ഭാഷാ കമ്പ്യൂട്ടിംഗ് അടുത്ത കുതിച്ചുചാട്ടത്തിന് തയ്യാര്‍!
ഭാഷാ കമ്പ്യൂട്ടിംഗില്‍ തല്‍പരനും ഇന്‍ഫിറ്റ് (ഉത്തമം) എന്ന പേരിലുള്ള തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് സംഘടനയുടെ ചെയര്‍പേഴ്‌സനുമായ ടിഎന്‍സി വെങ്കട്ടരംഗന്‍റെ അഭിമുഖം ലഭിച്ചതില്‍ ഭാഷാ ഇന്ത്യക്ക് ഏറെ അഭിമാനമുണ്ട്. ഇന്‍റര്‍നെറ്റ് ഫോറങ്ങള്‍ നിലവില്‍ വന്ന കാലം തൊട്ടേ ഭാഷാപരമായ സംരംഭങ്ങളില്‍ ഉത്സാഹം പുലര്‍ത്തുന്ന വ്യക്‌തിയാണ് ടിഎന്‍സി വെങ്കട്ടരംഗന്‍. ഇന്‍റര്‍നെറ്റിന്‍റെ ഉത്ഭവകാലത്ത് നിലവില്‍വന്ന തമിഴ് നെറ്റ് തുടങ്ങിയ ഫോറങ്ങളിലൂടെയാണ് തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് വളര്‍ന്നുവികസിച്ചത്. അക്കാലം തൊട്ടേ വെങ്കട്ടരംഗന്‍ ഭാഷാ കമ്പ്യൂട്ടിംഗില്‍ സജീവമായിരുന്നു. ഭാഷാസ്‌നേഹികള്‍ തമിഴ് തമിഴ് നെറ്റിലും 1997-ലും 1999-ലും നടന്ന തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സുകളിലും തമിഴ് ഭാഷ കമ്പ്യൂട്ടിംഗ് ഇപ്പോള്‍ വളര്‍ന്ന് വികസിച്ച് ഒരു വടവൃക്ഷമായി നില്‍ക്കുകയാണ്. ടിഎന്‍സി വെങ്കട്ടരംഗന് നമ്മളോട് പറയാനുള്ളത് 25 വര്‍ഷത്തെ ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ ചരിത്രമാണ്. ഭാഷാ കമ്പ്യൂട്ടിംഗ് എന്ന ആശയത്തെ വിശദീകരിച്ചതിനും അതിന്‍റെ സാധ്യതകള്‍ വായനക്കാര്‍ക്കായി പരിചയപ്പെടുത്തിയതും ഭാഷാഇന്‍ഡ്യ വെങ്കട്ടരംഗനോട് നന്ദിപറയുന്നു. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ പര്യായമായി അറിയപ്പെടുന്ന ടിഎന്‍സി വെങ്കട്ടരംഗന്‍ തമിഴിലെ ഏറ്റവും 82 വര്‍ഷം പഴക്കമുള്ള ലിഫ്കോ നിഘണ്ടു പ്രസിദ്ധീകരിക്കുന്ന ലിഫ്കോ പബ്ലിഷിംഗ് കമ്പനിയുടെ ഡയറക്‌ടറുമാണ്. ടിഎന്‍സി വെങ്കട്ടരംഗനുമായി ഭാഷാഇന്‍ഡ്യ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് ചുവടെ.
ഏതാണ്ട് പത്തുവര്‍ഷം മുമ്പാണ് ഇന്ത്യന്‍ ഭാഷകളിലുള്ള വെബ്‌സൈറ്റുകള്‍ നെറ്റില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ആദ്യമൊക്കെ അത്തരം സൈറ്റുകള്‍ ഫോണ്ടിലായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് യൂണീക്കോഡ് നിലവില്‍ വന്നു. കമ്പ്യൂട്ടറിലേക്ക് ഇന്ത്യന്‍ ഭാഷയിലുള്ള ഡാറ്റ ചേര്‍ക്കാനും കമ്പ്യൂട്ടറില്‍ ഇന്ത്യന്‍ ഭാഷകള്‍ കാണാനുമുള്ള രീതികള്‍ മെച്ചപ്പെട്ടു. ഭാഷാ കമ്പ്യൂട്ടിംഗില്‍ പരിചയസമ്പന്നനായ ആളെന്ന നിലയില്‍ ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന്‍റെയും തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെയും ചരിത്രം ഒന്ന് ചുരുക്കി വിവരിക്കാമോ?
ഏകദേശം 25 വര്‍ഷത്തെ ചരിത്രം ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനുണ്ട്. എംഎസ് ഡോസ് യൂനീക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ നിന്ന് അതിന്‍റെ ചരിത്രം തുടങ്ങുന്നു. ഇവയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില ആപ്ലീക്കേഷനുകളാണ് ആദ്യമായി ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം നിലയില്‍ വിന്‍ഡോസും ലിനക്സും നമ്മുറ്റെ ഭാഷകളെ പിന്തുണയ്ക്കാന്‍ തുടങ്ങി. പിന്നീട് വെബ്‌സൈറ്റുകള്‍ ഭാഷകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇപ്പോളാകട്ടെ, വളരെ വില കുറഞ്ഞ മൊബൈല്‍ ഫോണുകള്‍ പോലും ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതായത്, ഇന്ത്യയില്‍ ഭാഷാ കമ്പ്യൂട്ടിംഗ് അതിന്‍റെ പ്രാരംഭദശ പൂര്‍ത്തിയാക്കി അടുത്ത കുതിച്ചുചാട്ടത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.
