വിന്‍ഡോസ് ഫോണിന് ആപ്ലിക്കേഷന്‍ ഉണ്ടാക്കണോ?
നിങ്ങളൊരു ഡവലപ്പര്‍ ആണോ? മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ഹരമാണോ? നോക്കിയ, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് എന്ന പോലെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈലിനും നിങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാം. വിന്‍ഡോസ് മൊബൈലിന് എങ്ങിനെ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാം എന്ന് നമുക്ക് ഈ ലേഖനത്തിലൂടെ മനസിലാക്കാം.
എന്താണ് വിന്‍ഡോസ് ഫോണ്‍, എന്താണ് വിന്‍ഡോസ് മൊബൈല്‍?
സ്മാര്‍ട്ട്‌ഫോണുകളിലും മറ്റ് മൊബൈല്‍ ഉപകരണങ്ങളിലും ഉപയോഗപ്പെടുത്തുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോമാണ് വിന്‍ഡോസ് ഫോണ്‍. വിന്‍ഡോസ് മൊബൈല്‍ 6.5 പതിപ്പ് വരെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ വിന്‍ഡോസ് മൊബൈല്‍ എന്നാണ് വിളിച്ചിരുന്നത്. വിന്‍ഡോസ് ഫോണ്‍ 7 പതിപ്പ് ലഭ്യമായതോടെ വിന്‍ഡോസ് മൊബൈല്‍ എന്ന പേര് വിന്‍ഡോസ് ഫോണ്‍ എന്നാക്കി മൈക്രോസോഫ്റ്റ് മാറ്റുകയായിരുന്നു.
ടൂളുകള്‍ എവിടെ ലഭിക്കും?
വിന്‍ഡോസ് ഫോണിനും എക്‌സ്‌ബോക്‌സ് 360-ക്കും ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ ടൂളുകളും മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ ഹബ് (http://create.msdn.com/en-US/) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ടൂളുകള്‍ ഡൌണ്‍ലോഡ് ചെയ്യാനായി ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിന്‍ഡോസ് ഫോണ്‍, എക്‌സ്‌ബോക്‌സ് 360 എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും വില്‍ക്കുകയും നിങ്ങള്‍ക്ക് ചെയ്യാം. വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസിലൂടെയും എക്‌സ്‌ബോക്‌സ് ലൈവ് മാര്‍ക്കറ്റ്‌പ്ലേസിലൂടെയും വികസിപ്പിച്ചടുത്ത ആപ്ലിക്കേഷനുകള്‍ സൌജന്യമായോ വിലയ്ക്കോ നിങ്ങള്‍ക്ക് വിതരണം ചെയ്യാം.
ടൂള്‍ കിറ്റില്‍ എന്തൊക്കെ ഉണ്ടായിരിക്കും?
മൈക്രോസോഫ്റ്റ് ഡവലപ്പ്‌മെന്റ് ടൂളുകള്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ടൂളുകള്‍ ഉണ്ടായാലും ഇല്ലെങ്കിലും, നിങ്ങള്‍ക്ക് ആവശ്യമായ കോമ്പണന്റുകള്‍ മാത്രം നല്‍കിക്കൊണ്ട് മൈക്രോസോഫ്റ്റിന്റെ ‘സ്മാര്‍ട്ട് ഇന്‍സ്റ്റാളര്‍’ നിങ്ങളെ സഹായിക്കും. സില്‍വര്‍ലൈറ്റും എക്‌സ്‌എന്‍എ ഫ്രെയിംവര്‍ക്കും ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ആപ്ലിക്കേഷനുകളും ഗെയിംസും ഉണ്ടാക്കാനുള്ള പ്രൊജക്റ്റ് ടെമ്പ്ലേറ്റുകളും നിങ്ങള്‍ക്ക് ലഭിക്കും. ഒരൊറ്റ വരി കോഡുപോലും എഴുതാതെ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മൈക്രോസോഫ്റ്റ് എക്‌സ്പ്രഷന്‍ ബ്ലെന്‍ഡും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒരു സമ്പൂര്‍ണ ഇന്‍സ്റ്റളേഷന്‍ പാക്കേജില്‍ ഇനി പറയുന്നവ ഉണ്ടാകും - വിഷ്വല്‍ സ്റ്റുഡിയോ 2010 എക്സ്‌പ്രസ്, വിന്‍ഡോസ് ഫോണ്‍ എമുലേറ്റര്‍, സില്‍വര്‍ലൈറ്റ്, എക്‌സ്‌എന്‍എ ഗെയിം സ്റ്റുഡിയോ 4.0, മൈക്രോസോഫ്റ്റ് എക്‌സ്പ്രഷന്‍ ബ്ലെന്‍ഡ് ഫോര്‍ വിന്‍ഡോസ് ഫോണ്‍, ഡോട്ട് നെറ്റ് ഫ്രെയിംവര്‍ക്ക് 4.
സഹായം വേണമെങ്കില്‍?
മൈക്രോസോഫ്റ്റ് ഡവലപ്പ്‌മെന്റ് ടൂളുകളെ പറ്റി നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല. ആപ്ലിക്കേഷന്‍ ഹബ് വെബ്സൈറ്റിലെ ‘ഗെറ്റിംഗ് സ്റ്റാര്‍ട്ടഡ് ഗൈഡ്’ എന്ന വിഭാഗത്തില്‍ പോവുകയാണെങ്കില്‍ ടൂളുകള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ ലഭിക്കും. ഇവിടെ ഡോക്യുമെന്റേഷനുകളും ട്യൂട്ടോറിയലുകളും വീഡിയോകളും അടക്കം ഒട്ടനവധി സഹായ വിഭവങ്ങള്‍ ലഭ്യമാണ്. ഇത് മാത്രമല്ല, നിങ്ങളെ സഹായിക്കുക. ഫോറങ്ങളും ബ്ലോഗുകളും ട്വിറ്റര്‍ അക്കുണ്ടുകളും നിങ്ങളുടെ സഹായത്തിനുണ്ട്.
ഉണ്ടാക്കിയ ആപ്ലിക്കേഷനുകള്‍ എന്തുചെയ്യാം?
ആപ്ലിക്കേഷന്‍ ഹബില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കൊരു ഡാഷ്‌ബോര്‍ഡ് ലഭിക്കും. ഇതിലൂടെ ഉണ്ടാക്കിയ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ ഹബിന് സമര്‍പ്പിക്കാം. ‘സര്‍ട്ടിഫിക്കേഷന്‍’ അല്ലെങ്കില്‍ ‘പീര്‍-ടു-പീര്‍’ നടപടിക്രമം കഴിഞ്ഞതിന് ശേഷം മാത്രമേ നിങ്ങളുടെ ആപ്ലിക്കേഷന്‍ ലിസ്റ്റ് ചെയ്യൂ എന്നറിയുക. അംഗീകാരം (സര്‍ട്ടിഫിക്കേഷന്‍) കിട്ടിക്കഴിഞ്ഞാല്‍, മുകളില്‍ പറഞ്ഞത് പോലെ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്‌പ്ലേസിലൂടെയും എക്‌സ്‌ബോക്‌സ് ലൈവ് മാര്‍ക്കറ്റ്‌പ്ലേസിലൂടെയും വികസിപ്പിച്ചടുത്ത ആപ്ലിക്കേഷനുകള്‍ സൌജന്യമായോ വിലയ്ക്കോ നിങ്ങള്‍ക്ക് വിതരണം ചെയ്യാം.