ഇന്ത്യ പിടിച്ചടക്കാന്‍ ഡൈനാമിക്സ് CRM
കസ്റ്റമര്‍മാരുമായും ക്ലയിന്റുകളുമായും ഉള്ള കമ്പനിയുടെ ഇടപെടലുകള്‍ നിര്‍വഹിക്കുന്നതിനും ട്രാക്കുചെയ്യുന്നതിനും സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നതാണ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജുമെന്റ് (CRM) ആപ്ലിക്കേഷനുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ചെറുതും ഇടത്തരവും വലുതുമായ എന്റര്‍പ്രൈസുകള്‍ക്ക് (SME) അവയുടെ കസ്റ്റമര്‍മാരെയും കസ്റ്റമര്‍മാരുടെ ‘ബയിംഗ് ട്രെന്‍ഡു’കളും മനസിലാക്കാനും ട്രാക്കുചെയ്യാനും പല ജനപ്രിയ CRM സോഫ്റ്റ്‌വെയറുകളും നിലവില്‍ ഉണ്ടെങ്കിലും മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഡൈനാമിക്സ് CRM ഉപയോഗലാളിത്യത്തിന്റെ പേരില്‍ വേറിട്ട് നില്‍ക്കുന്നു.
ഇന്ത്യയിലെ CRM വിപണിയില്‍ ഇപ്പോള്‍ ഏറ്റവുമധികം ഉപയോഗിച്ച് വരുന്ന രണ്ട് CRM ആപ്ലിക്കേഷനുകള്‍ സെയില്‍സ്‌ഫോഴ്സ് ഡോട്ട് കോം, ഒറാക്കിള്‍ എന്നീ കമ്പനികളില്‍ നിന്നുള്ളതാണ്. ഈ ജനപ്രിയ സോഫ്റ്റ്‌വെയറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് മൈക്രോസോഫ്റ്റിന്റ് ഡൈനാമിക്സ് CRM വരുന്നത്.
ലോകത്തിലെ ഏറ്റവും ജനപ്രിയ ഇ-മെയില്‍ പ്രോഗ്രാമായ ഔട്ട്‌ലുക്കിനുള്ളിലാണ് ഡൈനാമിക്സ് CRM ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലയിന്റുകള്‍, കസ്റ്റമര്‍മാര്‍, അവസരങ്ങള്‍ എന്നിവയ്ക്കൊക്കെയായി ആളുകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് ആണ്. അവര്‍ ഉപയോഗിക്കുന്ന ജനപ്രിയ ഇ-മെയില്‍ പ്രോഗ്രാം ഉപേക്ഷിക്കാതെ തന്നെ CRM സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഡൈനാമിക്സ് CRM അനുവദിക്കുന്നു.
ഔട്ട്‌ലുക്കില്‍ തന്നെ അവര്‍ക്ക് കസ്റ്റമര്‍മാരെയും കസ്റ്റമര്‍മാരുടെ ‘ബയിംഗ് ട്രെന്‍ഡു’കളും മനസിലാക്കാനും ട്രാക്കുചെയ്യാനും കഴിയും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച് വരുന്നത് സെയില്‍സ് ഫോഴ്സില്‍ നിന്നുള്ള CRM ആണ്. തൊട്ടുപിന്നാലെ ഉള്ളത് ഒറാക്കിളിന്റെ സീബില്‍ CRM ഓണ്‍ ഡിമാന്‍ഡ് ആണ്. ഈ രണ്ട് കമ്പനികള്‍ക്ക് മുമ്പിലും വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് ഡൈനാമിക്സ് CRM. എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകളിലെ ഉല്‍പന്നങ്ങളില്‍ വലിയ കുതിച്ചുചാട്ടം നടത്തുന്നത് CRM ആപ്ലിക്കേഷന്‍ മേഖലയിലാണ്.
ഇന്ത്യയില്‍ ചെറുതും ഇടത്തരവുമായ കമ്പനികള്‍ CRM ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. വലിയ കമ്പനികള്‍ ഇപ്പോഴും ക്ഷമാപൂര്‍വം വീക്ഷിക്കുകയാണ്.
ടെക്ക് എഡ് 2011 എന്ന പേരില്‍ മൈക്രോസോഫ്റ്റ് ഇക്കഴിഞ്ഞ മാസം സംഘടിപ്പിച്ച ടെക്നോളജി ഫെയറില്‍ പ്രശസ്ത ക്രിക്കറ്റ് താരം അനില്‍ കുംബ്ലേ പങ്കെടുക്കുകയുണ്ടായി. ‘വിജയിക്കാനായി വ്യക്തിഗത പ്രതിഭയും വൈദഗ്ധ്യവും മാത്രം പോര. പ്രകടനത്തിലുള്ള സ്ഥിരതയും ഇതിനാവശ്യമാണ്. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുകയും സാങ്കേതികവിദ്യയുടെ അതിരുകള്‍ ഭേദിക്കുകയും ചെയ്യുന്ന മൈക്രോസോഫ്റ്റില്‍ നിന്ന് ഒട്ടനേകം നമുക്ക് പഠിക്കാനുണ്ട്’ - കുംബ്ലേ പറയുന്നു.