ഇന്ത്യയില്‍, വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും ഇന്ത്യയിലെ ബഹുജനങ്ങളെ ഭാഷാ കമ്പ്യൂട്ടിംഗിന് സഹായിക്കാന്‍ കഴിയും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ കമ്പ്യൂട്ടറിലും നെറ്റിലും ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്. രസകരമായ സംഗതി എന്തെന്നാല്‍, ഇന്ത്യയില്‍ വെറും എട്ട് ശതമാനത്തിന് മാത്രമാണ് ഇംഗ്ലീഷ് മനസിലാവുക! ബാക്കിയുള്ള ജനസംഖ്യയില്‍ തൊണ്ണൂറ് ശതമാനത്തോളം ഭാഷകളെ തന്നെയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.
കമ്പ്യൂട്ടറിലും നെറ്റിലും ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഇന്ത്യന്‍ ജനത നിര്‍ബന്ധിക്കപ്പെടുകയാണ്. നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്ന പലര്‍ക്കും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിലും നെറ്റിലും തങ്ങള്‍ക്ക് വേണ്ടത് ചെയ്യാം എന്ന് അറിയുകപോലുമില്ല. ഭാഷ കമ്പ്യൂട്ടിംഗില്‍ നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ പറ്റി മനസിലാക്കിയാല്‍ ഇക്കൂട്ടര്‍ക്കും വിവരസാങ്കേതികവിദ്യ അവരവരുടെ ഭാഷകളില്‍ ഉപയോഗപ്പെടുത്താം. ഇത്തരമാളുകളെ ഭാഷാ സാധ്യതകളിലേക്ക് കൊണ്ടുവരികയാണ് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ അടുത്ത പടി.
ഇംഗ്ലീഷ് അറിയുന്നവര്‍ക്കും ഭാഷകളില്‍ ആശയവിനിമയം നടത്തുന്നവര്‍ക്കുമിടയില്‍ നിരക്ഷരരായ ഒരു വിഭാഗം ജനങ്ങളുണ്ട്. ടെക്സ്റ്റ് ടു സ്‌പീച്ച്, സ്‌പീച്ച് ടു ടെക്സ്റ്റ് സോഫ്റ്റ്‌വെയര്‍, മറ്റ് ഓഡിയോ-വിഷ്വല്‍ മാധ്യമങ്ങള്‍ എന്നിവയിലൂടെ അവര്‍ക്കും വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ നല്‍കാന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് കഴിയും.
ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന് 25 വര്‍ഷത്തെ ബൃഹത്തായ ചരിത്രമുണ്ടെങ്കിലും പ്രധാനപ്പെട്ട സംരംഭങ്ങളും ഉദ്യമങ്ങളും നടന്നത് ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്താണ്. ഭാഷാ കോണ്‍ഫറന്‍സുകള്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഏകീകരണം) തുടങ്ങിയ പോലുള്ള സംരംഭങ്ങള്‍ ഈ കാലഘട്ടത്തിലാണ് സംഭവിച്ചത്. ഇതിന്‍റെയൊക്കെ ഫലമാണ് നമ്മളിന്ന് കാണുന്ന ഭാഷാ കമ്പ്യൂട്ടിംഗ് അന്തരീക്ഷം.
ഭാഷ കമ്പ്യൂട്ടിംഗ് വികസനവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ്‌നാടിന് വളരെ പുരോഗതിയുണ്ടായിട്ടുണ്ട്. എങ്ങിനെയാണിത് സംഭവിച്ചത്? ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ ഇത്രയധികം വിജയം കാണാന്‍ തമിഴനായത് എന്തുകൊണ്ടാണ്?
ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ മേഖലയില്‍ തമിഴ് ഭാഷ പുരോഗമിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ഐടി പോളിസി കൊണ്ടുവന്നത് തമിഴ്‌നാടാണ്. ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ കാലത്ത് അവ ഏകീകരിക്കുന്നതിന്, തമിഴ്നാട് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന 1999-ലെ തമിഴ് ഇന്‍റര്‍നെറ്റ് ഏറെ സഹായിച്ചിട്ടുണ്ട്. തമിഴ്നാടിനോടൊപ്പം ഗുജറാത്തും ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയില്‍ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന തമിഴ് ജനതയാകണം തമിഴിന്‍റെ ഭാഗ്യം. ഇതുകൊണ്ടാണ് തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് ഇത്രയധികം അഭിവൃദ്ധി പ്രാപിക്കാന്‍ കാരണം. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിന് തന്ന സംഭാവനകള്‍ വച്ച് നോക്കുമ്പോള്‍ നമ്മള്‍ ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ തമിഴ് ജനതയോട് നന്ദി പറയണം. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്‌നങ്ങളാല്‍ ഒരുപാട് തമിഴര്‍ രാജ്യം വിടുകയും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ചേക്കേറുകയും ചെയ്‌തു.
