ഏറ്റവും പുതിയ USB-യെ പറ്റി എല്ലാമറിയൂ

 

ഇഷ്ടപ്പെട്ട സിനിമ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഒരു ഗാനം എപ്പോഴും കയ്യില്‍ കൊണ്ട് നടക്കാന്‍ ഇഷ്ടമില്ലാത്തവരാര്‌? കൊളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇക്കാര്യത്തിനായി ആശ്രയിക്കുന്നത് USB-യെയാണ്‌.

ചിലപ്പോഴൊക്കെ നമ്മളിതിനെ പെന്‍ ഡ്രൈവെന്നും വിളിക്കുന്നു. നമ്മില്‍ പലരും USB ഡ്രൈവുകള്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കിലും ഇതിന്‍റെ ചരിത്രമോ നമ്മള്‍ ഉപയോഗിക്കുന്ന USB ഡ്രൈവിന്‍റെ പതിപ്പ് ഏതാണെന്നോ നമുക്ക് അറിയില്ല.

 

കമ്പ്യൂട്ടര്‍ സാര്‍വത്രികമായതോടെ, ബാഹ്യ ഡിവൈസുകള്‍ എങ്ങിനെ കമ്പ്യൂട്ടറുകായി ബന്ധിപ്പിച്ച് കൂടുതല്‍ ഉപയോഗപ്പെടുത്താം എന്ന ചിന്തയും തുടങ്ങി. ഫ്ലോപ്പിയും സിഡിയും ഡി‍വി‍ഡിയും ഒക്കെ ഇതിന്‍റെ ഭാഗമായി വന്ന ഉപകരണങ്ങളാണ്‌. എങ്കിലും ഇവയുടെ വലുപ്പം കൊണ്ടുനടക്കുന്നത് എളുപ്പമല്ലാത്തതാക്കി. ഈ സാഹചര്യത്തിലാണ് USB എന്ന ആശയവുമായി ഏഴ് കമ്പനികള്‍ കൈകോര്‍ക്കുന്നത്.

 

കോം‍പാക്ക്, ഡി‍ഇ‍സി, ഐ‍ബി‍എം, ഇന്‍റെല്‍, മൈക്രോസോഫ്റ്റ്, എന്‍ഇ‍സി, നോര്‍ട്ടല്‍ എന്നീ കമ്പനികളാണ്‌ 1994-ല്‍ ഒരുമിച്ചത്. നിലവില്‍ കമ്പ്യൂട്ടറിലേക്ക് ഘടിപ്പിക്കുന്ന അനേകം ബാഹ്യ ഡിവൈസുകളില്‍ നിന്ന് ഒരെണ്ണം മാനകമാക്കാനും വളരെ എളുപ്പത്തില്‍ അതിനെ കമ്പ്യൂട്ടറിലേക്ക് ഘടിപ്പിക്കാനും പറ്റിയ വഴി കണ്ടെത്തുകയായിരുന്നു ഈ സഹകരണത്തിന്‍റെ ഉദ്ദേശ്യം. അവസാനം അങ്ങിനെയൊന്ന് ഇന്‍റെല്‍ വികസിപ്പിച്ചെടുത്തു. അതാണ്‌ നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന USB അല്ലെങ്കില്‍ പെന്‍ ഡ്രൈവ്.


USB-യുടെ ആദ്യ പതിപ്പ് 1.0 ആയിരുന്നു. ഇത് ഉപയോഗിച്ചാല്‍ ഒരു സെക്കന്‍റില്‍ 12 എം‍ബി ഡാറ്റാ കൈമാറാം. തുടര്‍ന്ന് 1998 സെപ്തംബറില്‍ 1.1 പതിപ്പ് വിപണിയിലെത്തി. തുടര്‍ന്ന് പല പതിപ്പുകളിലൂടെ കടന്നു പോയ USB-യുടെ ഏറ്റവും പുതിയ പതിപ്പ് 3.0 ആണ്‌. 2000-ല്‍ പുറത്തിറങ്ങിയ 2.0 പതിപ്പിനേക്കാള്‍ 10 മടങ്ങ് വേഗത്തിലാണ്‌ 3.0 പതിപ്പ് പ്രവര്‍ത്തിക്കുക. 2015-ഓടെ എല്ലാ കമ്പ്യൂട്ടറുകളില്‍ USB 3.0 പതിപ്പിന്‌ ആവശ്യമായ പോര്‍ട്ടുകളോടെ ആയിരിക്കും വിപണിയില്‍ എത്തുക. ഇപ്പോള്‍ തന്നെ ഈ ‘സൂപ്പര്‍ സ്പീഡ്’ USB പതിപ്പ് 2 ബില്യണ്‍ ആളുകള്‍ വാങ്ങിക്കഴിഞ്ഞിട്ടുണ്ട്.


2008-ലാണ്‌ USB സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്‍ പുതിയ USB 3.0 സ്പെസിഫിക്കേഷന്‍ പുറത്തിറക്കിയത്. നിലവില്‍ ഒരു ‘ഹൈ ഡെഫിനിഷന്‍’ സിനിമ കമ്പ്യൂട്ടറില്‍ നിന്ന് USB-യിലേക്കോ തിരിച്ചോ പകര്‍ത്തുമ്പോള്‍ പത്ത് മിനിറ്റുകള്‍ വരെ എടുക്കാം. എന്നാല്‍ 3.0 പതിപ്പ് ഉപയോഗിച്ചാല്‍ 80 സെക്കന്‍റുകള്‍ക്കുള്ളില്‍ സിനിമ പകര്‍ത്താം. ഇപ്പോള്‍ മനസിലായല്ലോ, USB 3.0 പതിപ്പിന്‍റെ വേഗത? ഇത് മാത്രമല്ല, മറ്റ് USB പതിപ്പുകളേക്കാള്‍ ഊര്‍ജ്ജോപയോഗവും ഈ പതിപ്പിന്‌ കുറവാകും.

Read More on....