എക്സ്ബോക്സ് 360-യെ പറ്റി അറിയേണ്ടതെല്ലാം

 

പണ്ടത്തെ ‘കുട്ടിയും കോലും’ കളി പോയി ക്രിക്കറ്റ് ആ രംഗം കീഴടക്കിയത് പോലെ, ഇപ്പോള്‍ ക്രിക്കറ്റും ഫുട്‌ബോളും മറ്റ് കളികളും വെഡിയോ ഗെയിമുകള്‍ക്ക് വഴി മാറിക്കൊടുക്കുന്ന കാഴ്ചയാണ്‌ എല്ലായിടത്തും. ആദ്യമൊക്കെ ചെറിയ ഗെയിമുകളാണ്‌ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ ഗെയിമിന്‍റെ വിപണി സാധ്യത മനസിലാക്കിയ ഐടി ഭീമന്മാര്‍ വലിയ സാന്നാഹങ്ങളോടെയാണ്‌ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്.


അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ വിലവിലുണ്ടായിരുന്നു. എന്നാല്‍ പതിയെപ്പതിയെ ഇവയ്ക്ക് രൂപമാറ്റം സംഭവിക്കുകയും അവസാനം ‘വീഡിയോ ഗെയിം കണ്‍സോള്‍’ എന്ന സം‍വിധാനത്തില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. കമ്പ്യൂട്ടറില്‍ വീഡിയോ ഗെയിം കളിക്കാന്‍ വേണ്ടി മാത്രം രൂപകല്‍പന ചെയ്തിട്ടുള്ള ഒരു മെഷീനാണ്‌ ‘വീഡിയോ ഗെയിം കണ്‍സോള്‍’.


ആദ്യത്തെ വീഡിയോ ഗെയിം കണ്‍സോള്‍ ഉണ്ടാകുന്നത് 1972-ലാണ്‌. ഒരു ടെലിവിഷന്‍ സെറ്റിലേക്ക് ഘടിപ്പിക്കാവുന്ന യന്ത്രമായിട്ടാണ്‌ ഈ വീഡിയോ ഗെയിം കണ്‍സോള്‍ ഇറങ്ങിയത്. റാല്‍ഫ് എച്ച് ബിയര്‍ രൂപകല്‍പന ചെയ്ത ഈ വീഡിയോ ഗെയിം കണ്‍സോളിന്‍റെ പേര്‌ മാഗ്നാവോക്സ് ഒഡീസി എന്നായിരുന്നു. തുടര്‍ന്ന് പല പരിഷ്കാരങ്ങള്‍ക്കും വീഡിയോ ഗെയിം കണ്‍സോള്‍ വിധേയമായി.


നമ്മള്‍ ജീവിക്കുന്നത് ഏഴാം തലമുറ വീഡിയോ ഗെയിം കണ്‍സോളുകളുടെ കാലഘട്ടത്തിലാണ്‌. സോണിയുടെ പ്ലേസ്റ്റേഷന്‍, നിന്‍റെന്‍ഡോയുടെ വീ എന്നിവയാണ്‌ ഈ തലമുറയിലെ പ്രസിദ്ധ വീഡിയോ ഗെയിം കണ്‍സോളുകള്‍ എങ്കിലും മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് 360 തന്നെയാണ്‌ നേതൃനിരയില്‍. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം 53.6 മില്യണ്‍ എക്സ്ബോക്സ് 360-കള്‍ മൈക്രോസോഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.


എക്സ്ബോക്സ് എന്ന പേരില്‍ മൈക്രോസോഫ്റ്റ് തന്നെ ഇറക്കിയ വീഡിയോ ഗെയിം കണ്‍സോളിന്‍റെ ഇളമുറക്കാരനാണ് എക്സ്ബോക്സ് 360. ശബ്ദവും ചലനവും ആംഗ്യങ്ങളുമെല്ലാം തിരിച്ചറിയുന്ന കൈനെക്റ്റുമൊത്താണ്‌ എക്സ്ബോക്സ് 360 വിപണിയില്‍ എത്തിയിരിക്കുന്നത്. അതായത് ഗെയിം കണ്‍ട്രോളര്‍ തൊടാതെ തന്നെ ഗെയിം നിയന്ത്രിക്കാന്‍ കൈനെക്റ്റ് ഉപയോക്താക്കളെ സഹായിക്കുന്നു.


പ്രധാനപ്പെട്ട ഗെയിം പ്രസാധകരെല്ലാം എക്സ്ബോക്സ് 360-യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അതായത് എല്ലാ ബ്ലോക്ക്‌ബസ്റ്റര്‍ ഗെയിമുകളില്‍ എക്സ്ബോക്സ് 360-യിലൂടെ ലഭ്യമാകും എന്ന് സാരം. ഉബിസോഫ്റ്റിന്‍റെ ടോം ക്ലാന്‍സി പരമ്പര, ഇലക്‌ട്രോണിക്ക് ആര്‍ട്ടിന്‍റെ മാഴ്സ് എഫക്റ്റ് 3 എന്നിവയൊക്കെ ഉദാഹരണങ്ങള്‍.


ഗെയിമുകള്‍ മാത്രമല്ല എക്സ്ബോക്സ് 360-യില്‍ ഉള്ളത്. മ്യൂസിക്ക്, ഹൈ ഡെഫനിഷന്‍ സിനിമകള്‍, ടിവി ഷോകള്‍ എന്നിവ വാങ്ങാവുന്ന ഓണ്‍ ഡിമാന്‍ഡ് ലൈബ്രറി ഇതിലുണ്ട്. സ്പോര്‍ട്‌സ് ചാനലുകള്‍ അടക്കമുള്ള ചാനലുകള്‍ കാണാനുള്ള സൌകര്യവും ഇതിലുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വീഡിയോ ഗെയിം കണ്‍സോള്‍ എന്ന പദവി എക്സ്ബോക്സ് 360 നേടിയെടുത്തിരിക്കുന്നത്. 

Read More on....