ഇവരില്‍ പലരും വിവരസാങ്കേതികവിദ്യയുടെ ഏറ്റവും നൂതന ഫലങ്ങള്‍ അനുഭവിക്കുന്ന വികസിത രാജ്യങ്ങളില്‍ അവിടങ്ങളിലെ ജനതതിയോടൊപ്പം ജോലിചെയ്യുകയും വിവരസാങ്കേതികവിദ്യയിലെ ഓരോ പുതിയ തുടിപ്പും അറിയുകയും ചെയ്‌തു. അറിയുകയും പഠിക്കുകയും ചെയ്‌ത പലതും സ്വന്തം മാതൃഭാഷയായ തമിഴിലും ചെയ്യാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങളാണ് തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിന് അടിത്തറ പാകിയത്.
തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് അഭിവൃദ്ധി പ്രാപിച്ച അന്തരീക്ഷത്തെ പറ്റി കുറച്ചുകൂടി വിശദീകരിക്കാമോ?
തമിഴ് നെറ്റ് എന്ന ഇന്‍റര്‍നെറ്റ് മെയിലിംഗ് ലിസ്റ്റ് വഴിയാണ് തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് ഭാഷാ സ്‌നേഹികള്‍ക്കിടയിലും മാധ്യമങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നത്. ബാലാ പിള്ള, മുത്തു നെടുമാരന്‍ തുടങ്ങി തമിഴ് നെറ്റിനെ നയിച്ച പ്രതിഭാശാലികളെ ഈയവസരത്തില്‍ ഞാനോര്‍ക്കട്ടെ. തമിഴിനെ കമ്പ്യൂട്ടറില്‍ എങ്ങനെയെത്തിക്കണം എന്നതിനെ പറ്റി ഇവരോടൊപ്പം ഞാനും തലപുകഞ്ഞാലോചിച്ചിട്ടുണ്ട്.
രസകരമെന്നുപറയട്ടെ, ആദ്യത്തെ തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സ് നടന്നത് 1997-ല്‍ സിങ്കപ്പൂരിലാണ്. അന്തരിച്ച തമിഴ് പണ്ഡിതന്‍ ഡോക്‌ടര്‍ എന്‍ ഗോവിന്ദസ്വാമിയാണ് ഇതിന്‍റെ പിന്നിലെ ചാലകശക്തിയായി വര്‍ത്തിച്ചത്. ഇത് കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 1999-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇത് തമിഴ്‌നെറ്റ് 99 എന്നാണ് അറിയപ്പെട്ടത്. അപ്പോഴത്തെ മുഖ്യമന്ത്രിയുടെ വിവരസാങ്കേതികവിദ്യാ സെക്രട്ടറിയായിരുന്ന അനന്തകൃഷ്ണനെ ഇത്തരുണത്തില്‍ നാം നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്. ഈ കോണ്‍ഫറന്‍സിന് ശേഷം തമിഴ്‌നാട്ടില്‍ ഒരു ഐടി ടാസ്ക്ക് ഫോഴ്‌സ് രൂപംകൊണ്ടു. മൂന്നാമത്തെ തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സ് 2000-ല്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഇന്‍ഫിറ്റ് രൂപംകൊണ്ടു.
ഭാഷാ കമ്പ്യൂട്ടിംഗിനായി ഇന്‍ഫിറ്റ് ചെയ്‌ത സംരംഭങ്ങള്‍ എന്തൊക്കെയായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ ഇന്‍ഫിറ്റിന്‍റെ ചെയര്‍ പേഴ്‌സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. ഇന്‍ഫിറ്റിനെ പറ്റിയും അതിന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റിയും അല്‍പമൊന്ന് വിശദീകരിക്കാമോ?
തമിഴ് ഭാഷാ കമ്പ്യൂട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിനും വഴിനടത്തുന്നതിനും വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന, സര്‍ക്കാരേതരവും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ഒരു സംഘടനയാണ് ഇന്‍ഫിറ്റ്. 1999-ല്‍ രൂപംകൊള്ളുകയും കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ഒരു സംഘടനയാണിത്. തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെയും നെറ്റിലെ തമിഴിന്‍റെയും ഉന്നമനമാണ് ഇതിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനുവേണ്ടി ഒരുപിടി കോണ്‍ഫറന്‍സുകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍ഫിറ്റ് ഇതുവരെ നടത്തിയ കോണ്‍ഫറന്‍സുകള്‍ ഇവയാണ് - ചെന്നൈ (1999, 2003), സിങ്കപ്പൂര്‍ (2000, 2004), കോലാലംപൂര്‍ (2001), സാന്‍ഫ്രാന്‍സിസ്കോ (2002), ജര്‍മനി (2009) എന്നിവയാണ്. ഇപ്പോള്‍ ഒമ്പതാമത്തെ കോണ്‍ഫറന്‍സിനായി ഞങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരും ഇന്‍ഫിറ്റും സഹകരിച്ചായിരിക്കും 2010-ല്‍ നടക്കുന്ന കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെടുക.
എങ്ങിനെയാണ് തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് സംരംഭങ്ങള്‍ക്കായുള്ള ധനസഹായം ലഭിച്ചിരുന്നത്? വ്യക്‌തികളും സ്വകാര്യസ്ഥാപനങ്ങളുമാളോ ഇതിന് മുന്‍കൈ എടുത്തത് അതോ സര്‍ക്കാര്‍ തന്നെയോ?
ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളില്‍ നിന്നും തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം ലഭിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സ് നടന്നത് സിങ്കപ്പൂരിലാണെന്ന് ഞാന്‍ മുമ്പ് സൂചിപ്പിക്കുകയുണ്ടായല്ലോ. ഇതിനുള്ള ധനസഹായം ചെയ്‌തതും സിങ്കപ്പൂര്‍ സര്‍ക്കാര്‍ ആയിരുന്നു. രണ്ടാമത്തെ കോണ്‍ഫറന്‍സിന് ധനസഹായം നല്‍കിയത് തമിഴ്നാട് സര്‍ക്കാരായിരുന്നു. ഇപ്പോള്‍ ഒരു ഭാഷാ കമ്പ്യൂട്ടിംഗ് കോണ്‍ഫറന്‍സോ വര്‍ക്ക്ഷോപ്പോ വിളിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ അക്കാലത്തെല്ലാം അതൊരു ഭഗീരഥയത്നമായിരുന്നു എന്ന് ഓര്‍ക്കണം. അപ്പോഴൊക്കെ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും തമിഴര്‍ വസിച്ചിരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നും തമിഴ് ഭാഷാ കമ്പ്യൂട്ടിംഗ് സമൂഹത്തിന് വളരെ സഹായങ്ങള്‍ ലഭിച്ചിരുന്നു, ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
തമിഴില്‍ രണ്ടുതരം കീബോര്‍ഡുകളാണ് ഉള്ളതെന്ന് കേട്ടിട്ടുണ്ട്. എങ്ങിനെയാണ് വിവിധ തരത്തിലുള്ള കീബോര്‍ഡുകള്‍ വെറും രണ്ടെണ്ണത്തിലേക്ക് നിങ്ങള്‍ ചുരുക്കിയത്? ഏകീകരിച്ച കീബോര്‍ഡ് ഉണ്ടാകുന്നത് നല്ലതാണെന്ന് കരുതുന്നുണ്ടോ?
തമിഴിലിപ്പോള്‍ തമിഴ് 99 എന്ന കീബോര്‍ഡും തമിഴ് ടൈപ്പ്‌റൈറ്റര്‍ എന്ന കീബോര്‍ഡുമാണ് ഏറെ ജനകീയം. ഇവ രണ്ടുമല്ലാതെ റോമനൈസേഷന്‍ രീതിയിലുള്ള (ട്രാന്‍സ്‌ലിറ്ററേഷന്‍) കീബോര്‍ഡും തമിഴിലുണ്ട്. വ്യത്യസ്‌ത തരത്തിലുള്ള കീബോര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ ഞാനൊരു തെറ്റും പ്രശ്നവും കാണുന്നില്ല. എല്ലാ കീബോര്‍ഡുകളും യൂണീകോഡിലുള്ള ഡാറ്റ ഔട്ട്‌പുട്ടായി തരണമെന്നുമാത്രം.
റോമനൈസേഷന്‍ രീതിയിലുള്ള കീബോര്‍ഡുകള്‍ ക്വര്‍ട്ടി (QWERTY) അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തര്‍ം കീബോര്‍ഡുകള്‍ നിങ്ങളുടെ ടൈപ്പിംഗ് വേഗത ഗണ്യമായി കുറയ്ക്കും. എന്നാല്‍ ഡോറാക്ക് (DVORAK) കീബോര്‍ഡുകള്‍ നിങ്ങളുടെ ടൈപ്പിംഗ് വേഗത വര്‍ദ്ധിപ്പിക്കാനായി രൂപകല്‍പന ചെയ്‌തിരിക്കുന്നവയാണ്. തമിഴ്‌നാട് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള തമിഴ്‌നെറ്റ് 99 കീബോര്‍ഡ് അത്തരത്തിലുള്ള ഒന്നാണ്. 1999-ല്‍ നടന്ന തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സിലാണ് ഈ കീബോര്‍ഡ് അവതരിപ്പിക്കപ്പെട്ടത്. ഒരുപാട് ഗവേഷണ-നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ കീബോര്‍ഡ് അവതരിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും ടൈപ്പ്‌റൈറ്റര്‍ കീബോര്‍ഡ് ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
തമിഴര്‍ക്കിടയില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്ന ലിഫ്കോ നിഘണ്ടുവിന്‍റെ പിന്നില്‍ നിങ്ങളുടെ മുത്തച്ഛനാണെന്ന് കേള്‍ക്കുകയുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യമാവട്ടെ അടുത്തത്. ഭാഷാ കമ്പ്യൂട്ടിംഗില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോസറികള്‍. ആപ്ലിക്കേഷനുകളുടെയും പ്രോഡക്റ്റുകളുടെയും യൂസര്‍ ഇന്‍റര്‍ഫേസായാലും സഹായ ഉള്ളടക്കമായാലും ഏകീകരിച്ച ഗ്ലോസറികള്‍ ആവശ്യമാണല്ലോ? ഭാഷാ കമ്പ്യൂട്ടിംഗ് വളരുന്നതോടെ സാങ്കേതികവും വൈദ്യപരവും നിയമപരവും ഒക്കെയായ ഗ്ലോസറികളും നിഘണ്ടുകളും ലഭ്യമാക്കേണ്ടേതല്ലേ? എന്തൊക്കെ തരത്തിലുള്ള ഉദ്യമങ്ങളാണ് ഈ ദിശയില്‍ നടക്കുന്നത്?
