പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം – വിന്‍ഡോസ് 8.0
മുഴുവന്‍ ലോകവും ഒരു സാങ്കേതികവിദ്യാ മാറ്റത്തിന് കാത്തിരിക്കുകയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സാങ്കേതികവിദ്യാ വിദഗ്ധരും കോര്‍പ്പറേറ്റുകളും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാത്തിരിപ്പിന് അവസാനമെന്നോണം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വികസനഘട്ടത്തിലുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് താല്‍ക്കാലികമായി ‘വിന്‍ഡോസ് 8.0’ എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്തുതന്നെ ഇത് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വികസനഘട്ടത്തിലിരിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രത്യേകതകളെല്ലാം ഹാര്‍ഡ്‌വെയര്‍ പാര്‍ട്ട്‌ണര്‍മാരുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. ‘വിന്‍ഡോസ് 8’ എന്ന് രഹസ്യപ്പേരിട്ടിട്ടുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ നൂതന സവിശേഷതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് സമ്പന്നമായ കമ്പ്യൂട്ടിംഗ് അനുഭവം പകരുകയാണ് മൈക്രോസോഫ്റ്റിന്‍റെയും പാര്‍ട്ട്‌ണര്‍മാരുടെയും ലക്‌ഷ്യം. ‘ടച്ച്’ (സ്പര്‍ശം) അടിസ്ഥാനമാക്കിയുള്ള, ടാബ്‌ലറ്റ് പിസികള്‍ അടക്കമുള്ള, ഹാര്‍ഡ്‌വെയറുകള്‍ക്ക് ഉതകുന്ന തരത്തിലാണ് ‘വിന്‍ഡോസ് 8’ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്.
ആര്‍ക്കിടെക്ച്ച്വര്‍ (x86 അല്ലെങ്കില്‍ എആര്‍എം അടിസ്ഥാനമാക്കിയത്) എന്തുമാകട്ടെ, വിന്‍ഡോസ് 8.0 അവയിലൊക്കെയും പ്രവര്‍ത്തിക്കും. ഹാര്‍ഡ്‌വെയറും മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8.0-യും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി എഎംഡി, ഇന്‍റെല്‍ കോര്‍പ്പറേഷന്‍, എന്‍വിഡിയ കോര്‍പ്പ്, ക്വാല്‍കോം ഇന്‍ക്, ടെക്സാസ് ഇന്‍സ്‌ട്രുമെന്‍റ്‌സ് ഇന്‍ക് തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ അടുത്ത വര്‍ഷം ജനുവരി തൊട്ട് മൈക്രോസോഫ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
ഉപയോക്തൃ അനുഭവം സമ്പന്നമാക്കുക എന്നതാണ് വിന്‍ഡോസ് 8.0 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ മൈക്രോസോഫ്റ്റ് വിഭാവനം ചെയ്യുന്നത്. അതായത്, വിന്‍ഡോസിന്‍റെ ഡിസൈന്‍ അപ്പാടെ മാറുകയാണെന്ന് സാരം. ഡെവലപ്പര്‍മാര്‍ വെബ് ടെക്‌നോളജികളായ HTML5, ജാവാസ്ക്രിപ്റ്റ് എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ക്കായി ഉണ്ടാക്കിയെടുക്കുന്ന ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് 8.0-യില്‍ പ്രവര്‍ത്തിക്കും.
ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് മൈക്രോസോഫ്റ്റ് അവസരം നല്‍കുന്നുണ്ട്. ഇതിനായി ഒരു ഡെവലപ്പര്‍ കോണ്‍ഫറന്‍സ് തന്നെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച് കഴിഞ്ഞു. “ബില്‍ഡ്” എന്ന് പേരിട്ടിരിക്കുന്ന ഈ കോണ്‍ഫറന്‍സിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു