്ടുകാലമായി മൌസ് വിപണീ രംഗത്ത് വന്നിട്ടുള്ള പരിഷ്കാരങ്ങളും സാങ്കേതികവിദ്യകളും ഒരൊറ്റ മൌസില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് മൈക്രോസോഫ്റ്റ് ടച്ച് മൌസിനെ പറ്റി സാമാന്യമായി പറയാം.
എന്താണ് ഈ മൌസിന്‍റെ പ്രത്യേകതയെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഒരു മൌസ് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും മൈക്രോസോഫ്റ്റ് ടച്ച് മൌസ് ഉപയോഗിച്ചും ചെയ്യാം. എന്നാല്‍ വിന്‍ഡോസ് 7 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൈവിരല്‍ത്തുമ്പ് കൊണ്ട് അമ്മാനമാടാന്‍ ഈ മൌസിന്‍റെ ‘മള്‍ട്ടി ടച്ച്’ സംവിധാനം സൌകര്യം ഒരുക്കുന്നു എന്നാണ് ഈ മൌസിന്‍റെ പ്രത്യേകത. അതായത്, കമ്പ്യൂട്ടറില്‍ തുറന്നിട്ടുള്ള ജാലകങ്ങള്‍ ‘മിനിമൈസും’ ‘മാക്സിമൈസും’ ചെയ്യുക, വെബ് പേജുകളിലൂടെ സ്ക്രോള്‍ ചെയ്യുന്ന എന്നിവയ്ക്കൊക്കെ ഒരൊറ്റ മൌസ് ക്ലിക്ക് മതിയാകും.
സാധാരണ മൌസില്‍ നാം മിക്കപ്പോഴും ഒരു വിരല്‍ മാത്രം ഉപയോഗിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് ടച്ച് മൌസ് മൂന്ന് വിരലുകള്‍ വരെ ഉപയോഗിച്ചുകൊണ്ട് കമ്പ്യൂട്ടറിന് മുകളില്‍ കൂടുതല്‍ നിയന്ത്രണം നേടാന്‍ നമ്മെ സഹായിക്കുന്നു. മൈക്രോസോഫ്റ്റ് ടച്ച് മൌസ് ഉപയോഗിക്കാവുന്ന വിവിധ മാര്‍ഗങ്ങള്‍ ഇവയാണ് -
- തുറന്നിരിക്കുന്ന ഡോക്യുമെന്‍റ് 360 ഡിഗ്രിയില്‍ സ്ക്രോള്‍ ചെയ്യാന്‍ ഒരൊറ്റ ടച്ച് മതിയാകും.
- മിനിമൈസ് ചെയ്യുക, മാക്സിമൈസ് ചെയ്യുക, ഇടത്തോട്ടോ വലത്തോട്ടോ സ്നാപ്പുചെയ്യക തുടങ്ങി, തുറന്നിരിക്കുന്ന ജാലകത്തെ മാനേജുചെയ്യാന്‍ രണ്ട് വിരലുകള്‍ ഉപയോഗിക്കാം.
- വ്യത്യസ്ത ടാസ്കുകള്‍ക്കുള്ളില്‍ സ്വിച്ചുചെയ്യാനും തുറന്നിരിക്കുന്ന എല്ലാ ജാലകങ്ങളും അടയ്ക്കാനും മൂന്ന് വിരല്‍ കൊണ്ട് മൌസില്‍ തൊട്ടാല്‍ മതിയാകും.
- ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, പവര്‍പോയിന്‍റ്, വിന്‍ഡോസ് ഫോട്ടോ വ്യൂവര്‍ തുടങ്ങിയ പ്രോഗ്രാമുകളില്‍ പിന്നിലേക്കോ മുന്നിലേക്കോ പോകാന്‍ ഒരൊറ്റ ‘ടച്ച്’ മതിയാകും.
വിന്‍ഡോസ് 7 ഉപയോഗിക്കുന്നവരില്‍ അല്‍പം പേരുടെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌വെയറില്‍ മാത്രമേ ‘ടച്ച്’ ഉണ്ടായിരിക്കുകയുള്ളൂ. വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ‘ടച്ച്’ എത്തിക്കാനുള്ള മൈക്രോസോഫ്റ്റ് ഹാര്‍ഡ്‌വെയര്‍ ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ ടച്ച് മൌസ്. മറ്റ് ഉപകരണങ്ങള്‍ എക്സ്പ്ലോറര്‍ ടച്ച് മൌസ്, ആര്‍ക്ക് ടച്ച് മൌസ്, പുറത്തിറങ്ങാനിരിക്കുന്ന ടച്ച് മൌസ് ആര്‍ട്ടിസ്റ്റ് എഡിഷന്‍ എന്നിവയാണ്.