അതെ, എന്‍റെ മുത്തച്ഛനാണ് ലിഫ്കോ നിഘണ്ടു അവതരിപ്പിക്കുന്നത്. തമിഴിനായി സാങ്കേതികപദ ഗ്ലോസറികളും നിഘണ്ടുകളും തയ്യാറാക്കുന്നതില്‍ സര്‍വകലാശാലകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന കനിത്തമിഴ് സംഘം, തമിഴ് വെര്‍ച്ച്വല്‍ യൂണിവേഴ്‌സിറ്റി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളും യാപൃതമാണ്.
ഉപയോഗിക്കുന്ന പദാവലിയുടെ മാനകീകരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടെ, സര്‍കാത്മകതയ്ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. പലപ്പോഴും ഇംഗ്ലീഷ് തന്നെ പദാവലികള്‍ മാനകീകരിച്ചിട്ടില്ല. ഉദാഹരണത്തിന് ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ 'ഫേവറൈറ്റ്‌സ്' എന്ന് പറയുന്നിടത്ത് മറ്റ് ബ്രൗസര്‍ മെനുകളില്‍ 'ബുക്ക്‌മാര്‍ക്ക്‌സ്' എന്ന് ഉപയോഗിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്തായാലും ഗ്ലോസറികളും നിഘണ്ടുകളും ഉണ്ടാകുന്നത് ഭാഷാ കമ്പ്യൂട്ടിംഗിനെ സഹായിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാരും സര്‍ക്കാരേതര ഏജന്‍സികളും ഇതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഭാഷാ കമ്പ്യൂട്ടിംഗ് മേഖലയിലെ വിദഗ്‌ധരിലൊരാള്‍ എന്ന നിലയില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഭാഷാ കമ്പ്യൂട്ടിംഗ് അഭിമുഖീകരിക്കുന്നത് എന്ന് പറയാമോ?
ആപ്ലിക്കേഷനുകളുടെയും ഉല്‍പന്നങ്ങളുടെയും യൂസര്‍ ഇന്‍റര്‍ഫേസുകള്‍ അതാത് ഭാഷകളില്‍ ആകേണ്ടത് ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ പ്രയോജനം കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ എത്തിക്കാന്‍ ഉതകും. എന്നാല്‍ പ്രാദേശികവല്‍ക്കരണ (ലോക്കലൈസേഷന്‍) പ്രവര്‍ത്തനങ്ങള്‍ ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. പരിഹരിക്കുന്നതിനായി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഭാഷാ കമ്പ്യൂട്ടിംഗിന് മുമ്പിലുണ്ട്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും കമ്പ്യൂട്ടര്‍ എത്താത്തത് തന്നെയാണ് ഏറ്റവും വലിയ കടമ്പ. നാല്‍പത് ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ (വീടുകളില്‍) മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നത് എന്നാണ് കണക്ക്. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമ്പത്തിക വളര്‍ച്ച (അടുത്ത 25 വര്‍ഷത്തേക്ക് 9% വച്ച്) ഉണ്ടാകുമെങ്കില്‍ കാര്യങ്ങള്‍ നാടകീയമായി മാറും.
ഭാഷാ വിദഗ്‌ധര്‍ അവരവരുടെ ഭാഷകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഭാഷാ കമ്പ്യൂട്ടിംഗ് സമൂഹങ്ങള്‍ അവരവരുടെ ഭാഷയുടെ കാര്യം മാത്രം നോക്കുന്നു. തമിഴ് ഭാഷാ സമൂഹം തമിഴില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മലയാളികള്‍ മലയാളം മാത്രം കാണുന്നു. ഇന്ത്യയിലെ വ്യത്യസ്‌ത ഭാഷകള്‍ തമ്മില്‍ സഹകരിച്ചുള്ള ഒരുദ്യമമാണ് ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതം.
രു ഇന്ത്യന്‍ ഭാഷയില്‍ പരിഹാരം കണ്ടുപിടിച്ചാല്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലും, ചിലപ്പോഴൊക്കെ ഏഷ്യന്‍ ഭാഷകളിലും. ഇതേ പ്രശ്നം ലളിതമായി പരിഹരിക്കാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യാകരണ നിയമങ്ങളും മറ്റ് സങ്കീര്‍ണതകളും വ്യത്യസ്‌തമായിരിക്കും. എങ്കിലും ഒരിക്കല്‍ ഒരു ഭാഷയില്‍ പരിഹാരം കണ്ട പ്രശ്‌നത്തിന് മറ്റൊരു ഇന്ത്യന്‍ ഭാഷയില്‍ പരിഹാരം കാണുക അത്ര പ്രയാസമുള്ള കാര്യമാകില്ല.
മറ്റൊരു വലിയ പ്രശ്നം നമുക്ക് ഇന്ത്യന്‍ ഭാഷകളില്‍ ഡിജിറ്റല്‍ ഉള്ളടക്കം വേണ്ടത്ര ഇല്ല എന്നുള്ളതാണ്. ചൈനയെയോ ജപ്പനെയോ താരതമ്യം ചെയ്യൂ. അവരുടെ ഭാഷകളില്‍ ഇംഗ്ലീഷിനോട് കിടപിടിക്കത്തക്ക അളവില്‍ ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറായിക്കഴിഞ്ഞു.
ഇന്ത്യന്‍ ഭാഷകളില്‍ ഇപ്പോഴുള്ള ഡിജിറ്റല്‍ ഉള്ളടക്കം വേണ്ടത്രയില്ല എന്ന്ണോ അഭിപ്രായം? എങ്കില്‍ ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ഒക്കെയായി ചിതറിക്കിടക്കുന്ന ഉള്ളടക്കം സമാഹരിക്കുകയാണെങ്കില്‍?
ഇന്ത്യന്‍ ഭാഷകളില്‍ ഇപ്പോള്‍ ഡിജിറ്റലായി ലഭ്യമായ ഉള്ളടക്കം വേണ്ടത്രയില്ലെന്ന് ഒരിക്കല്‍ കൂടി ഞാന്‍ പറയട്ടെ. ഗവേഷണ ആവശ്യങ്ങള്‍ക്കായി നമുക്ക് വലിയ കോര്‍പസുകള്‍ (പദങ്ങളുടെയും പദസഞ്ചയങ്ങളുടെയും സമാഹാരം) വേണം. ഇതില്‍ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതുമായ പദങ്ങളും പദസഞ്ചയങ്ങളും ആവശ്യമാണ്. സൈറ്റുകളും ബ്ലോഗുകളും മറ്റും ഉപയോഗത്തിലുള്ള പദങ്ങളും പദസഞ്ചയങ്ങളും മാത്രമേ ഉള്‍ക്കൊള്ളൂ. ആഗോള വിപണിക്കനുസരിച്ച് ഭാഷാ ആപ്ലിക്കേഷനുകളും ഉല്‍പന്നങ്ങളും മെച്ചപ്പെടുത്താന്‍ സമ്പൂര്‍ണമായൊരു കോര്‍പസ് കൂടിയേ തീരൂ. ഒപ്റ്റിക്കല്‍ കാരക്റ്റര്‍ റെക്കൊഗ്നിഷനും (ഓസിആര്‍) നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗും തൊട്ട് നല്ലൊരു സ്‌പെല്‍ ചെക്കറും സുരക്ഷാ സോഫ്റ്റ്‌വെയറുകളും വരെ സമ്പൂര്‍ണമായ ഒരു കോര്‍പസിനെ ആശ്രയിച്ചാണിരിക്കുന്നത്.
ഇന്‍ഫിറ്റിന്‍റെ മുന്‍ ചെയര്‍പേഴ്സണായ ഡോക്‌ടര്‍ ഡോക്‌ടര്‍ കല്യാണസുന്ദരത്തിന്‍റെ പ്രൊജക്റ്റ് മധുരൈ എന്ന സംരംഭം കോര്‍പസുമായി ബന്ധപ്പെട്ട ആദ്യ സംരംഭങ്ങളില്‍ ഒന്നാണ്. തമിഴ് വിക്കിപ്പീഡിയയും നെറ്റിലെ ഉള്ളടക്കം സമ്പന്നമാക്കിക്കൊണ്ട് പുരോഗമിക്കുന്നുണ്ട്.
കമ്പ്യൂട്ടറിലേക്ക് ഡാറ്റ ചെലുത്താനും കമ്പ്യൂട്ടറില്‍ ഡാറ്റ കാണാനുമൊക്കെ യൂണീക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരണ സ്ഥാപനങ്ങളും അച്ചടി മാധ്യമങ്ങളും ഇപ്പോഴും 8-ബിറ്റ് ഫോണ്ടുകളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തെ എങ്ങിനെ വിലയിരുത്തുന്നു? ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകളില്‍ നിലവിലുള്ള 8-ബിറ്റ് ഫോണ്ടുകളുടെ വൈവിധ്യ ശ്രേണിയോട് കിടപിടിക്കാന്‍ വേണ്ടത്ര യൂണീക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണോ?
അച്ചടി സ്ഥാപനങ്ങളില്‍ ഇപ്പോഴും 8-ബിറ്റ് ഫോണ്ടുകളെ ആശ്രയിക്കുന്നതിന് ഒരു കാരണമുണ്ട്. ഏതെങ്കിലുമൊരു പബ്ലിഷിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും ഇവരൊക്കെ അച്ചടിവേലകള്‍ നിര്‍വഹിക്കുക. ഇത്തരത്തിലുള്ള പബ്ലിഷിംഗ് സോഫ്റ്റ്‌വെയറില്‍ പലപ്പോഴും യൂണീക്കോഡ് പിന്തുണ ഉണ്ടാകാറില്ല. എന്തായാലും, ഈ സോഫ്റ്റുവെയറുകള്‍ യൂണീക്കോഡിനെ പിന്തുണച്ചേ പറ്റൂ. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കും ഇക്കാര്യം അറിയാം.
ഇന്ത്യന്‍ ഭാഷകള്‍ക്കായി യൂണീക്കോഡ് ഉപയോഗിക്കാനുള്ള സൗകര്യമൊക്കെ പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളിലെ കോര്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ട്. എന്നാല്‍ ഈ സംവിധാനം സജീവമാക്കിയിട്ടില്ലെന്ന് മാത്രം. ഇപ്പോഴും, മൈക്രോസോഫ്റ്റ് പബ്ലിഷര്‍ പോലുള്ള പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളില്‍ യൂണീക്കോഡ് പിന്തുണയുണ്ട്. അല്‍പം കാത്തിരിക്കൂ, മറ്റുള്ള പബ്ലിഷിംഗ് സോഫ്റ്റ്‌വെയറുകളും നമ്മുടെ യൂണീക്കോഡിനെ പിന്തുണയ്ക്കാന്‍ തുടങ്ങും.
