ഇനി വായന ഇ-വായന - പുസ്തകനിരൂപണം
കടലാസില്‍ അച്ചടിച്ച് വരുന്ന പുസ്തകങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പ്രഭാവത്തില്‍ മരിക്കുമോ? ബുക്ക് ഡിപ്പോയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്ന കാലം അസ്തമിക്കാറായോ? നമ്മുടെ വായനയെ കമ്പ്യൂട്ടര്‍ മോണിറ്ററുകളും മൊബൈല്‍ ഫോണിന്റെ ചെറിയ ഡിസ്പ്ലേ ജാലകവും പിടിച്ചടക്കിത്തുടങ്ങിയിരിക്കുന്ന ഈ സൈബര്‍ യുഗത്തില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രസക്തങ്ങളാണ്. ഇപ്പോഴിതാ ഇ-ബുക്കുകളും വന്നെത്തിക്കഴിഞ്ഞു. നമ്മുടെ വായനാരീതിയില്‍ വിവരസാങ്കേതികവിദ്യ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുകയാണ് വി.കെ. ആദര്‍ശിന്റെ 'ഇനി വായന ഇ-വായന' എന്ന പുതിയ പുസ്തകം.
വായനയ്ക്കായി ഇലക്‌ട്രോണിക് ഉപാധികളെ ആശ്രയിക്കുമ്പോള്‍ വായന ‘ഇലക്‌ട്രോണിക് വായന’യായി മാറുന്നു. അത് ചുരുക്കിപ്പറഞ്ഞാല്‍ ‘ഇ-വായന’യാകുന്നു. ചുരുക്കത്തില്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുസ്തകത്തെ ഇലക്‌ട്രോണിക് കോപ്പിയായി സൂക്ഷിച്ച് വച്ച് കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ വായിക്കുന്ന രീതിയാണ് ഇ- വായന.
ഇ-വായനയില്‍ വായിക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം. വായനക്കാര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍, വലിപ്പത്തില്‍, ഫോണ്ടുകള്‍ നിരത്താം. പശ്ചാത്തലത്തില്‍ ചിത്രങ്ങളോ, ഗ്രാഫുകളോ ഉപയോഗിക്കാം. അടയാളപ്പെടുത്തലുകള്‍ ആവശ്യാനുസരണം നടത്താം. ഇ- ബുക്ക് റീഡര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് പരതാം. സംഗീതം ആസ്വദിക്കാം. വായനക്കിടയില്‍ വാക്കിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ സാഹചര്യമറിയണമെങ്കില്‍ ഒരു ക്ലിക്കിന്റെ ആവശ്യം മാത്രം. ഇവിടെ വായനക്കാരന്‍ വിപണിയിലെ രാജാവാകുന്നു.
പുതിയ വായനാ സംസ്കാരമായ ഇ-ബുക്കുകളെയും ഇ- ബുക്ക് റീഡറുകളെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇ-ബുക്ക് റീഡറുകള്‍ പതുക്കെപ്പതുക്കെ പ്രചാരം നേടി വരുന്നതേയുള്ളൂ. അധികം താമസിക്കാതെ പുസ്‌തകവിപണി ഇ-ബുക്കുകള്‍ കയ്യടക്കും എന്ന് കരുതുന്നതില്‍ തെറ്റില്ല.
അച്ചടി പുസ്തകങ്ങളുടെ സ്ഥാനത്ത് വിവരസാങ്കേതികവിദ്യ തുറന്നുതരുന്ന വായനാ സാധ്യതകളെ പറ്റിയുള്ള രസകരമായ പഠനമാണ് ഈ പുസ്തകം. ഒപ്പം ബ്ലോഗ്, വിക്കിപീഡിയ, ഡിജിറ്റല്‍ ലൈബ്രറികള്‍ തുടങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിജ്ഞാന സ്രോതസുകളെ ഇതില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഡിസി ബുക്സിന്റെ ഐടി സീരീസിലാണ് ‘ഇനി വായന ഇ-വായന’ പുറത്തിറങ്ങിയിരിക്കുന്നത്. ഡോക്‌ടര്‍ ബി ഇക്‍ബാല്‍ ജനറല്‍ എഡിറ്ററായ ഐടി പരമ്പരയിലെ ഈ പുസ്തകത്തിന് വില 75 രൂപയാണ്. 116 പേജുകളുണ്ട്.
ശാസ്ത്രവിഷയങ്ങളും വിവരസാങ്കേതികവിദ്യയും സാമാന്യവായനാക്കാര്‍ക്ക് ഹൃദ്യമായ വായനാനുഭവമാക്കുന്ന എഴുത്തുകാരനാണ് വി.കെ. ആദര്‍ശ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള വി.കെ ആദര്‍ശ് വിവിധ പ്രസിദ്ധീകരണങ്ങളില്‍ ശാസ്ത്ര സാങ്കേതിക ലേഖനങ്ങള്‍ എഴുതിവരുന്നു. ‘ഇനി വായന ഇ വായന’ എന്ന പുസ്തകത്തിന് പുറമെ ‘ഇ-മലിനീകരണം’, ‘വരൂ നമുക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം’ എന്നീ പുസ്തകങ്ങളും ആദര്‍ശ് രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്ചററായി പ്രവര്‍ത്തിക്കുന്നു.