വിവരസാങ്കേതികവിദ്യ നമ്മെ നയിക്കുന്നത് എങ്ങോട്ട്?

 

 

ഉപയോഗിക്കുന്ന സം‍വിധാനത്തിന്‍റെ ഭൌതിക സ്ഥാനത്തെ പറ്റിയോ കോണ്‍ഫിഗറേഷനെ പറ്റിയോ ബേജാറാകാതെ അന്തിമ ഉപയോക്താവിന് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‌വെയര്‍, ഡാറ്റാ ആക്സസ്, സ്റ്റോറേജ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന പുതിയ വിവരസാങ്കേതികവിദ്യാ രീതിയാണ് ക്ലൌഡ് കമ്പ്യൂട്ടിംഗെന്ന് വായനക്കാര്‍ അറിയുമായിരിക്കാം. ക്ലൌഡ് കമ്പ്യൂട്ടിംഗ് ഇപ്പോള്‍ പ്രാരംഭദിശയില്‍ ആണെങ്കിലും ഇതിനകം തന്നെ അതിന്‍റെ ഗുണഫലങ്ങള്‍ നമ്മള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 

മൈക്രോസോഫ്റ്റും യാഹുവും ഗൂഗിളുമൊക്കെ നല്‍കുന്ന ഓണ്‍ലൈന്‍ ഇമെയില്‍, ഓണ്‍ലൈനായി ഡാറ്റ സംഭരിക്കാനും എവിടെനിന്നും ഏത് പ്ലാറ്റ്‌ഫോമില്‍ നിന്നും അത് ആക്സസ് ചെയ്യാനും വിവിധ സൈറ്റുകള്‍ നല്‍കിവരുന്ന സൌകര്യം, വെര്‍ച്ച്യുല്‍ ഓഫീസ് എന്നിവയൊക്കെ ക്ലൌഡ് കമ്പ്യൂട്ടിംഗിന്‍റെ നാം അനുഭവിക്കുന്ന ഗുണഫലങ്ങളാണ്.

 

ഇപ്പോഴിതാ ക്ലൌഡ് കമ്പ്യൂട്ടിംഗും കടന്ന് വിവരസാങ്കേതികവിദ്യ കുതിക്കുകയാണ്. മൈക്രോസോഫ്റ്റിന്‍റെ നിരീക്ഷണത്തില്‍ ‘ഇന്‍റലിജന്‍റ് സിസ്റ്റ’ങ്ങളാണ് വിവരസാങ്കേതികവിദ്യയുടെ അടുത്ത പടി. എംബഡഡ് ഡിവസുകളാണ് (ബില്‍ട്ട്-ഇന്‍ മൈക്രോ പ്രോസസറും ഫേം‍വെയറും ഉള്ള ഹാര്‍ഡ്‌വെയര്‍) ഈ ഇന്‍റലിജന്‍റ് സിസ്റ്റങ്ങള്‍ക്ക് ശേഷി പകരുക. ഫോണുകള്‍, പിസികള്‍, സെര്വറുകള്‍ എന്നിവയുടെയൊക്കെ വില്‍പനയേക്കാള്‍ എംബഡഡ് ഡിവൈസുകളുടെ വില്‍പന വരും കാലങ്ങളില്‍ തകൃതിയായി നടക്കുമെന്ന് വിവരസാങ്കേതികവിദ്യാ വിദഗ്ധരും പറയുന്നു.

 

എന്തിനോടും എംബഡഡ് ഡിവൈസുകള്‍ ഘടിപ്പിച്ച്, ക്ലൌഡ് കമ്പ്യൂട്ടിലേക്ക് ബന്ധിപ്പിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ്‌ വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, സോഡ നിര്‍മിക്കുന്ന ഒരു കമ്പനി, അവര്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാ സോഡാ ബോട്ടിലുകളിലും എംബഡഡ് ഡിവൈസുകള്‍ ഘടിപ്പിച്ചാല്‍, ഏതൊക്കെ തെരുവുകളിലാണ് അവരുടെ സോഡ കൂടുതലായോ കുറവായോ ഉപയോഗിക്കുന്നത് എന്ന സൂക്ഷ്മമായ കണക്ക് വരെ എടുക്കാന്‍ കഴിയും.

 

ഇത് സാധ്യമാണോ എന്ന് ചോദ്യമുയരാം. കണക്കുകള്‍ വച്ച് പരിശോധിക്കുകയാണെങ്കിഒല്‍ മൈക്രോപ്രോസസറുകളുടെ വില അനുദിനം കുറഞ്ഞ് വരുന്നതായി കാണാം. കുറച്ചുകാലം കൂടി കാത്തിരിക്കുകയാണെങ്കില്‍ ഏത് ഉല്‍പന്നത്തിലും എംബഡഡ് ഡിവൈസ് ഘടിപ്പിക്കുക ഒരു അപ്രായോഗികമായ കാര്യമാകില്ല. 
     
ഇനി എങ്ങനെയാണ് ഇന്‍റലിജന്‍റ് സിസ്റ്റങ്ങള്‍ രൂപപ്പെടുന്നത് എന്ന് നോക്കാം. ഇപ്പോള്‍ തന്നെ ക്ലൌഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ തരുന്ന സംഭരണ ശേഷിയും വിശകലന ശേഷിയും നമ്മുടെ ഭാവനയ്ക്ക് അതീതമാണ്. എംബഡഡ് ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഡാറ്റാവെയര്‍ഹൌസുകളിലേക്ക് എത്തുന്ന കാര്യം ചിന്തിച്ച് നോക്കൂ. ഈ വിവരഡാറ്റയെല്ലാം സോഫ്റ്റ്‌വെയര്‍ വിശകലനം ചെയ്യുകയും മറഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്തുകയും ചെയ്യും.

 

വ്യക്തിഗത ബയിംഗ് ശീലങ്ങള്‍, പ്രദേശമനുസരിച്ചുള്ള എണ്ണയുപയോഗം എന്ന് തുടങ്ങി ബിസിനസ് ഇന്‍റലിജന്‍സ് മെച്ചപ്പെടുത്താന്‍ പാകത്തിലുള്ള വിശകലനമാണ് നടക്കുക. ബിസിനസ് പരമായി മാത്രമല്ല, എല്ലാ മേഖലകളിലും ഇത്തരം ഇന്‍റലിജന്‍സ് നല്‍കാന്‍ ഈ സംവിധാനത്തിനാകും. അതുകൊണ്ടാണ്  ഇന്‍റലിജന്‍സ് സിസ്റ്റം എന്ന് ഇതിനെ വിളിക്കുന്നത്. വിവരസാങ്കേതികവിദ്യ മുന്നോട്ട് കുതിക്കുന്നത് ഇത്തരം ഇന്‍റലിജന്‍സ് സിസ്റ്റങ്ങളിലേക്കാണ് എന്ന് നിസം‍ശയം പറയാം.  

Read More on....