തമിഴിലും ഇന്ത്യന്‍ ഭാഷകളിലും ഇപ്പോള്‍ അത്യാവശ്യത്തിന് യൂണീക്കോഡ് ഫോണ്ടുകള്‍ ലഭ്യമാണ്. സിഡാക്ക്, ടിഡില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇന്ത്യന്‍ ഭാഷകളിലുള്ള യൂണീക്കോഡ് ഫോണ്ട് വികസിപ്പിച്ചെടുക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്‌തികളും ഉണ്ടാക്കിയിട്ടുള്ള ഫോണ്ടുകളും ലഭ്യമാണ്. കുറച്ചുകാലം കഴിഞ്ഞാല്‍ ആസ്കി ഫോണ്ടുകളുടെ വൈവിധ്യത്തെ മറികടക്കുന്നയത്ര എണ്ണം യൂണീക്കോഡ് ഫോണ്ടുകള്‍ തീര്‍ച്ചയായും ഉണ്ടായിവരും.
തമിഴ് ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്, എങ്ങിനെയൊക്കെയാണ്? ഭാഷാ കമ്പ്യൂട്ടിംഗിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സംതൃപ്‌തി തോന്നുന്നുണ്ടോ?
തമിഴ് ഭാഷാ കമ്പ്യൂട്ടിംഗിനായി വളരെയധികം പ്രയത്നങ്ങള്‍ ചെയ്യുന്നൊരു സര്‍ക്കാരാണ് തമിഴ്‌നാടിലേത്. കമ്പ്യൂട്ടിംഗ് വളര്‍ച്ചയ്ക്കായി ഇതിനകം തന്നെ സര്‍ക്കാര്‍ ഒരുപിടി കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. കമ്പ്യൂട്ടിംഗിനായി സ്ഥാപനങ്ങളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തമിഴ് വെര്‍ച്ച്വല്‍ സര്‍വകലാശാല നിലവിലുണ്ട്. തമിഴ്‌നാട് സര്‍ക്കാരും ഇന്‍ഫിറ്റും സഹകരിച്ച് 2010 ജൂലൈ മാസത്തില്‍ ഒരു തമിഴ് ഇന്‍റര്‍നെറ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ട്. കോയമ്പത്തൂരിലാണ് ഇത് നടക്കുന്നത്. കോണ്‍ഫറന്‍സിന്‍റെ ഭാഗമായി, തമിഴില്‍ എങ്ങിനെ ടൈപ്പുചെയ്യാം എന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുകവഴി പത്തായിരത്തോളം വിദ്യാര്‍ത്ഥികള്‍ തമിഴ് ടൈപ്പിംഗ് പഠിച്ചിട്ടുണ്ട് എന്നറിയിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. "ചെറുപ്പത്തില്‍ തന്നെ പരിചയിപ്പിക്കുക" എന്ന തത്വമാണ് ഞങ്ങള്‍ പരീക്ഷിച്ചിരിക്കുന്നത്.
ഈ കാമ്പയിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഞങ്ങള്‍ സമീപിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ തമിഴ് ഉള്ളടക്കം (കണ്ടന്റ്) തയ്യാറാക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടും. ഇവര്‍ തയ്യാറാക്കുന്ന ലേഖനങ്ങള്‍ പിന്നീട് അറിവ് പങ്കുവയ്ക്കുന്ന (നോളിജ് ഷെയറിംഗ്) പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കപ്പെടും.
മാനകങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡുകള്‍) തയ്യാറാക്കുകയും തയ്യാറാക്കിയ മാനകങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് സര്‍ക്കാരുകള്‍ ഭാഷാ കമ്പ്യൂട്ടിംഗിന് വേണ്ടി ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളെന്ന് എനിക്ക് തോന്നുന്നു. അതുപോലെത്തന്നെ മാനകങ്ങളെ പ്രചരിപ്പിക്കാനും പ്രചരിപ്പിക്കുന്നതിന് ധനസഹായം ചെയ്യാനും സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുതന്നെയാണ് ചെയ്യുന്നത് എന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്.
ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിന്‍റെ അടുത്ത ഘട്ടം എന്തായിരിക്കും? മറ്റാരെയും ആശ്രയിക്കാതെ രാജ്യത്തിനുള്ളില്‍ ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുക്കാന്‍ നമുക്ക് കഴിയുമോ?
ചൈനീസ് ഭാഷയില്‍ ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുക്കാനുള്ള ചൈനാക്കാരുടെ ശാഠ്യം നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ ഈ രീതിക്ക് അത്ര വലിയ പ്രയോജനങ്ങളൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആഗോള ഉല്‍പന്നങ്ങളാണ്. സെര്‍ച്ച് എഞ്ചിന്‍ തൊട്ട് മെയില്‍ സേവനം വരെ ചിന്തിച്ചുനോക്കുക. നമുക്ക് ആവശ്യം ഈ ആഗോള ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും നമ്മുടെ ഭാഷകളെ പിന്തുണയ്ക്കുക എന്നതാണ്. ഇങ്ങിനെ ചെയ്യുക വഴി നമുക്ക് ഏറ്റവും പുതിയ സാങ്കേതികതകള്‍ നമ്മുടെ ഭാഷയില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ രീതിയിലൂടെ നമ്മള്‍ പിന്തുടരുന്നത് "തിങ്ക് ലോക്കലി, ആക്റ്റ് ഗ്ലോബലി" എന്ന പ്രസിദ്ധ തത്വമായിരിക്കും.
