ഈ മൈക്രോസോഫ്റ്റ് യൂസര്‍മാര്‍ക്കൊരു സ്വപ്നമുണ്ട്
കേരളത്തില്‍ മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു സംഘടനയുണ്ട്, കേരള മൈക്രോസോഫ്റ്റ് യൂസേഴ്സ് ഗ്രൂപ്പ് (കെ-എംയുജി) എന്നാണതിന്‍റെ പേര്. മെയ് 19-ന് ഈ സംഘടന തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ചത് കേരളത്തിലെ ഏറ്റവും വലിയ മൈക്രോസോഫ്റ്റ് ടെക്ക് ഇവന്‍റെ എന്ന് വിളിക്കാവുന്ന ഒരു ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സാണ്. ഡെവ്‌കോണ്‍ 2012 എന്ന് പേരിട്ട ഈ കോണ്‍ഫറന്‍സിന്‍റെ സ്വപ്നം ഗ്രാമീണ ഇന്ത്യയെ സാങ്കേതികവിദ്യ കൊണ്ട് സമ്പന്നമാക്കുകയാണ്.
കമ്പ്യൂട്ടര്‍ കിയോസ്കുകള്‍ ഉടനീളം സ്ഥാപിച്ചിരിക്കുന്ന ഗ്രാമങ്ങളെ പറ്റി ഒന്ന് ചിന്തിച്ചുനോക്കൂ. പിന്തുണാ സേവനങ്ങള്‍ നല്‍കിക്കൊണ്ടും പുതിയ കാര്യങ്ങള്‍ പഠിക്കാനായി ഗ്രാമീണരെ സഹായിച്ചുകൊണ്ടും കാര്‍ഷികോല്‍പന്നങ്ങള്‍ ഇടനിലക്കാരുടെ ഇടപെടലില്ലാതെ നേരിട്ട് വില്‍ക്കുന്നതിന് ഗ്രാമീണരെ പ്രാപ്തമാക്കിക്കൊണ്ടും മികച്ച വൈദ്യപരിപാലനം നല്‍കിക്കൊണ്ടും ഈ കിയോസ്കുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഗ്രാമീണ ഇന്ത്യ അപ്പാടെ മാറുകയില്ലേ? മൈക്രോസോഫ്റ്റ് ഉപയോക്താക്കളുടെ സംഘടന സംഘടിപ്പിച്ച ഡെവ്‌കോണില്‍ മുഴങ്ങിക്കേട്ട ചോദ്യമാണിത്.
സാങ്കേതികവിദ്യ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഗ്രാമീണ ഇന്ത്യയെ മാറ്റിമറിക്കുക എന്നത് മൈക്രോസോഫ്റ്റ് യൂസേഴ്സ് ഗ്രൂപ്പും ഐടി സേവന ദാതാവുമായ മാര്‍ലാബ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ണ്‍ഫറന്‍സിന്‍റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.
ഗ്രാമീണ മേഖലയ്ക്ക് ആശയവിനിമയം, വെര്‍ച്ച്വല്‍ വിദ്യാഭ്യാസം, ബാങ്കിംഗ്, കച്ചവടം, കൃഷി, മെഡിക്കല്‍ പിന്തുണ എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കമ്യൂണിറ്റി പോര്‍ട്ടലുകള്‍ക്കുള്ള പങ്കിനെ പറ്റിയും കോണ്‍ഫറന്‍സ് വിശദമായി ചര്‍ച്ച ചെയ്തു.
ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായി പരമ്പരാഗതമായ വിജ്ഞാനവും സംസ്കാരവും വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ഈ വെല്ലുവിളി നേരിടാന്‍ കമ്യൂണിറ്റി പോര്‍ട്ടലുകള്‍ക്ക് ആകുമെന്നും മാര്‍ലാബ്‌സിന്‍റെ ചീഫ് ഡെലിവറി ഓഫീസര്‍ അനില്‍കുമാര്‍ രാഘവന്‍ പിള്ള പറഞ്ഞു.
ഗ്രാമാന്തരങ്ങളില്‍ ഉടനീളം കിയോസ്കുകള്‍ സ്ഥാപിക്കുകയും ഗ്രാമീണര്‍ക്ക് അവ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുകയും ചെയ്താല്‍ ഇന്ത്യന്‍ ഗ്രാമീണ വ്യവസ്ഥതന്നെ മാറിമറിയും എന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയെ മാറ്റിമറിക്കുന്നതില്‍ ടാബ്‌ലറ്റുകള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്നും ലളിതമായ ആക്സസ് ഉള്ളതിനാല്‍ ടാബ്‌ലറ്റുകള്‍ ഗ്രാമപ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും വിലയിരുത്തുകയുണ്ടായി.
ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന വേണ്ടത്ര സാങ്കേതികസൌകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ‘കാമ്പസ് കണക്ട് പ്രോഗ്രാ’മുകളിലൂടെ ഓണ്‍ലൈന്‍ ആക്സസ് നല്‍കിക്കൊണ്ട് ശാക്തീകരിക്കാന്‍ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് മൈക്രോസോഫ്റ്റ് സമൂഹത്തോട് ഡെവ്‌കോണ്‍ കോണ്‍ഫറന്‍സ് അഭ്യര്‍ത്ഥിച്ചു.
മൈക്രോസോഫ്റ്റ് എംവിപികളും വിവരസാങ്കേതികവിദ്യാ രംഗത്തെ മറ്റ് പല പ്രമുഖരുമായും ആശയവിനിമയം നടത്താന്‍ കോണ്‍ഫറന്‍സില്‍ അവസരമുണ്ടായിരുന്നു. മൈക്രോസോഫ്റ്റില്‍ നിന്നുള്ള മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണിനെ കുറിച്ചും മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8-നെ പറ്റിയും പ്രത്യേകം സെഷനുകള്‍ ഉണ്ടായിരുന്നു.ഉണ്ടായിരുന്നു.
“വിന്‍ഡോസ് ഫോണ്‍ സെഷനുകള്‍ പല ഡോട്ട് നെറ്റ് ഡെവലപ്പര്‍മാര്‍ക്കും നല്ലൊരു അനുഭവം പകര്‍ന്നുകാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ടെക്കികള്‍ക്കായി ഞങ്ങള്‍ മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8-ന്‍റെ പ്രിവ്യൂവും ഒരുക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വില പേപ്പറുകള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുകയും ഏറ്റവും മികച്ച ഒരെണ്ണത്തിന് മൈക്രോസോഫ്റ്റ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സമ്മാനമായി നല്‍കുകയും ചെയ്തു” – സംഘാടകരില്‍ ഒരാളായ ശ്രീജുമോന്‍ കെപി പറയുന്നു.
കേരളത്തില്‍ മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ ആദ്യമായി ആരംഭിച്ച (2001-ല്‍) സംഘടനയായ തിരുവനന്തപുരം മൈക്രോസോഫ്റ്റ് യൂസേഴ്സ് ഗ്രൂപ്പാണ് പിന്നീട് കെ-എംയുജി ആയി മാറിയത്. കെ-എംയുജി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത് എംപി വീരേന്ദ്രകുമാറാണ് (പാര്‍ലിമെന്‍റ് മെംബര്‍). 2008-ല്‍ ആരംഭിച്ച കെ-എംയുജിയുടെ സൈറ്റ് http://k-mug.org/ ആണ്. കെ-എംയുജിക്ക് കമ്യൂണിറ്റി കൌണ്‍സില്‍ കൂടാതെ ഒരു സ്റ്റുഡന്‍റ് ചാപ്റ്ററും ഉണ്ട്.