സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ്, ട്വിറ്റര്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് - മൈക്രോബ്ലോഗിംഗ് സേവനങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റാണ് ട്വിറ്റര്‍ (twitter.com). ‘ട്വീറ്റ്’ എന്ന് അറിയപ്പെടുന്ന സന്ദേശം അയയ്ക്കാനും മറ്റുള്ളവര്‍ എഴുതുന്ന സന്ദേശങ്ങള്‍ കാണാനും ട്വിറ്റര്‍ അനുവദിക്കുന്നു. പദോപയോഗമിതത്വം തന്നെയാണ് ട്വിറ്ററിന്‍റെ അനന്യത. 140 പ്രതീകങ്ങള്‍ മാത്രമേ ഒരു സന്ദേശത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. സ്വതവേ, എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന രീതിയിലാണ് ട്വീറ്റുകള്‍ പ്രദര്‍ശിപ്പിക്കുക. എന്നാല്‍, ഉപയോക്താവിന് വേണമെങ്കില്‍ ട്വീറ്റുകള്‍ സ്വകാര്യമാക്കാം. മറ്റ് ഉപയോക്താക്കളുടെ ട്വീറ്റുകള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യുകയുമാകാം. സബ്‌സ്‌ക്രൈബ് ചെയ്യുന്നവരെ ‘ഫോളോ’ ചെയ്യുന്നവര്‍ എന്നാണ് വിളിക്കുക.
ജാക്ക് ഡോര്‍സി, ഇവാന്‍ വില്യംസ്, ബിസ് സ്റ്റോണ്‍ എന്നിവര്‍ 2006-ല്‍ ആരംഭിച്ചതാണ് ട്വിറ്റര്‍. വളരെ പെട്ടെന്ന് തന്നെ ഈ മൈക്രോബ്ലോഗിംഗ് രീതി ജനകീയമായി. ഇപ്പോള്‍ 175 മില്യണ്‍ ഉപയോക്താക്കള്‍ ട്വിറ്ററിനുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ട്വിറ്ററിനെ ചിലപ്പോള്‍ ‘ഇന്‍റര്‍നെറ്റിലെ എസ്‌എംഎസ്’ എന്ന് വിശേഷിപ്പിക്കാറുണ്ട്. സാന്‍ ഫ്രാന്‍സിസ്കോയാണ് ട്വിറ്ററിന്‍റെ ആസ്ഥാനം.
ഉപയോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞുള്ള സംവിധാനങ്ങളാണ് ട്വിറ്ററില്‍ ഉള്ളത്. മറ്റൊരാളുടെ ട്വീറ്റ് ഇഷ്ടപ്പെട്ടാല്‍ അത് ‘റീട്വീറ്റ്’ (RT) ചെയ്യാനുള്ള സൌകര്യം അതിലൊന്നാണ്. സന്ദേശത്തിലെ ഏതെങ്കിലും പദത്തിന് മുന്നില്‍ ഹാഷ്‌ടാഗ് (#) ഉപയോഗിക്കുക വഴി, നിങ്ങള്‍ക്കത് തിരയല്‍ ഡാറ്റാബേസിലേക്ക് മാറ്റാം. പിന്നീട്, ആരെങ്കിലും ആ പദം തിരയുമ്പോള്‍ നിങ്ങളുടെ ട്വീറ്റും തിരയല്‍ ഫലമായി വരും.
ഉറച്ച ഒരു ബിസിനസ് മോഡലിലല്ല ട്വിറ്റര്‍ കെട്ടിപ്പൊക്കിയിരിക്കുന്നത് എന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മൈക്രോസോഫ്റ്റിന്‍റെ സെര്‍ച്ച് എഞ്ചിനായ ബിംഗും ഗൂഗിളും ട്വിറ്ററുമായി ബിസിനസ് കരാറില്‍ ഏര്‍പ്പെട്ടതോടെ ട്വിറ്റര്‍ വരുമാനമുണ്ടാക്കാന്‍ തുടങ്ങി. ഇപ്പോള്‍ ട്വിറ്റര്‍ അതിന്‍റെ യൂസര്‍ ഇന്‍റര്‍ഫേസില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ആദ്യ 10 സൈറ്റുകളില്‍ ഒന്നാണിപ്പോള്‍ ട്വിറ്റര്‍.