രാജ്യത്തിനുള്ളില്‍ തന്നെയുള്ള വിഭവങ്ങള്‍ വച്ച് തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും ഉണ്ടാക്കും. എന്നാല്‍ ചൈനയിലും ജപ്പാനിലും നടക്കുന്നതുപോലെ ആഗോളതലത്തിലുള്ള ഉല്‍പന്നങ്ങളെ ഒഴിവാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഏറ്റവും പുതിയ പഠനമനുസരിച്ച്, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വിവരസാങ്കേതികവിദ്യാ വിപ്ലവത്തിന്‍റെ ഭൂമികയാകാന്‍ പോകുന്നത് ഇന്ത്യയും ചൈനയുമായിരിക്കും.
ഇംഗ്ലീഷ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങളും ആപ്ലിക്കേഷനുകളും ഉണ്ടാക്കുകയും അത് പിന്നീട് ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റിന് വേണ്ടിയും ഏഷ്യന്‍ മാര്‍ക്കറ്റിന് വേണ്ടിയും പരുവപ്പെടുത്തിയെടുക്കുകയുമാണ് നിലവിലുള്ള രീതി. ഇന്ത്യന്‍ ജനതയുടെ പത്ത് ശതമാനം പേര്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തതിനാല്‍ കമ്പനികള്‍ ഇന്ത്യയെ അവഗണിക്കുകയായിരുന്നു ഇതുവരെ. ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ശേഷം ഇന്ത്യ കൈവരിച്ചിരിക്കുന്ന സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ മാറുകയാണ്. ലോകവിപണികളില്‍ ഏറ്റവും മികച്ച ഒന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വിവരസാങ്കേതികവിദ്യാ മേഖലയിലെ കമ്പനികളെല്ലാം മനസിലാക്കിക്കഴിഞ്ഞു. ഇതിനുപുറമെ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആപ്ലിക്കേഷനുകളും ഉല്‍പന്നങ്ങളും ഉണ്ടാവാന്‍ തുടങ്ങുകയാണ്.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പ്രയോഗങ്ങളും ഉല്‍പന്നങ്ങളും ഉണ്ടായിവരുമ്പോള്‍ അവ 'വേള്‍ഡ് റെഡി' (ലോകത്തില്‍ എവിടെയും ഉപയോഗിക്കാന്‍ പാകത്തിന്) ആയിരിക്കും. കാരണം ആപ്ലിക്കേഷനുകളിലും പ്രയോഗങ്ങളിലും ഇന്ത്യന്‍ ഭാഷകളടക്കമുള്ള ഏഷ്യന്‍ ഭാഷകള്‍ ഉള്‍ക്കൊള്ളിക്കുന്നത് അല്‍പം സങ്കീര്‍ണമായ പ്രക്രിയയാണ്. നമ്മളുടെ ഉല്‍പന്നങ്ങള്‍ ഈ കടമ്പ കഴിഞ്ഞവയായിരിക്കും എന്നതിനാല്‍ അവയില്‍ പിന്നെ ഇംഗ്ലീഷ് ചേര്‍ക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
ഇനിയുള്ള 10 വര്‍ഷങ്ങളില്‍ ഭാഷാ കമ്പ്യൂട്ടിംഗ് രംഗത്ത് അഭൂതപൂര്‍വമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നു. അത്ഭുതങ്ങളാവും നമ്മെ കാത്തിരിക്കുന്നത്. 2020 ആകുന്നതോടെ വിവരസാങ്കേതികവിദ്യാ മേഖലയില്‍ ഇന്ത്യന്‍ ഭാഷകളും ഇംഗ്ലീഷിനോട് കിടപിടിക്കാന്‍ തുടങ്ങും എന്നതില്‍ സംശയം വേണ്ടാ!
ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗിനായി മൈക്രോസോഫ്റ്റിന്‍റെ സംഭാവനയായ ഭാഷാഇന്ത്യാ ഡോട്ട് കോമിനെ താങ്ങള്‍ എങ്ങിനെയാണ് കാണുന്നത്? ഇന്ത്യന്‍ ഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ഭാഷാഇന്ത്യയുടെ സംരംഭങ്ങളും പ്രയത്നങ്ങളെയും പറ്റി താങ്കള്‍ എന്തുകരുതുന്നു?
ഭാഷാഇന്ത്യയെ പോലെയുള്ള വിഭവസ്രോതസുകള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. സിഡാക്ക് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളും ഇതുപോലുള്ള പ്രയത്നങ്ങളില്‍ വ്യാപൃതരാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകള്‍ക്കൊരു ഭാഷാ കമ്പ്യൂട്ടിംഗ് ഇടം എന്ന ഭാഷാഇന്ത്യയുടെ ആശയം അതുല്യമായ ഒന്നാണ്. ഭാഷാ കമ്പ്യൂട്ടിംഗ് എന്താണെന്ന് ഭാഷാസ്‌നേഹികള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതും ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്‌ധര്‍ക്ക് സംശയപരിഹാരത്തിനുള്ള ഇടമൊരുക്കുന്നതും ശ്ലാഘനീയം തന്നെ. ഭാവിയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ നല്ല രീതിയില്‍ ഭാഷാ കമ്പ്യൂട്ടിംഗിനെ സഹായിക്കാന്‍ ഭാഷാഇന്ത്യക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.